സ്വന്തം ലേഖകന്‍ തിരുവനന്തപുരം: തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നു എന്നാരോപിച്ചു നടി മഞ്ജു വാര്യര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നു എന്നാരോപിച്ചു നടി മഞ്ജു വാര്യര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരേ തൃശൂര്‍ പൊലീസ് കേസെടുത്തു.
തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് എടുത്ത കേസില്‍ തൃശ്ശൂര്‍ ജില്ലാ ക്രൈം ബ്രാഞ്ച് എസിപി സി.ഡി. ശ്രീനിവാസനാണ് അന്വേഷണ ചുമതല.മഞ്ജുവിന്റെ പരാതിയില്‍ കഴമ്പുണ്ടെന്ന നിലപാടിലാണ് പൊലീസ്. കേസിന്റെ ചുമതല പൊലീസ് ആസ്ഥാനത്തെ ഡിവൈ എസ്പി രാജ് കുമാറിനാണ് ഡിജിപി നല്കിയത്. അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രകാശ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കേസ് കഴമ്പുള്ളതാണെന്നു വ്യക്തമായെന്നാണ് അറിയാനാകുന്നത്.
ഇതിനെ തുടര്‍ന്നാണ് മഞ്ജുവിന്റെ നാടായ തൃശൂരിലെ പൊലീസിന് അന്വേഷണ ചുമതല കൈമാറിയത്. വൈകാതെ തന്നെ ശ്രീകുമാര്‍ മേനോനെയും കൂട്ടുകാരന്‍ മാത്യു സാമുവലിനെയും വിളിച്ചു വരുത്തി ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്.
ശ്രീകുമാര്‍ തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നു, കൂടെയുള്ളവരെ ഭീഷണിപ്പെടുത്തുന്നു, ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി താന്‍ ശ്രീകുമാര്‍ മേനോന് കൈമാറിയ ലെറ്റര്‍പാഡ് ദുരുപയോഗിക്കുന്നു തുടങ്ങിയവയാണ് മഞ്ജുവിന്റെ ആരോപണങ്ങള്‍. പരാതിയില്‍ കഴമ്പുണ്ടെന്നു തെളിഞ്ഞാല്‍ തുടര്‍നടപടികള്‍ സ്വീകരിക്കാനായിരുന്നു ഡി ജി പി യുടെ നിര്‍ദ്ദേശം .ഒടിയന്‍ എന്ന സിനിമയുടെ റിലീസ് വേളയിലാണ് ശ്രീകുമാര്‍ ആദ്യമായി മഞ്ജുവിനെതിരേ പരസ്യമായി പ്രതികരിച്ചത്. ഇപ്പോള്‍ മഞ്ജു പരാതിപ്പെട്ടതോടെ അവര്‍ക്കെതിരേ ഗുരുതര ആക്ഷേപങ്ങളാണ് ശ്രീകുമാര്‍ ഉയര്‍ത്തിയത്.
തന്നോടൊപ്പം പ്രവര്‍ത്തിക്കുന്നവരെ ഭീഷണിപ്പെടുത്തി പല പ്രോജക്ടുകളില്‍ നിന്നും തന്നെ ഒഴിവാക്കാന്‍ ശ്രീകുമാര്‍ ശ്രമിക്കുന്നുവെന്നും മഞ്ജു പരാതിപ്പെട്ടിട്ടുണ്ട്. 'ഒടിയന്' ശേഷം തനിക്ക് നേരെ നടക്കുന്ന ഗൂഢാലോചനയില്‍ ശ്രീകുമാര്‍ മേനോനും സുഹൃത്തിനും പങ്കുണ്ടെന്നും പരാതിയില്‍ പറയുന്നുണ്ട്.
ചില ഫോട്ടോകള്‍ അടക്കമുള്ള തെളിവുകളും താനുമായി അടുപ്പമുള്ളവരെ ശ്രീകുമാറും അദ്ദേഹത്തിന്റെ അടുപ്പക്കാരും ബന്ധപ്പെട്ടത്തിന്റെ ടെലിഫോണ്‍ രേഖകളും മഞ്ജു ഡിജിപിക്ക് കൈമാറിയെന്നറിയുന്നു.
മഞ്ജു വാര്യരും ദിലീപും തമ്മിലുണ്ടായിരുന്ന തര്‍ക്കങ്ങള്‍ക്ക പ്രധാന കാരണക്കാരന്‍ ശ്രീകുമാറാണെന്നു ദിലീപ് ആരോപിച്ചതു മുതലാണ് അദ്ദേഹം വാര്‍ത്തകളില്‍ നിറഞ്ഞു തുടങ്ങിയത്.ഇപ്പോള്‍ ശ്രീകുമാര്‍ മേനോന്‍ മഞ്ജുവിനെതിരേ കഴിഞ്ഞ ദിവസം ഇട്ട ഫേസ് ബുക്ക് പോസ്റ്റു പോലും അദ്ദേഹത്തിനു വിനയായി മാറുന്ന അവസ്ഥയാണ്. സ്ത്രീകളെ അപമാനിക്കുക, സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുക, ഗൂഢ ഉദ്ദേശ്യത്തോടെ പിന്തുടരുക തുടങ്ങിയ വകുപ്പുകള്‍ അദ്ദേഹത്തിനു മേല്‍ ചുമത്തും. ഇത്തരം വകുപ്പുകള്‍ വന്നാല്‍ അറസ്റ്റു ചെയ്‌തേക്കാം. പിന്നീട് കോടതി വഴി മാത്രമേ ജാമ്യം കിട്ടാനിടയുള്ളൂ.
Keywords: Sreekumar Menon, Manju Warrier, Odiyan, Malayala Movie
COMMENTS