ബി.ജെ.പി 170 മുതല്‍ 190 വരെ, കോണ്‍ഗ്രസ് 90 മുതല്‍ 130 വരെ. ബി.ജെ.പിയുടെ നഷ്ടം ഹിന്ദി ഹൃദയഭൂവില്‍ തന്നെ. അവിടെ അവര്‍ യു.പിയും ബിഹാറും ഒഴികെ...
ബി.ജെ.പി 170 മുതല്‍ 190 വരെ, കോണ്‍ഗ്രസ് 90 മുതല്‍ 130 വരെ. ബി.ജെ.പിയുടെ നഷ്ടം ഹിന്ദി ഹൃദയഭൂവില്‍ തന്നെ. അവിടെ അവര്‍ യു.പിയും ബിഹാറും ഒഴികെ മറ്റു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്സുമായി നേരിട്ടാണ് മത്സരം. തന്മൂലം എത്രമാത്രം ബി.ജെ.പിയുടെ എണ്ണം കുറയുന്നുവോ അത്രയും തന്നെ എണ്ണം കോണ്‍ഗ്രസ് നേടും.
രാഷ്ട്രീയ നിരീക്ഷണം / ജോര്‍ജ് മാത്യു
ആശങ്കകള്‍ അസ്ഥാനത്താക്കി 2019 ലെ പൊതുതിരഞ്ഞെടുപ്പ് പ്രക്രിയ അതിന്റെ അവസാന ഘട്ടത്തിലെത്തിയിരിക്കുന്നു. ഞായറാഴ്ച ഏഴാംഘട്ടം പൂര്‍ത്തിയാകുന്നതോടെ തിരഞ്ഞെടുപ്പിന്റെ പ്രധാനഘട്ടം അവസാനിക്കുന്നു. വോട്ടുകള്‍ പെട്ടിയിലാകുന്നു. ഹാവൂ! എന്തൊരാശ്വാസം!!
പല ഘട്ടങ്ങളിലായി കഴിഞ്ഞ ഒന്നിലേറെ വര്‍ഷത്തില്‍ ഏഴു ചെറു ലേഖനം വൈഗ ന്യൂസിന് നല്‍കി എന്നാണോര്‍മ്മ. ആദ്യമായാണ് താനും രാഷ്ട്രീയത്തിന് ഊന്നല്‍ നല്‍കുന്ന ലേഖനങ്ങള്‍ക്ക് ശ്രമിച്ചത്. ഇത്രയും കുറിപ്പുകള്‍ വന്നതിനാല്‍ അതിന്റെ പ്രസക്തി ബോധ്യപ്പെടുന്നു.ഇന്ന് മേയ് 15, ഞാന്‍ ഓര്‍മ്മയില്‍ നിന്ന് ഏതാണ്ട് ഒരു വര്‍ഷം മുന്‍പ് എഴുതിയ ഒരു ലേഖനം തിരക്കിപ്പോയി. കാഹളം മുഴങ്ങിക്കഴിഞ്ഞു എന്നായിരുന്നു തലക്കെട്ട്. ലേഖനം അവസാനിക്കുന്നത് ഇങ്ങനെയാണ്, 120 സീറ്റുകളുമായി ഇന്ത്യയിലെ ഏറ്റവും വലിയ പ്രതിപക്ഷ ഒറ്റക്കക്ഷിയാവുക എന്നതാണ് കോണ്‍ഗ്രസ്സിന്റെ ലക്ഷ്യം. മഹാഗഡ്ബന്ധനിലും യു.പി.എ ഘടകക്ഷികളിലും ഒരൊറ്റ പാര്‍ട്ടിക്കും 30 ന് മുകളില്‍ സീറ്റ് നേടാനുമാവില്ല. അപ്പോള്‍ പപ്പു രാഹുല്‍ പ്രധാനമന്ത്രിസ്ഥാനം ഉറപ്പിക്കും, മുറുമുറുപ്പുകള്‍ കൂടാതെ. ദോഷം പറയരുതല്ലോ, മോഡിക്ക് പ്രതിപക്ഷ നേതാവിന്റെ കസേര ഒത്തുകിട്ടിയെന്നുവരും. സബ്ജക്ട് റ്റു ആര്‍.എസ്.എസ് അപ്രൂവല്‍.
