തൂക്കുസഭയെന്ന് സീ വോട്ടര്‍ പ്രവചനം റാഞ്ചി : നിയമസഭാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായ ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ്- ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച സഖ...
തൂക്കുസഭയെന്ന് സീ വോട്ടര്‍ പ്രവചനം
റാഞ്ചി : നിയമസഭാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായ ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ്- ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച സഖ്യം അധികാരത്തിലെത്തുമെന്ന് എക്സിറ്റ് പോള്‍ പ്രവചനം. എന്നാല്‍, സീ വോട്ടര്‍ സര്‍വ്വേ എക്സിറ്റ് പോള്‍ ഫലം പറയുന്നത് സംസ്ഥാനത്ത് തൂക്കുമന്ത്രിസഭയായിരിക്കും വരികയെന്നാണ്.ബിജെപിയാണ് ജാര്‍ഖണ്ഡിലെ ഭരണകക്ഷി. ദേശീയ തലത്തില്‍ വലിയ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്ന ബിജെപിക്ക് കനത്ത ക്ഷീണമുണ്ടാക്കുന്നതായിരിക്കും ഫലമെന്നാണ് പുറത്തുവരുന്ന വിവരം.
ഇന്ത്യാ ടുഡേയും ആക്സിസ് മൈ ഇന്ത്യയും ചേര്‍ന്ന് നടത്തിയ സര്‍വേയാണ് കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് പ്രവചിക്കുന്നത്.
സംസ്ഥാനത്തെ 81 നിയമസഭാ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. അഞ്ച് ഘട്ടങ്ങളായിട്ടായിരുന്നു തിരഞ്ഞെടുപ്പ് നടത്തിയത്.
43 സീറ്റുള്ള ബിജെപിയും എട്ട് സീറ്റുള്ള ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ചയും ചേര്‍ന്നാണ് ഇപ്പോള്‍ ഭരിക്കുന്നത്. ഭരണവിരുദ്ധ വികാരവും ദേശീയ പ്രശ്നങ്ങളുമെല്ലാം തിരിച്ചടിക്കു കാരണമാവുമെന്നാണ് പ്രവചനം.
38 മുതല്‍ അന്‍പത് വരെ സീറ്റുകള്‍ കോണ്‍ഗ്രസ്- ജെഎംഎം സഖ്യം നേടാമെന്നാണ് ഇന്ത്യാ ടുഡേയും ആക്സിസ് മൈ ഇന്ത്യയും ചേര്‍ന്ന് നടത്തിയ സര്‍വേ പറയുന്നത്.
ജാര്‍ഖണ്ഡിലെ മാധ്യമമായ കാഷിഷ് ന്യൂസ് നടത്തിയ സര്‍വേയില്‍ കോണ്‍ഗ്രസ്-ജെഎംഎം സഖ്യം 37 മുതല്‍ 49 വരെ സീറ്റു നേടുമെന്നു പ്രവചിക്കുന്നു. ബിജെപിക്ക് 25 മുതല്‍ 35 വരെ സീറ്റും മറ്റുള്ളവര്‍ക്ക് നാല് മുതല്‍ എട്ട് വരെ സീറ്റുമാണ് ഈ സര്‍വേയിലെ പ്രവചനം.
സീ വോട്ടര്‍ നല്കുന്ന പ്രവചനത്തില്‍ ബിജെപി 32 സീറ്റും കോണ്‍ഗ്രസ്-ജെഎംഎം സഖ്യം 35 സീറ്റും നേടുമെന്നാണ് പറയുന്നത്.
Keywords: Jharkhand, Exit Poll, Congress, BJP, JMM
COMMENTS