അഡലെയ്ഡ്: ടീം തകര്‍ന്നടിയുന്ന വേളകളില്‍ രാഹുല്‍ ദ്രാവിഡ് വന്‍മതില്‍ പണിയുന്ന രംഗങ്ങളെ ഓര്‍മിപ്പിച്ചുകൊണ്ട്, ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്...
അഡലെയ്ഡ്: ടീം തകര്‍ന്നടിയുന്ന വേളകളില്‍ രാഹുല്‍ ദ്രാവിഡ് വന്‍മതില്‍ പണിയുന്ന രംഗങ്ങളെ ഓര്‍മിപ്പിച്ചുകൊണ്ട്, ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ചേതേസ്വര്‍ പുജാര ഇന്ത്യയുടെ രക്ഷകനായി. കൂട്ടുകാരെല്ലാം കട്ടയും പടവും നേരത്തേ മടക്കി പോയപ്പോള്‍ പുജാരയുടെ സെഞ്ചുറിയുടെ ബലത്തില്‍ ഇന്ത്യ ഒന്നാം ദിനത്തില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 250 റണ്‍സെടുത്തു.
ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോ്‌ലിക്ക് ബാറ്റിംഗ് തിരഞ്ഞെടുത്തു. ആ തീരുമാനം തെറ്റിപ്പോയെന്നു വൈകാതെ കോലിക്കു മനസ്സിലായി. കോലിയടക്കം പാഡും കെട്ടിയിറങ്ങിയവരെല്ലാം അതുപോലെ തിരികെ കയറിപ്പോകുന്ന കാഴ്ചയായിരുന്നു കാണാനായത്.
ഒന്നാം ദിനം കളി തീരുന്നതിനു തൊട്ടുമുന്നേ പുജാര റണ്‍ ഔട്ടായി. ഒന്‍പതാമനായാണ് പുജാര പുറത്തായത്. 250ല്‍ 123 റണ്‍സ് പുജാരയുടെ സമ്പാദ്യമായിരുന്നു. ക്രീസില്‍ മുഹമ്മദ് ഷമിയാണുള്ളത്. മറുവശത്ത് നാളെ ജസ്പ്രീത് ബുംറ ബാറ്റിംഗിനെത്തും. അത്ഭുതങ്ങളൊന്നും പ്രതീക്ഷിക്കേണ്ടെന്നാണ് ഒന്നാം ദിനത്തിലെ കാഴ്ചകള്‍ വ്യക്തമാക്കുന്നത്.
കെ.എല്‍. രാഹുല്‍ (2), മുരളി വിജയ് (11), വിരാട് കോലി (3), അജിന്‍ക്യ രഹാനെ (13), രോഹിത് ശര്‍മ (37) എന്നിവരൊക്കെ വന്നതുപോലെ കൂടാരം കയറുകയായിരുന്നു. രോഹിത് ശര്‍മയ്ക്കു നല്ല തുടക്കം കിട്ടി. പക്ഷേ, ക്ഷമിയില്ലാതെ ഏകദിന ശൈലിയില്‍ ബാറ്റ് വീശാന്‍ നോക്കിയതാണ് അദ്ദേഹത്തിനു വിനയായത്.
ഒരുവശത്തു ചീട്ടുകൊട്ടാരം തകരുന്നതിനിടെ, മറുവശത്ത് പുജാര അസ്ഥിവാരം ഉറപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ക്ഷമയോടെ നിന്ന പുജാര നേടിയത് കരിയറിലെ 16ാം സെഞ്ചുറിയാണ്. ഓസ്‌ട്രേലിയയില്‍ അദ്ദേഹം നേടുന്ന ആദ്യ സെഞ്ചുറിയാണിത്. കൂടാതെ ടെസ്റ്റില്‍ 5,000 റണ്‍സും കടന്നു പുജാര.
It was a gritty innings from @cheteshwar1 under the circumstances. Congratulations to you on your brilliant century. Looking forward to many more knocks like this in the series. #AUSvIND #FightOfMight pic.twitter.com/MwhPN8BGW3
— Sachin Tendulkar (@sachin_rt) December 6, 2018
ഏഴ് ഫോറും രണ്ടു സിക്‌സും ഉള്‍പ്പെടെയായിരുന്നു 123 റണ്‍സ് പുജാര കുറിച്ചത്. ആതിഥേയര്‍ക്കു വേണ്ടി മിച്ചല്‍ സ്റ്റാര്‍, പാറ്റ് കമ്മിന്‍സ്, നഥാന്‍ ലയോണ്‍, ജോഷ് ഹേസില്‍വുഡ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടി.
സംയമനവും സാങ്കേതിക തികവും ഒരുമിച്ചുണ്ടെങ്കിലേ, വിദേശമണ്ണില്‍ മികവു തെളിയിക്കാനാവൂ എന്നുകൂട്ടുകാര്‍ക്കു ബാറ്റുകൊണ്ടു കാട്ടിക്കൊടുക്കുകയായിരുന്നു പുജാര.
Keywords: Cheteshwar Pujara, India, Yorkshire, Adelaide Oval, Test, Australia, Rahul Dravid, Pat Cummins, Virat Kohli
COMMENTS