കൊച്ചി: ഇന്നു വൈകുന്നേരം സംസ്ഥാനമെമ്പാടും കനത്ത മഴയ്ക്കു സാധ്യതയെന്നു മുന്നറിയിപ്പ്. ഇതോടെ, സംസ്ഥാനത്തു വീണ്ടും റെഡ് അലര്‍ട്ട് പ്രഖ്യാപ...
കൊച്ചി: ഇന്നു വൈകുന്നേരം സംസ്ഥാനമെമ്പാടും കനത്ത മഴയ്ക്കു സാധ്യതയെന്നു മുന്നറിയിപ്പ്. ഇതോടെ, സംസ്ഥാനത്തു വീണ്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം, കാസര്‍ക്കോട് ജില്ലകളൊഴികെ എല്ലായിടത്തുമായിക്കും മഴ അതിശക്തമായിരിക്കുമെന്നാണ് മുന്നറിയിപ്പ്.
പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ മഴക്കൊപ്പം മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റടിക്കാനും സാധ്യതയുണ്ട്.
കൊല്ലത്തും കാസര്‍കോടും യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ ഭീഷണിയുണ്ടെങ്കിലും കനത്ത ദുരിതമുണ്ടായ ആലുവയില്‍ വെള്ളമിറങ്ങിത്തുടങ്ങിയിട്ടുണ്ട്. ആലുവയില്‍ ചില ഭാഗങ്ങളില്‍ റോഡ് ഗതാഗതം ആരംഭിച്ചു.
ഇതേസമയം, ചെങ്ങന്നൂര്‍ മേഖലയില്‍ സ്ഥിതി മോശമായി തന്നെ തുടരുകയാണ്. റാന്നിയില്‍നിന്ന് ജനങ്ങളെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പന്തളത്തും വെള്ളം തങ്ങിനില്‍ക്കുകയാണ്.
ചെങ്ങന്നൂര്‍, തിരുവല്ല, ആറന്മുള ഭാഗങ്ങളില്‍ എല്ലായിടത്തും കുത്തൊഴുക്കാണ്. ഇതു രക്ഷാപ്രവര്‍ത്തനത്തിനു കടുത്ത വെല്ലുവിളിയാകുന്നു. ഇവിടങ്ങളില്‍ ഭക്ഷണവും വെള്ളവും മരുന്നുമില്ലാതെ ജനം വലയുകയാണ്.
ചെങ്ങന്നൂരില്‍ നാവികസേനയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ് ഒരടി താഴ്ന്നു. ഡാമുകളില്‍ സ്ഥിതി നിയന്ത്രണവിധേയമായെങ്കിലും ഇവിടെ പലേടത്തും ആയിരങ്ങളാണ് കുടങ്ങിക്കിടക്കുന്നത്.
ഇപ്പോള്‍ കേരളത്തിന് അത്യാവശ്യം കൂടുതല്‍ ബോട്ടുകളും ഹെലികോപ്റ്ററുകളുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇന്ന് ഹെലികോപ്റ്ററുകള്‍ പലതും യഥാസമയം എത്തിയിരുന്നില്ല. ഇക്കാര്യം ഇന്നും പ്രധാനമന്ത്രിയെ നേരിട്ട് അറിയിച്ചു. കേരളത്തിലേക്ക് ഹെലികോപ്റ്ററുകള്‍ എത്തിക്കുന്നതിനു നടപടിയുണ്ടാകുമെന്ന് പ്രധാനമന്ത്രി അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
Keywords: Flood, Water, Kerala, Chengannur, Pinarayi Vijayan
COMMENTS