അഭിനന്ദ് ന്യൂഡല്‍ഹി: മഹേന്ദ്രസിംഗ് ധോണിയെന്ന പേര് ക്രിക്കറ്റ് വാര്‍ത്തകളില്‍ നിന്നു പതിയെ മായാന്‍ തുടങ്ങുന്നുവെന്ന സൂചനയാണ് വെസ്റ്റ് ...
അഭിനന്ദ്
ന്യൂഡല്‍ഹി: മഹേന്ദ്രസിംഗ് ധോണിയെന്ന പേര് ക്രിക്കറ്റ് വാര്‍ത്തകളില്‍ നിന്നു പതിയെ മായാന്‍ തുടങ്ങുന്നുവെന്ന സൂചനയാണ് വെസ്റ്റ് ഇന്‍ഡീസിനും ഓസ്‌ട്രേലിയയ്ക്കും എതിരെയുള്ള ട്വന്റി20 പരമ്പരകള്‍ക്കുള്ള ടീം പ്രഖ്യാപനം.
ഈ മത്സരങ്ങള്‍ക്കുള്ള ടീമില്‍നിന്ന് ധോണിയെ ഉള്‍പ്പെടുത്തിയിട്ടില്ല. അദ്ദേഹത്തിനു വിശ്രമം അനുവദിച്ചുവെന്നായിരുന്നു പുറത്തു വന്ന വാര്‍ത്തകള്‍. എന്നാല്‍, ധോണിയെ ഒഴിവാക്കിയതാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത.
ഒഴിവാക്കുന്നുവെന്ന വിവരം ധോണിയെ ബിസിസിഐ അറിയിച്ചുവെന്നും സൂചന കിട്ടിയിട്ടുണ്ട്. ധോണിയെ ഒഴിവാക്കിയെന്ന വിവരം ദേശീയ മാധ്യമങ്ങളാണ് പുറത്തുവിട്ടത്.
ധോണിയുടെ റോളിലേക്ക് മിക്കവാറും ഋഷഭ് പന്ത് കടന്നുവരാനാണ് സാദ്ധ്യത. ഇതിന്റെ സൂചനയായിരുന്നു വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തില്‍ പന്തിന് ധോണി ക്യാപ് കൈമാറിയതും.
2020ല്‍ ഓസ്‌ട്രേലിയയിലാണ് ട്വന്റി20 ലോകകപ്പ്. അതുവരെ ധോണി ടീമിലുണ്ടാവുമെന്നുറപ്പില്ലെന്നാണ് കിട്ടുന്ന സൂചന. ധോണി ഇപ്പോഴും വിക്കറ്റിനു മുന്നില്‍ അസാമാന്യ പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. ബാറ്റ്‌സ് മാനെന്ന നിലയില്‍ ധോണി പലപ്പോഴും തന്റെ പഴയ പ്രകടനങ്ങളുടെ നിഴലിലേക്കു പോലും ഉയരാനാവുന്നില്ല.
ധോണിക്കു ശേഷം ആരെന്നു ചിന്തിക്കാന്‍ സമയമായെന്ന് അദ്ദേഹത്തെ ടീം മാനേജുമെന്റ് അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യം ധോണിക്കു ബോധ്യപ്പെട്ടിട്ടുമുണ്ടത്രേ.
2020 ട്വന്റി 20 ലോകകപ്പിനു മുന്‍പു തന്നെ ശക്തമായ ഒരു ടീമിനെ വാര്‍ത്തെടുക്കേണ്ടതുണ്ട്. ഇതിനു ധോണി ഒഴിഞ്ഞു നില്‍ക്കണമെന്നാണ് സെലക്ടര്‍മാരുടെ നിലപാട്.
ഏകദിന ടീമില്‍ തുടരുന്നതില്‍ നിന്നു ധോണിയെ തത്കാലം വിലക്കുന്നില്ല. നിര്‍ണായകമായ പല ഘട്ടങ്ങളിലും കളത്തില്‍ ക്യാപ്ടന്‍ വിരാട് കോലിക്ക് ധോണിയുടെ പരിചയസമ്പന്നത തുണയാവുന്നുണ്ട്. ക്യാപ്ടന്‍ എന്ന നിലയില്‍ സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതില്‍ പലപ്പോഴും കോലിക്കു പാളിപ്പോകുന്നുമുണ്ട്. അതിനാല്‍ ധോണി ലോകകപ്പ് വരെ അവശ്യ ഘടകവുമാണ്. ഏകദിന ടീമില്‍ നിന്നു മാറിനില്‍ക്കുന്ന കാര്യം സ്വയം തീരുമാനിക്കാമെന്നാണ് ധോണിയോടു ടീം മാനേജുമെന്റ് പറഞ്ഞിരിക്കുന്നത്. ടെസ്റ്റില്‍ നിന്ന് അദ്ദേഹം നേരത്തേ വിരമിച്ചിരുന്നു.
ഇതോടെ, ഇംഗ്ലണ്ടില്‍ അടുത്ത വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പില്‍ ധോണി കളിച്ചേക്കുമെന്നാണ് കരുതുന്നത്. അതു കഴിയുന്നതോടെ ധോണി രാജ്യാന്തര ക്രിക്കറ്റ് വിട്ടേക്കും.
Keywords: MS Dhoni, India, Cricket, Virat Kohli, Team India
COMMENTS