ഈ ലേഖനത്തിന് ആധാരം 2018 മേയ് 15 ന് അഞ്ച് സംസ്ഥാന തിരഞ്ഞെടുപ്പുകളുടെ ഫലം വന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു.
ഇന്ന് മേയ് 15, 2019. കൃത്യം ഒരു വര്‍ഷം. കോണ്‍ഗ്രസിന്റെ സ്വപ്‌നം വൃഥാവിലല്ല എന്നാണ് എന്റെ പഠനങ്ങള്‍ നല്‍കുന്ന സൂചനകള്‍. ഒരു വര്‍ഷമായി ഏതാണ്ട് ഏഴോളം മലയാളം ചാനലുകളും ആറ് ഇംഗ്ലീഷ് വാര്‍ത്താ ചാനലുകളും ദ ഹിന്ദു പോലുള്ള പത്രങ്ങളും ഈ തിരഞ്ഞെടുപ്പിന്റെ പരിസമാപ്തിയെക്കുറിച്ച് നടത്തിയ അവലോകനങ്ങളില്‍ അവരുടേതായ അജണ്ടകള്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ മോഡിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ വിലയിരുത്തുകയായിരുന്നു.
എന്തുകൊണ്ടോ അറിഞ്ഞും അറിയാതെയും നിവൃത്തികേടുകൊണ്ടും മോഡി സര്‍ക്കാരിന്റെ പരാജയങ്ങളുടെ കണക്കുകള്‍ അവര്‍ പലപ്പോഴും നിരത്തിത്തുടങ്ങി. റഫാല്‍ യുദ്ധവിമാന കരാര്‍ അശനിപാതം പോലെയാണ് മോഡിയുടെ മേല്‍ പതിച്ചത്. പെട്ടെന്ന് ഒരുനാള്‍ ചൗക്കിദാര്‍ ചോര്‍ ഹെ എന്ന ആരവം മുഴങ്ങി. അത് നാടെമ്പാടും പടര്‍ന്നു. ഇന്നും ആ അലയൊലി അടങ്ങിയിട്ടില്ല. ഇതിനിടയിലാണ് പുല്‍വാമ മനുഷ്യ കുരുതിയും ബാലക്കോട്ട് ആക്രമണവും. മോഡിജിയുടെ ഇടിഞ്ഞുതാണ പ്രശസ്തിയുടെ ഗ്രാഫ് കുത്തനെ ഉയര്‍ന്നു എന്ന് മാധ്യമങ്ങള്‍ ആണയിട്ടു. എന്നാല്‍ വോട്ടെടുപ്പിനുള്ള നാളുകള്‍ അടുത്തപ്പോള്‍ ജനം ഓര്‍ത്തെടുത്തത് നോട്ടു നിരോധനം ആയിരുന്നു. നഷ്ടപ്പെട്ട തൊഴിലവസരങ്ങളെക്കുറിച്ചും അഞ്ചു കൊല്ലത്തെ കര്‍ഷക ആത്മഹത്യകളെക്കുറിച്ചും ആയിരുന്നു. തങ്ങള്‍ക്ക് നല്‍കി എന്ന് അവകാശപ്പെട്ട എല്‍.പി.ജി സിലിണ്ടറുകള്‍ മാറ്റിവയ്ക്കാന്‍ പറ്റാത്ത അവസ്ഥയെക്കുറിച്ചായി. അവരും ഏറ്റുപാടി ചൗക്കിദാര്‍ ചോര്‍ ഹെ...
