ഇന്ത്യന്‍ സേന പൊഖ്‌റാനില്‍ പരിശീലനത്തില്‍ ഫയല്‍ചിത്രം അഭിനന്ദ്/www.vyganews.com ന്യൂഡല്‍ഹി : പുല്‍വാമയില്‍ ഭീകരാക്രമണത്തിന്റെ പശ്ച...
ഇന്ത്യന്‍ സേന പൊഖ്‌റാനില്‍ പരിശീലനത്തില്‍ ഫയല്‍ചിത്രം
അഭിനന്ദ്/www.vyganews.com
ന്യൂഡല്‍ഹി : പുല്‍വാമയില്‍ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെതിരേ ഇന്ത്യ എന്തു നടപടിയായിരിക്കും സ്വീകരിക്കുക എന്നറിയാന്‍ ലോകം നെഞ്ചിടിപ്പോടെ കാത്തിരിക്കുന്നു. ഇന്ത്യയും പാകിസ്ഥാനും ആണവശക്തികളാണെന്നതും പാകിസ്ഥാനി ആണവായുധങ്ങള്‍ ഒരു സുരക്ഷയുമില്ലാത്തവയാണെന്നതും ലോകത്തിനാകെ അസ്വസ്ഥതയുണ്ടാക്കുന്ന കാര്യമാണ്.
പൊതു തിരഞ്ഞെടുപ്പിനൊരുങ്ങുന്ന ഇന്ത്യയ്ക്ക് ആക്രമണം അത്ര എളുപ്പമുള്ള കാര്യമല്ല. എങ്കില്‍ പോലും ഇനിയും പാകിസ്ഥാനെ ഒരു പാഠം പഠിപ്പിക്കാതിരിക്കുന്നത് ശരിയല്ലെന്ന അഭിപ്രായം വ്യാപകമായി ഉയരുന്നുണ്ട്.
നാവികസേന നടത്തിവന്ന ട്രോപ്പക്‌സ് അഭ്യാസപ്രകടനം നിറുത്തിവച്ച് യുദ്ധക്കപ്പലുകളില്‍ അടിയന്തരമായി ആയുധം നിറയ്ക്കാന്‍ നിര്‍ദ്ദേശിച്ചതും അവധിയില്‍ പോയ നാവികരെ മടക്കി വിളിച്ചതും ഇന്ത്യ എന്തോ തയ്യാറെടുപ്പു നടത്തുന്നുണ്ട് എന്നതിനു വ്യക്തമായ സൂചനയാണ്.
ഇന്ത്യന്‍ നേവി പരിശീലനത്തില്‍- ഫയല്‍ചിത്രം
അന്തര്‍വാഹിനികളുടെയും കപ്പലുകളുടെയും അറ്റകുറ്റപ്പണി അടിയന്തരമായി പൂര്‍ത്തിയാക്കാനും നാവികസേനയ്ക്കു പ്രതിരോധ മന്ത്രാലയം നിര്‍ദ്ദേശം കൊടുത്തു. ഇതിനെ രാജ്യം യുദ്ധസജ്ജമാകുന്നുവെന്നു വ്യാഖ്യാനിക്കേണ്ടതില്ലെന്നു പറയുന്നവരുമുണ്ട്.
രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് അസാധാരണ സാഹചര്യമുണ്ടായാല്‍ അഭ്യാസപ്രകടനങ്ങള്‍ നിര്‍ത്തിവയ്ക്കുകയോ പുനഃക്രമീകരിക്കുകയോ ചെയ്യുന്നത് സ്വാഭാവികമാണെന്ന് നാവികസേന വൃത്തങ്ങള്‍ പറയുന്നു.
