സ്വന്തം ലേഖകന്‍ കണ്ണൂര്‍: കണ്ണൂരിലെ ആന്തൂരില്‍ പ്രവാസി സംരംഭകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ എല്ലാ കുറ്റങ്ങളും സര്‍ക്കാര്‍ ഉദ്യോഗസ്ഥര...
സ്വന്തം ലേഖകന്‍
കണ്ണൂര്‍: കണ്ണൂരിലെ ആന്തൂരില്‍ പ്രവാസി സംരംഭകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ എല്ലാ കുറ്റങ്ങളും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മേല്‍ ചുമത്തി സിപിഎം കൈയൊഴിയുന്നു. ഇന്ന് ധര്‍മ്മശാലയില്‍ സംഘടിപ്പിച്ച വിശദീകരണ യോഗത്തിലാണ് സിപിഎം നേതാവ് പി ജയരാജന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ആഞ്ഞടിച്ചത്.
ഇതേസംഭംവം, വൈകുന്നേരത്തോടെ, നഗരസഭാദ്ധ്യക്ഷ പികെ ശ്യാമള രാജിവച്ചു. സിപിഎം നേതാവ് എംവി ഗോവിന്ദന്റെ ഭാര്യയാണ് ശ്യാമള. രാജിക്കത്ത് പാര്‍ട്ടി ജില്ലാ കമ്മിറ്റിക്കു കൈമാറി. പാര്‍ട്ടി ജില്ലാ കമ്മിറ്റിയിലേക്ക് അവരെ വിളിച്ചുവരുത്തി രാജിവയ്ക്കാന്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ ആവശ്യപ്പെടുകയായിരുന്നു.
ഈ സംഭവത്തില്‍ ഏറെ പഴി കേള്‍ക്കേണ്ടിവന്ന നഗരസഭാധ്യക്ഷ പികെ ശ്യാമളയെ വേദിയിലിരുത്തി ക്കൊണ്ടാണ് ജയരാജന്‍ രൂക്ഷമായ വിമര്‍ശനമുന്നയിച്ചത്. ഉള്ള സമ്പാദ്യമെല്ലാം വിറ്റുപെറുക്കി ആരംഭിച്ച സംരംഭം നഗരസഭയുടെ ഇടപെടലിനെതുടര്‍ന്ന് പ്രതിസന്ധിയിലായതോടെ, സംരംഭകന്‍ പാറയില്‍ സാജന്‍ ആത്മഹത്യ ചെയ്തത്.
ഈ സംഭവത്തില്‍ സിപിഎം പ്രതിക്കൂട്ടിലായിരുന്നു. ഇതോടെയാണ് വിശദീകരണവുമായി നേതാക്കള്‍ രംഗത്തെത്തിയത്. സാജന്റെ ഭാര്യ നല്‍കിയ പരാതിയില്‍ നടപടി സ്വീകരിക്കുമെന്നും ജയരാജന്‍ പറഞ്ഞു. കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്കാണ് പൂര്‍ണ അധികാരമെന്നും അതുകൊണ്ടുതന്നെ ഉത്തരവാദി നഗരസഭാ സെക്രട്ടറി ആണെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം കാര്യങ്ങളില്‍ ജനപ്രതിനിധികള്‍ക്ക് ഇടപെടാന്‍ ആവുകയില്ല. ജനപ്രതിനിധികള്‍ പറയുന്നത് ഉദ്യോഗസ്ഥര്‍ കേള്‍ക്കുന്നില്ല. ഉദ്യോഗസ്ഥര്‍ പറയുന്നത് കേട്ട് ജനപ്രതിനിധികള്‍ നടക്കുന്ന അവസ്ഥയാണ് നഗരസഭയില്‍ നടക്കുന്നത്. ഇതിന് മാറ്റം വരണമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ പികെ ശ്യാമളയുടെ പിടിവാശി തുടര്‍ന്നാണ് ആണ് സാജന്‍ ആത്മഹത്യ ചെയ്തതെന്നാണ് വാര്‍ത്ത പുറത്തുവന്നത്. ഇതിനെ തുടര്‍ന്ന് സിപിഎമ്മിനെതിരെ പല കോണുകളില്‍ നിന്നും കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. ശ്യാമളയ്‌ക്കെതിരേ പാര്‍ട്ടിയില്‍ നിന്നുപോലും എതിര്‍പ്പുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ജയരാജന്റെ വിശദീകരണം. ഈ സംഭവത്തില്‍ ഇതില്‍ നഗരസഭാ സെക്രട്ടറി ദുര്‍വാശി കാണിച്ചു. കെട്ടിടത്തിന്റെ ന്യൂനതകള്‍ പരിഹരിച്ചുവന്നിട്ടും ലൈസന്‍സ് നല്‍കിയില്ല. നിഷേധാത്മക നിലപാടാണ് സെക്രട്ടറി സ്വീകരിച്ചത്.
ഉദ്യോഗസ്ഥര്‍ കാട്ടിയത് ഗുരുതരമായ അനാസ്ഥയാണ്. ഇവര്‍ക്കെതിരെ നടപടി വേണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥരെ നേര്‍വഴി നടത്തുന്നതിന് സിപിഎം നയിക്കുന്ന ഭരണസമിതിക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നഗരസഭാധ്യക്ഷ പറഞ്ഞാലും കേള്‍ക്കാത്ത സെക്രട്ടറിയാണെന്നും ജയരാജന്‍ കുറ്റപ്പെടുത്തി.
ഇതേസമയം പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യ അന്വേഷിക്കുന്നതിനായി കണ്ണൂര്‍ നാര്‍ക്കോട്ടിക് സെല്‍ ഡിവൈ എസ്പി രാമകൃഷ്ണന്റെ നേതൃത്വത്തില്‍ അഞ്ചംഗ സംഘത്തെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കെട്ടിടത്തിന് ഉടമസ്ഥാവകാശ നല്‍കാന്‍ നഗരസഭ വിസമ്മതിച്ചതില്‍ മനംനൊന്ത് സാജന്‍ ആത്മഹത്യ ചെയ്തത് ജൂലൈ നാലിനായിരുന്നു. ഈ സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്. ഇതോടെയാണ് സര്‍ക്കാര്‍ അന്വേഷണ സംഘത്തെ ഏര്‍പ്പെടുത്താന്‍ നിര്‍ബന്ധിതമായത്.
എല്ലാ കോണുകളില്‍നിന്നും വിമര്‍ശനം ഉയര്‍ന്നതോടെ കൂടി ആന്തൂര്‍ നഗരസഭാ അധ്യക്ഷ സ്ഥാനം ഒഴിയാന്‍ ശ്യാമള സമ്മതിച്ചതായി സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പറഞ്ഞു. പാര്‍ട്ടിക്ക് വിശദീകരണം നല്‍കിയിട്ടുണ്ടെന്നും അവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും ജയരാജന്‍ വ്യക്തമാക്കി. തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഎം സംസ്ഥാന കമ്മിറ്റി യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യുന്നുണ്ട്. ആത്മഹത്യ ചെയ്തത് സിപിഎം സഹയാത്രികനാണ്. ഇതും പാര്‍ട്ടിക്കു തലവേദനയായിട്ടുണ്ട്.
COMMENTS