മലയാള സിനിമ അതിഭാവുകത്വം/ താരകേന്ദ്രീകൃതത്വം എന്നിവകളെ അറഞ്ചം പുറഞ്ചം കീറിമുറിച്ച് ജീവിതങ്ങളെ യഥാതഥം പറഞ്ഞുവെയ്ക്കാന്‍ തുടങ്ങിയിരിക്ക...
മലയാള സിനിമ അതിഭാവുകത്വം/ താരകേന്ദ്രീകൃതത്വം എന്നിവകളെ അറഞ്ചം പുറഞ്ചം കീറിമുറിച്ച് ജീവിതങ്ങളെ യഥാതഥം പറഞ്ഞുവെയ്ക്കാന്‍ തുടങ്ങിയിരിക്കുന്നു. അഷ്‌റഫ് ഹംസ സംവിധാനം നിര്‍വ്വഹിച്ച 'തമാശ' എത്ര ലളിതമായാണ് ബോഡി ഷെയ്മിങ്ങിനു പിന്നിലെ സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ മാനങ്ങളെ ബൗദ്ധികവ്യായാമങ്ങളുടെ കട്ടിയും കനവുമില്ലാതെ ലളിതവും കുറിക്കുകൊള്ളുന്ന നര്‍മ്മങ്ങളിലൂടെയും ചിരിക്കും ചിന്തയ്ക്കും അവസരം നല്‍കി പുരോഗമിക്കുന്നത്.
കഷണ്ടി കയറിയ കോളേജ് അധ്യാപകനും (വിനയ് ഫോര്‍ട്ട്), തടിച്ച ശരീരപ്രകൃതമുള്ള സുഹൃത്ത് (ചിന്നു ചാന്ദ്‌നി) എന്നിവരുടെ യാദൃച്ഛിക സൗഹൃദത്തിലൂടെ ഇഴപിരിയുന്ന പ്രമേയം എങ്ങിനെയാണ് ശരീരം അതിന്റെ ആകാരങ്ങള്‍ വ്യക്തിഗതവും കൂട്ടായതുമായ പരിഹാസത്തിനും അപമാനത്തിനും ലിംഗഭേദമന്യേ വിധേയമാക്കപ്പെടുന്നതെന്നും അത് ഏതുവിധമാണ് ഇരയാക്കപ്പെടുന്നവരുടെ ആത്മാഭിമാനത്തിനും ആര്‍ജ്ജവത്തിനും വ്യക്തിത്വത്തിനും മീതെ സ്റ്റീം റോളര്‍ പ്രയോഗമാകുന്നതെന്നും അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം അടിവരയിടുന്നു.
ഭൂരിപക്ഷം പിന്‍പറ്റുന്ന സാംസ്‌കാരിക സൗന്ദര്യാവബോധങ്ങളുടെ വാര്‍പ്പുമാതൃകകളെ തൃപ്തിപ്പെടുത്താനാകാത്തവര്‍ ഏതുവിധമെല്ലാമാകും ജീവിതം തീര്‍ക്കുന്നുണ്ടാകുകയെന്നത് ഉറപ്പായും 'തമാശ' ഓര്‍മ്മപ്പെടുത്തുന്നുണ്ട്. നിറം/ആകാരം/വസ്ത്രവിധാനം/ഭക്ഷണക്രമങ്ങള്‍/ശീലങ്ങള്‍ തുടങ്ങി ജാതി/മതം /വരുമാനം എന്നിവകളെല്ലാം ഭിന്ന നിലകളില്‍ വിവിധയിടങ്ങളില്‍ അപഹാസത്തിനും പരിഹാസത്തിനും കാരണമാകുന്നുണ്ട്.

സാമൂഹിക മാധ്യമങ്ങളടക്കം ഏതേതുവിധമാണ് ശരീര നിന്ദയുടെ കേന്ദ്രങ്ങളാകുന്നതെന്ന് കൃത്യം വരച്ചുകാട്ടുന്ന 'തമാശ' ഒരുനിലയിലും 'വെറുമൊരു' 'തമാശയേ' അല്ല.
Keywords: Movie Review, KG Suraj, Thamasha Movie, Vinay Fort

COMMENTS