സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: കോവിഡ് -19 ലോക് ഡൗണിനെ തുടര്‍ന്ന് അടച്ച ആരാധനാലയങ്ങള്‍, ഷോപ്പിംഗ് മാളുകള്‍, റെസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍ എന്നി...
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: കോവിഡ് -19 ലോക് ഡൗണിനെ തുടര്‍ന്ന് അടച്ച ആരാധനാലയങ്ങള്‍, ഷോപ്പിംഗ് മാളുകള്‍, റെസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍ എന്നിവ ക്രമേണ തുറക്കാന്‍ അനുവദിക്കുന്ന പുതിയ നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
ജൂണ്‍ എട്ടു മുതല്‍ പ്രാബല്യത്തില്‍ വരുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ആരാധനാലയങ്ങളില്‍ വിഗ്രഹങ്ങള്‍ തൊടാതിരിക്കുക തുടങ്ങി നിരവധി നിര്‍ദ്ദേശങ്ങളുണ്ട്. കണ്ടെയ്ന്‍മെന്റ് സോണില്‍ എല്ലാ സ്ഥാപനങ്ങളും നേരത്തെ പ്രഖ്യാപിച്ചതുപോലെ അടച്ചിരിക്കും.
വഴിപാടുകള്‍ ഒഴിവാക്കണം. പ്രസാദം, കുങ്കുമം, തീര്‍ത്ഥം തുടങ്ങിയവ കര്‍ശനമായി നിരോധിച്ചു. തീര്‍ത്ഥം ഭക്തര്‍ക്കു മേല്‍ തളിക്കാനും പാടില്ല. ക്ഷേത്രങ്ങളില്‍ ഭജന ആലാപനം വേണ്ട, പകരം റെക്കോര്‍ഡുചെയ്ത സംഗീതം ആകാമെന്നും കേന്ദ്രം പുറത്തിറക്കിയ പുതിയ സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്നു.
ആരാധനലായങ്ങളില്‍ എത്തുന്നവര്‍ക്ക് പ്രവേശനത്തിനും പുറത്തിറങ്ങുന്നതിനും പ്രത്യേകം വഴി വേണം. ക്യൂവില്‍ നില്‍ക്കുമ്പോള്‍ എല്ലാ സമയത്തും കുറഞ്ഞത് ആറടി അടി വരെ ശാരീരിക അകലം പാലിക്കണം.
രോഗലക്ഷണമില്ലാത്ത ആളുകളെ മാത്രമേ ആരാധനാലയത്തില്‍ പ്രവേശിപ്പിക്കാവൂ. മതസ്ഥലത്ത് പ്രവേശിക്കുന്നതിനുമുമ്പ് കൈയും കാലും സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം. സാധാരണ പ്രാര്‍ത്ഥന പായകള്‍ ഒഴിവാക്കുകയും ആവശ്യമെങ്കില്‍ ഭക്തര്‍ കൊണ്ടുവരുകയും വേണം.
പ്രതിമകള്‍, വിഗ്രഹങ്ങള്‍, വിശുദ്ധ പുസ്തകങ്ങള്‍ എന്നിവ സ്പര്‍ശിക്കാന്‍ അനുവാദമില്ല. താപനില പരിശോധിക്കാന്‍ പ്രവേശന കവാടത്തില്‍ സംവിധാനം വേണം.
പാദരക്ഷകള്‍ വാഹനങ്ങളില്‍ വയ്ക്കണം. അതിനു
കഴിയുന്നില്ലെങ്കില്‍ തമ്മില്‍ തൊടാതെ വയ്ക്കണം. കുടുംബത്തിലെ അംഗങ്ങള്‍ള്‍ക്ക് ഒരുമിച്ച് പാദരക്ഷകള്‍ വയ്ക്കാം.
കൃത്യമായ ഇടവേളകളില്‍ ആരാധനാലയം കഴുകി അണുവിമുക്തമാക്കണം.
അണുബാധയ്ക്കെതിരായ സുരക്ഷാ നടപടികളുടെ ഭാഗമായി മതപരമായ വലിയ ഒത്തുചേരലുകളും ജനക്കൂട്ടമുണ്ടാകുന്ന ചടങ്ങുകള്‍ക്കുമുള്ള വിലക്ക് തുടരും.
കുട്ടികളും 65 വയസ് കഴിഞ്ഞവരും ആരാധനാലയങ്ങളില്‍ പോകരുത്. ആരാധനാലയങ്ങളില്‍ വരുന്നവര്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. കൊയറും പ്രാര്‍ത്ഥനാ സംഘങ്ങളും പാടില്ല.
കോണ്‍ടാക്റ്റ്‌ലെസ് മോഡ് ഓര്‍ഡറിംഗും ഡിജിറ്റല്‍ പേയ്മെന്റുകളും പ്രോത്സാഹിപ്പിക്കാന്‍ ഹോട്ടലുകളോടും റെസ്റ്റോറന്റ് ഉടമകളോടും ആവശ്യപ്പെട്ടു.
ഹോട്ടലുകളും ഹോസ്പിറ്റാലിറ്റി സേവന സ്ഥാപനങ്ങളും അതിഥിയുടെ യാത്രാചരിത്രത്തിന്റെയും മെഡിക്കല്‍ രേഖയും ഐഡിയും സ്വയം പ്രഖ്യാപന ഫോമും ഉറപ്പാക്കണം.
റൂമുകളിലേക്ക് അയയ്ക്കുന്നതിന് മുമ്പ് ലഗേജ് അണുവിമുക്തമാക്കണം. റൂം സേവനത്തിനായി അതിഥികളും ഇന്‍-ഹൗ സ് സ്റ്റാഫും തമ്മിലുള്ള ആശയവിനിമയം ഇന്റര്‍കോം / മൊബൈല്‍ ഫോണ്‍ വഴിയും റൂം സര്‍വീസിലൂടെയും ആക്കണം.
ഗെയിമിംഗ് ആര്‍ക്കേഡുകള്‍ / കുട്ടികള്‍ കളിക്കുന്ന സ്ഥലങ്ങള്‍ (ബാധകമായ ഇടങ്ങളിലെല്ലാം) അടച്ചിരിക്കണം.
റെസ്റ്റോറന്റുകള്‍ക്കായുള്ള പ്രോട്ടോക്കോളുകളില്‍, ഇരിപ്പിട ശേഷി 50 ശതമാനമായി പരിമിതപ്പെടുത്തി. തുണി നാപ്കിനുകള്‍ക്ക് പകരം ഡിസ്‌പോസബിള്‍ പേപ്പര്‍ നാപ്കിനുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കണം.
ഭക്ഷണം ഇരുത്തി കൊടുക്കുന്നതിനു പകരം ടേക്ക് എവേകളും ഹോം ഡെലിവറിയും പ്രോത്സാഹിപ്പിക്കാന്‍ റെസ്റ്റോറന്റുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഭക്ഷ്യ വിതരണം ചെയ്യുന്നവര്‍ പാക്കറ്റ് ഉപഭോക്താവിന്റെ വാതില്‍ക്കല്‍ വച്ചു പോകണം. ഭക്ഷണ പാക്കറ്റ് നേരിട്ട് ഉപഭോക്താവിന് കൈമാറരുത്. ഷോപ്പിംഗ് മാളുകളില്‍ കയറാനും ഇറങ്ങാനും വെവ്വേറെ വാതിലുകള്‍ വേണം
Keywords: Temples, Churches, Mall, Kerala, India, Covid 19
COMMENTS