അഭിനന്ദ് ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ വിഖ്യാതമായ ബദരീനാഥ് ക്ഷേത്രം ഇന്ന് പുലര്‍ച്ചെ നാലരയ്ക്കു തുറന്നു. പ്രധാന പുരോഹിതന്‍ കണ്ണൂര്‍ ചെറുതാ...
അഭിനന്ദ്
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ വിഖ്യാതമായ ബദരീനാഥ് ക്ഷേത്രം ഇന്ന് പുലര്‍ച്ചെ നാലരയ്ക്കു തുറന്നു. പ്രധാന പുരോഹിതന്‍ കണ്ണൂര്‍ ചെറുതാഴം ചന്ദ്രമന ഈശ്വര്‍ പ്രസാദ് നമ്പൂതിരി ഉള്‍പ്പെടെ 27 പേരെ മാത്രമേ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവദിച്ചുള്ളൂ.
കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചാണ് ക്ഷേത്രം തുറന്നത്. കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച കോവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശ പ്രകാരം ഭക്തര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവാദമില്ലെന്ന് ജോഷി മഠ് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് അനില്‍ ചന്യാല്‍ പറഞ്ഞു.
ക്ഷേത്ര കവാടം തുറക്കുന്ന ചടങ്ങ് രാവിലെ 4.30ന് ഈശ്വര്‍ പ്രസാദ് നമ്പൂതിരി ആചാരപ്രകാരം നടത്തി. ക്ഷേത്ര ബോര്‍ഡിലെ ചില അംഗങ്ങളും ദേവസ്ഥാനം ബോര്‍ഡ് അംഗങ്ങളും മാത്രമാണ് സന്നിഹിതരായിരുന്നത്.
ക്ഷേത്രം മുഴുവന്‍ ജമന്തിപ്പൂക്കള്‍ കൊണ്ട് അലങ്കരിച്ചിരുന്നു. പുരോഹിതന്മാര്‍ എല്ലാവരും മുഖംമൂടി ധരിച്ചാണ് ക്ഷേത്രത്തില്‍ പ്രവേശിച്ചത്.
ക്ഷേത്ര കവാടം തുറന്ന ശേഷം ആദ്യ പൂജ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പേരിലായിരുന്നു. മനുഷ്യരാശിയുടെ ക്ഷേമത്തിനു വേണ്ടിയായിരുന്നു പ്രധാനമന്ത്രി അപേക്ഷിച്ചിരുന്നതെന്നു ധാം ഭാരവാഹി ഭൂപാന്‍ ചന്ദ്ര ഉണിയാല്‍ പറഞ്ഞു. ക്ഷേത്രത്തില്‍ വരാന്‍ കഴിയാത്ത എല്ലാവരുടെയും സുരക്ഷയ്ക്കും നന്മയ്ക്കുമായി പ്രാര്‍ത്ഥനകള്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബദരീനാഥ് ക്ഷേത്രം ഏപ്രില്‍ 30 ന് തുറക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് -19 സൃഷ്ടിച്ച സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് നീട്ടിവയ്ക്കുകയായിരുന്നു.
അളകനന്ദാ നദിയുടെ ഇടത് കരയില്‍ നര്‍, നാരായണന്‍ എന്നീ പര്‍വതങ്ങള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന ബദരീനാഥ് ക്ഷേത്രം വിശ്വപ്രസിദ്ധമാണ്.
ഈശ്വര്‍ പ്രസാദ് നമ്പൂതിരിയെ കണ്ണൂരില്‍ നിന്നു ബാംഗ്‌ളൂരിലെത്തിച്ച്, അവിടെനിന്നു കര്‍ണാടക സര്‍ക്കാര്‍ താത്പര്യമെടുത്ത് ലക്‌നൗവിലെത്തിച്ചു. ലക്‌നൗവില്‍ നിന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഏര്‍പ്പെടുത്തിയ ഹെലികോപ്ടറിലാണ് അദ്ദേഹം ഡെറാഡൂണിലെത്തിയത്. അവിടെനിന്നു സൈന്യത്തിന്റെ സുരക്ഷയില്‍ കാര്‍ മാര്‍ഗം ബദരീനാഥിലെത്തി.