സര്‍ജിക്കല്‍ സ്‌ട്രൈക്ക് ആവര്‍ത്തിച്ച് പാകിസ്ഥാന് മറുപടി കൊടുക്കണമെന്ന് ഒരു വിഭാഗം രാഷ്ട്രീയ നേതാക്കള്‍ ആവശ്യപ്പെടുന്നുണ്ട്. പക്ഷേ, ഇനിയൊരു സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ഇന്ത്യ മുതിരില്ലെന്നാണ് അനുമാനം. ഇനി ഇന്ത്യയില്‍ നിന്ന് ശക്തമായൊരു തിരിച്ചടി പാകിസ്ഥാന്‍ പ്രതീക്ഷിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ പാക് പട്ടാളവും ഇന്റലിജന്‍സ് ഏജന്‍സികളും അതീവജാഗ്രതയിലാണ്. ആ ഘട്ടത്തില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ചിലപ്പോള്‍ പരാജയപ്പെടാനോ സൈനികര്‍ പാക് പിടിയിലാവാനോ സാദ്ധ്യതയുണ്ട്. ഇതു മുന്നില്‍ക്കണ്ടാണ് അത്തരമൊരു നീക്കത്തിനു സാദ്ധ്യതയില്ലെന്നു പലരും വിലയിരുത്തുന്നത്.
ഇന്ത്യ ഇപ്പോള്‍ ഏറ്റവുമധികം മുന്‍ഗണന കൊടുക്കുന്നത് ആളില്ലാ വിമാനം ഉപയോഗിച്ചുള്ള മിസൈല്‍ ആക്രമണത്തിനാണ്. ഇക്കാര്യത്തില്‍ ലോകത്ത് ഏറ്റവും വൈദഗ്ദ്ധ്യം ഇസ്രയേല്‍ സേനയ്ക്കാണ്. അതിര്‍ത്തിയില്‍ ഇസ്രയേലി സൈനികര്‍ ഇന്ത്യന്‍ സേനയുമായി ചേര്‍ന്ന് പതിവായി പരിശീലനം നടത്തുന്നുമുണ്ട്. ഇസ്രയേലി സാങ്കേതിക സഹായത്തോടെ ആളില്ലാ വിമാനമുപയോഗിച്ചുള്ള ആക്രമണമായിരിക്കും എല്ലാ അര്‍ത്ഥത്തിലും സൗകര്യപ്രദം.
പക്ഷേ, ഇന്ത്യയുടെ തിരിച്ചടി ഭയന്ന് പാകിസ്ഥാന്‍ അധിനിവേശ കശ്മീരിലെ ഭീകര ക്യാമ്പുകള്‍ പലതും തത്കാലത്തേയ്ക്ക് അടയ്ക്കുകയും ഭീകരരെ മറ്റു കേന്ദ്രങ്ങളിലേക്കു മാറ്റുകയും ചെയ്തുകൊണ്ടിരിക്കുന്നതായാണ് ലഭിക്കുന്ന ഇന്റലിജന്‍സ് വിവരം. ഇതു കൂടി കണക്കിലെടുത്തായിരിക്കും ആക്രണ പദ്ധതിക്കു രൂപം കൊടുക്കുക. എങ്ങനെയും തിരിച്ചടിക്കാന്‍ സേനയ്ക്കു കേന്ദ്രം അനുമതി കൊടുത്തുവെങ്കിലും കൂടുതല്‍ ഇന്റലിജന്‍സ് വിവരങ്ങള്‍ക്കായാണ് സൈനിക ആസ്ഥാനം കാത്തിരിക്കുന്നതും.
ഇതിനിടെ, പതിവില്ലാത്ത ചില വഴികളിലൂടെയും ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ നീങ്ങുന്നുണ്ട്. ഇറാനുമായി കൈകോര്‍ത്ത് പാകിസ്ഥാനെ ഒതുക്കുക എന്ന തന്ത്രമാണ് ഇതില്‍ പ്രധാനം. ഇന്ത്യയെപോലെ തന്നെ ഇറാനും കുറച്ചുനാളായി പാകിസ്ഥാനി ഭീകരതയുടെ ഇരയാവുന്നുണ്ട്. ഇറാനിയന്‍ മണ്ണില്‍ കടന്നു പ്രവര്‍ത്തിക്കാന്‍ ഭീകരര്‍ക്ക് പാകിസ്ഥാനി സേനയും അവരുടെ ഐഎസ്‌ഐയും സഹായം നല്കുന്നുണ്ട്.
