സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: കേരള സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോരു രൂക്ഷമാകുന്നതിന്റെ സൂചന നല്കിക്കൊണ്ട്, ഭരണഘടന പ്രകാരം സംസ്ഥാന...
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: കേരള സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോരു രൂക്ഷമാകുന്നതിന്റെ സൂചന നല്കിക്കൊണ്ട്, ഭരണഘടന പ്രകാരം സംസ്ഥാനത്തിന്റെ അധിപന്‍ താന്‍ തന്നെയാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അടിവരയിട്ടു പറയുന്നു.
സര്‍ക്കാരിനു മുകളിലുള്ള റസിഡന്റല്ല ഗവര്‍ണര്‍ എന്ന് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. ഇതിനു മറുപടിയായാണ് ഗവര്‍ണറുടെ വാക്കുകള്‍.ഭരണഘടന അനുസരിച്ച് സംസ്ഥാനത്തിന്റെ അധിപന്‍ ഗവര്‍ണര്‍ തന്നെയാണ്. ഭരണഘടന പ്രകാരമുള്ള മര്യാദകള്‍ ബാധകമല്ലെന്നാണോ കേരള സര്‍ക്കാര്‍ വരുത്തിത്തീര്‍ക്കുന്നതെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ ചോദിക്കുന്നു.
തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനു മുകളിലല്ല ഗവര്‍ണറെന്ന് ഓര്‍ക്കണമെന്നായിരുന്നു പിണറായിയുടെ വാക്കുകള്‍. രാജാക്കന്മാരുടെ കാലത്ത് അവര്‍ക്ക് ഉത്തരവുകള്‍ നടപ്പാക്കാന്‍ റസിഡന്റുമാരുണ്ടായിരുന്നു. എന്നാല്‍, സംസ്ഥാന സര്‍ക്കാരിനുമേല്‍ അത്തരമൊരു സംവിധാനമില്ലെന്നും പിണറായി പറഞ്ഞിരുന്നു.
കേരളത്തില്‍ ഭരണഘടനാവിരുദ്ധമായതൊന്നും നടപ്പാക്കാന്‍ അനുവദിക്കില്ല. ആക്ഷേപം ഉന്നയിക്കുന്നവര്‍ ആദ്യം നിയമസഭയുടെ അധികാരം എന്തെന്നു പഠിക്കട്ടെ. ഒരാവര്‍ത്തി ഭരണഘടന വായിച്ചാല്‍ അക്കാര്യം വ്യക്തമാകുമെന്നായിരുന്നു പിണറായിയുടെ വാക്കുകള്‍.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡുകളുടെ എണ്ണംകൂട്ടാന്‍ കേരള സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവയ്ക്കാന്‍ വിസമ്മതിച്ചതോടെയാണ് തമ്മിലടി രൂക്ഷമായത്.
ഒപ്പുവയ്ക്കാന്‍ ഗവര്‍ണര്‍ വിസമ്മതിച്ചതോടെ സര്‍ക്കാരും ഇടതുമുന്നണിയും ഗവര്‍ണര്‍ക്കെതിരേ രംഗത്തുവന്നിരുന്നു.
പൗരത്വ നിയമ ഭേദഗതിക്കെതിരേ തന്നോട് ആലോചിക്കാതെ സുപ്രീം കോടതിയെ സമീപിച്ച കേരള സര്‍ക്കാരിന്റെ നടപടിയെയും ഗവര്‍ണര്‍ വിമര്‍ശിച്ചിരുന്നു. താന്‍ റബര്‍ സ്റ്റാമ്പല്ലെന്നും കോടതിയെ സമീപിക്കുന്നത് തന്നെ അറിയിച്ചിട്ടായിരിക്കണമെന്നും സര്‍ക്കാരിനെ വെല്ലുവിളിക്കുകയല്ലെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു.
സുപ്രീം കോടതിയില്‍ സ്യൂട്ട് ഹര്‍ജി നല്‍കുന്നതിന് ഗവര്‍ണറുടെ അനുവാദം ചോദിക്കേണ്ടതുണ്ടോ എന്ന കാര്യത്തില്‍ തനിക്ക് തീര്‍ച്ചയില്ല. എന്നാലും അക്കാര്യം തന്നെ അറിയിക്കുക എന്നത് ഔചിത്യപൂര്‍ണമായിരുന്നു എന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാണിച്ചു.
Keywords: Arif Muhammed Khan, Kerala Governer, Pinarayi Vijayan, Kerala
COMMENTS