സ്വന്തം ലേഖകന്‍ ബത്തേരി: വയനാട് ബത്തേരിയില്‍ സര്‍ക്കാര്‍ സര്‍വജന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ക്ളാസ് മുറിയില്‍ പാമ്പുകടിയ...
സ്വന്തം ലേഖകന്‍
ബത്തേരി: വയനാട് ബത്തേരിയില്‍ സര്‍ക്കാര്‍ സര്‍വജന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ക്ളാസ് മുറിയില്‍ പാമ്പുകടിയേറ്റ അഞ്ചാം ക്ളാസ് വിദ്യാര്‍ത്ഥിനി ഷഹല ഷെറിനെ താനെത്തിയിട്ട് ആശുപത്രിയില്‍ കൊണ്ടുപോയാല്‍ മതിയെന്നു പറഞ്ഞിട്ടില്ലെന്നു പിതാവ് അസീസ് പറഞ്ഞു.
കുഞ്ഞിന് പാമ്പുകടിയേറ്റെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞില്ല. കുഴിയില്‍ കാലുകുടുങ്ങിയെന്നാണ് പറഞ്ഞത്. അതിനാല്‍ ഗൗരവമുള്ള കാര്യമാണെന്നു കരുതിയില്ല. ഇത്തരമൊരു അനുഭവം ഇനിയൊരു പിതാവിനും സംഭവിക്കരുതെന്നും വിങ്ങിപ്പൊട്ടി അസീസ് മാധ്യമങ്ങളോടു പറഞ്ഞു.കുഞ്ഞിന്റെ കാലില്‍ പാമ്പ് കടിയേറ്റ പാടുണ്ടായിരുന്നു. നീലനിറവും കണ്ടു. സംഭവം നടന്നത് മൂന്നു മണിക്കാണ്. സ്കൂളില്‍ നിന്ന് വിളിച്ചത് 3.36 നാണ്.
ഒടുവില്‍ ആശുപത്രിയിലെത്തിച്ചപ്പോഴും അവഗണനായിരുന്നു. താലൂക്ക് ആശുപത്രിയില്‍ നിന്ന് ആന്റിവെനം നല്കാന് വിസമ്മതിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഷഹ്ലയ്ക്ക് അടിയന്തര ചികിത്സ നല്കുന്നതില് ഗുരുതര വീഴ്ചയാണ് ബത്തേരി താലൂക്ക് ആശുപത്രിയലെ ഡോക്ടര്‍മാര്‍ വരുത്തിയത്. ഗുരുതര നിലയിലായ കുട്ടിയുമായി രക്ഷിതാക്കള്‍ നാല് ആശുപത്രികള്‍ കയറിയിറങ്ങിയിട്ടും ആന്റി വെനം കൊടുത്തില്ല.
ഈ വീഴ്ചയെക്കുറിച്ച് ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി. കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകവേ വഴിമദ്ധ്യേ ആരോഗ്യനില വഷളായി കുഞ്ഞ് മരിക്കുകയായിരുന്നു. ഈ സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്ക് വീഴ്ച പറ്റിയോ എന്ന് ആരോഗ്യവകുപ്പ് അന്വേഷിക്കുമെന്ന് ഡി.എം.ഒ പറഞ്ഞു.
കാറുണ്ടായിരുന്നിട്ടും പാമ്പുകടിയേറ്റ കുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ വിസമ്മതിച്ച അദ്ധ്യാപകന് ഷജിലിനെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. തനിക്ക് പാമ്പുകടിയേറ്റെന്നു കുഞ്ഞ് പറഞ്ഞിട്ടും ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ഇയാള്‍ വിസമ്മതിച്ചു. രക്ഷിതാക്കള്‍ എത്തി കൊണ്ടുപോയാല്‍ മതിയെന്ന നിലപാടിലായിരുന്നു അദ്ധ്യാപകന്.
സഹ അദ്ധ്യാപിക കുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടപ്പോള്‍ ഷജില്‍ അവരോടു തെട്ടിക്കയറിയെന്നും കുട്ടികള്‍ പറയുന്നു. വൈകി രക്ഷിതാക്കള്‍ എത്തിയ ശേഷമാണ് കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
COMMENTS