അധികം നീട്ടുന്നില്ല. ഏറ്റവും വസ്തുനിഷ്ഠമെന്നു കരുതാവുന്ന ഒരു ഫലസാധ്യത ഇവിടെ കുറിക്കുന്നു. ഒന്ന് ഓര്‍ക്കുക, ആറ് ഘട്ടമേ ആയിട്ടുള്ളൂ തിരഞ്ഞെടുപ്പ്. മേയ് 19 ന് മാത്രമേ വോട്ടുകള്‍ പൂര്‍ണ്ണമായി പെട്ടികളില്‍ സുരക്ഷിതമാകൂ. എന്നാലും രാഷ്ട്രീയ തലത്തില്‍ നടക്കുന്ന ചടുലനീക്കങ്ങള്‍ നല്‍കുന്ന ചില സൂചനകള്‍ നമ്മുടെ മുന്‍പിലുണ്ടല്ലോ. അതിന്‍പ്രകാരം ഏറെക്കുറെ ഫലം താഴെക്കുറിക്കുവിധം ആകുവാന്‍ സാധ്യതയേറുന്നു.
ബി.ജെ.പി 170 മുതല്‍ 190 വരെ, കോണ്‍ഗ്രസ് 90 മുതല്‍ 130 വരെ. ബി.ജെ.പിയുടെ നഷ്ടം ഹിന്ദി ഹൃദയഭൂവില്‍ തന്നെ. അവിടെ അവര്‍ യു.പിയും ബിഹാറും ഒഴികെ മറ്റു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്സുമായി നേരിട്ടാണ് മത്സരം. തന്മൂലം എത്രമാത്രം ബി.ജെ.പിയുടെ എണ്ണം കുറയുന്നുവോ അത്രയും തന്നെ എണ്ണം കോണ്‍ഗ്രസ് നേടും.
ഇന്നലെ പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ വെങ്കിടേഷ് രാമകൃഷ്ണന്‍ മലയാള ചാനലുകളിലൊന്നില്‍ നടന്ന ചര്‍ച്ചയില്‍ നല്‍കിയ ഒരു സൂചന ഇങ്ങനെയാണ്, 180 ന് താഴെയാണ് ബി.ജെ.പിയുടെ നിലയെങ്കില്‍ മോഡിയുടെ മടങ്ങിവരവ് എളുപ്പമാകില്ല. 130 സീറ്റ് എങ്കിലും കോണ്‍ഗ്രസിന് ലഭിക്കുന്നില്ല എങ്കില്‍ രാഹുലിനും പ്രധാനമന്ത്രിപദം സ്വപ്‌നംകാണാനാവില്ല. എന്റെ വിശ്വാസം നമ്മളാരും കരുതാത്ത ഒരത്ഭുതമാണ് സംഭവിക്കുക എന്നാണ്. ഒരു അപ്രതീക്ഷിത പ്രധാനമന്ത്രി.
വെങ്കിടേഷ് ഇതു പറഞ്ഞ് അവസാനിപ്പിച്ചപ്പോള്‍ ഞാന്‍ പെട്ടെന്ന് കര്‍ണ്ണാടക ഓര്‍ത്തെടുത്തു. പല മുഖങ്ങളും മുന്നിലൂടെ നീങ്ങി. ശരത് പവാര്‍, ചന്ദ്രബാബു നായിഡു, നവീന്‍ പട്‌നായിക്. പിടിവാശിക്കാരായ മമതയും മായാവതിയും അരങ്ങേറിയില്ല, അഖിലേഷും ലാലുപ്രസാദും സ്റ്റാലിനും മാറിനില്‍ക്കുന്നതുപോലെ!ഇന്ത്യയുടെ രാഷ്ടീയബോധം, രാഷ്ടീയ മനസ്സ്, രാഷ്ട്രീയ അന്തഃസത്ത... അതാണ് തുലാസിലാടുന്നത്. എനിക്ക് ശുഭപ്രതീക്ഷയാണ്....
റഫാലുകളും നോട്ട് നിരോധനം പോലുള്ള സര്‍ജിക്കല്‍ സ്‌ട്രൈക്കുകളും ഇനി ഈ രാജ്യത്തിന് താങ്ങാനാവില്ലല്ലോ...
ലേഖകന്റെ ഫോണ്‍: 98479 21294
മകരസംക്രമമായി, ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കാഹളം മുഴങ്ങുന്നു
Keywords: India, Politics, Rahul Gandhi, Polls 2019, Election, Narendra Modi
COMMENTS