ബദരീനാഥ് ക്ഷേത്രത്തില്‍ 2014 മുതല്‍ ഈശ്വര്‍ പ്രസാദ് നമ്പൂതിരിയാണ് മുഖ്യപൂജാരി (റാവല്‍). റാവല്‍ നിത്യ ബഹ്മചാരിയായിരിക്കണം. തെഹ്രി ഗഢ് വാളിലെ രാജാവും സര്‍ക്കാര്‍ നിയന്ത്രണത്തിലുളള കമ്മിറ്റിയും ചേര്‍ന്നാണ് റാവലിനെ തിരഞ്ഞെടുക്കുന്നത്.
ഉത്തര കേരളത്തില്‍ നിന്നുളള നമ്പൂതിരിയായിരിക്കണം ബദരീനാഥിലെ പൂജാരിയെന്ന് ക്ഷേത്ര പുനഃപ്രതിഷ്ഠ നടത്തിയ ജഗദ്ഗുരു ആദിശങ്കരന്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ആ കീഴ്വഴക്കമാണ് ഇന്നും ബദരീനാഥില്‍ പിന്തുടരുന്നത്.
സംസാരിക്കുന്ന ഭഗവാനായാണ് റാവല്‍ജിയെ ഭക്തര്‍ കാണുന്നത്. പരശുരാമ സമ്പ്രദായപ്രകാരമുളള ചടങ്ങുകളാണ് ബദരീനാഥ് ക്ഷേത്രത്തില്‍ അനുഷ്ഠിക്കുന്നത്. ചൈന അതിര്‍ത്തിയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് ക്ഷേത്രം. അതുകൊണ്ടുതന്നെ പ്രദേശം പൂര്‍ണ്ണമായും ഇന്ത്യന്‍ കരസേനയുടെ നിയന്ത്രണത്തിലാണ്. ക്ഷേത്രപ്രദേശം ഉള്‍പ്പെടുന്ന ഗ്രാമങ്ങളുടെ പരമാധികാരിയായാണ് റാവല്‍ജിയെ ഇവിടുത്തുകാര്‍ കാണുന്നത്.
ആറുമാസത്തെ ശൈത്യകാല ഇടവേളയ്ക്ക് ശേഷം ഏപ്രില്‍ 29 ന് കേദാര്‍നാഥ് ക്ഷേത്രത്തിന്റെ കവാടങ്ങള്‍ തുറന്നിരുന്നു. അവിടെയും കൊറോണ വൈറസ് ലോക്ക്ഡൗണ്‍ കാരണം ഒരു തീര്‍ത്ഥാടകനെയും സന്ദര്‍ശിക്കാന്‍ അനുവദിച്ചിരുന്നില്ല.
തീര്‍ത്ഥാടകരില്ലാതെയാണ് ഇക്കുറി വാര്‍ഷിക പഞ്ച്മുഖി ഘോഷയാത്ര നടത്തിയത്. ചാര്‍ ധാം തീര്‍ത്ഥാടനത്തിന്റെ ഭാഗമായ ഈ യാത്ര സാധാരണയായി സൈന്യത്തിന്റെ കുമയൂണ്‍ ബറ്റാലിയന്റെ നേതൃത്വത്തിലാണ് നടത്തുക. പതിനായിരക്കണക്കിന് തീര്‍ത്ഥാടകര്‍ പങ്കെടുക്കാറുള്ള ചാര്‍ധാം യാത്രയ്ക്ക് ഇക്കുറി അഞ്ചു പേരെ മാത്രമാണ് അനുവദിച്ചത്.
Summary: The renowned Badrinath Temple in Uttarakhand was opened at 4 am today. Only 27 people were allowed to enter the temple, including the high priest Kannur Chandramana Ishwar Prasad Namboodiri. Joshimath sub-divisional magistrate Anil Chanyal said that the Covid guidelines issued by the central government do not allow devotees to enter the temple.
Keywords: The Badrinath Temple, Uttarakhand , Kannur, Chandramana Ishwar Prasad Namboodiri, Joshimath, Anil Chanyal
COMMENTS