ഇറാനില്‍ പാക് ഭീകരര്‍ നടത്തിയ ചാവേര്‍
സ്‌ഫോടനത്തിന്റെ ദൃശ്യം
ഏതാനും ദിവസം മുന്‍പ് തെക്കന്‍ ഇറാനില്‍, പുല്‍വാമയിലുണ്ടായതിനു സമാനമായ ആക്രമണത്തില്‍ 27 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. പാകിസ്ഥാന്‍ അതിര്‍ത്തിക്കടുത്ത്, ഖാഷില്‍ ചാവേര്‍ സ്‌ഫോടനത്തില്‍ സൈനിക ബസ് തകര്‍ത്താണ് 27 റവല്യൂഷണറി ഗാര്‍ഡുകളെ വകവരുത്തിയത്.
ഇത്തരം നടപടികള്‍ ആവര്‍ത്തിച്ചാല്‍ പാകിസ്ഥാനു ശക്തമായ തിരിച്ചടി കൊടുക്കുമെന്ന് റവല്യൂഷണറി ഗാര്‍ഡ് കോര്‍ കമാന്‍ഡര്‍ മുഹമ്മദലി ജഫാരി പറഞ്ഞിരുന്നു.
ഇന്ത്യയെ പോലെ തന്നെ പാകിസ്ഥാനി ഭീകരരില്‍ നിന്നുള്ള ശല്യം നേരിടുന്ന രാജ്യമാണ് ഇറാനും. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ടെഹ്‌റാനിലെത്തിയാണ് പാകിസ്ഥാനെതിരേ കൈകോര്‍ക്കാന്‍ ധാരണയുണ്ടാക്കിയത്.
പാകിസ്ഥാന്‍ അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തി
ഇറാനുള്ളതിലും കടുത്ത പ്രതിസന്ധിയാണ് പാക് ഭീകരര്‍ നിമിത്തം അഫ്ഗാനിസ്ഥാനും നേരിട്ടുകൊണ്ടിരിക്കുന്നത്. അഫ്ഗാനിസ്ഥാനെയും ഇറാനെയും മറുവശത്ത് അണിനിരത്തിക്കൊണ്ട്, പാകിസ്ഥാനു മേല്‍ ശക്തമായ പ്രതിരോധം തീര്‍ക്കുക എന്ന തന്ത്രമാണ് ഇന്ത്യ പയറ്റാന്‍ പോകുന്നത്. ഇതിനൊപ്പം പാകിസ്ഥാനിലെ തന്നെ ബലൂചിസ്ഥാന്‍ മേഖലയുടെ സ്വാതന്ത്ര്യ പോരാട്ടത്തിന് ശക്തമായ പിന്തുണ കൊടുക്കാനും ഇന്ത്യ നീക്കമാരംഭിച്ചിട്ടുണ്ട്.
മറുവശത്ത് ഏറ്റവും പ്രധാന വ്യാപാര സൗഹൃദ രാജ്യമെന്ന പദവി പാകിസ്ഥാനില്‍ നിന്ന് എടുത്തു മാറ്റുകയും അവിടെനിന്നുള്ള എല്ലാ ഉത്പ്ന്നങ്ങള്‍ക്കും 200 ശതമാനം നികുതി ഏര്‍പ്പെടുത്തുകയും ചെയ്തുകൊണ്ട് പാകിസ്ഥാനെ സാമ്പത്തികമായി തകര്‍ക്കാനും ഇന്ത്യ നീക്കം തുടങ്ങിയിട്ടുണ്ട്. ഇന്ത്യയാണ് പാകിസ്ഥാനി ഉത്പന്നങ്ങളുടെ ഏറ്റവും വലിയ വിപണി. അതു നഷ്ടപ്പെട്ടാല്‍ അവര്‍ക്കുണ്ടാകുന്ന ക്ഷീണം ചെറുതായിരിക്കില്ല.
-Contact Abhinand in vgateam@gmail.com
Keywords: Pulwama Attack, India, Pakistan, Afghanistan, Iran, War
COMMENTS