ആലപ്പുഴ: പ്രളയം കൊടിയ നാശം വിതച്ച ചെങ്ങന്നൂരില്‍ സ്ഥിതി ഗുരുതരമാണ്. ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാന്‍ ഇന്നലെ ഇക്കാര്യം എല്ലാവരെയും ഓര്‍...
ആലപ്പുഴ: പ്രളയം കൊടിയ നാശം വിതച്ച ചെങ്ങന്നൂരില്‍ സ്ഥിതി ഗുരുതരമാണ്. ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാന്‍ ഇന്നലെ ഇക്കാര്യം എല്ലാവരെയും ഓര്‍മിപ്പിച്ചിരുന്നുവെങ്കിലും കാര്യമായ രക്ഷാപ്രവര്‍ത്തനം ഈ മേഖലയില്‍ നടന്നിരുന്നില്ല.
എന്നാല്‍, ഇന്നു മന്ത്രി ജി സുധാരകനും ചെങ്ങന്നൂരിലെ സ്ഥിതി ഗുരുതരമാണെന്നു സമ്മതിച്ചു. കൂടുതല്‍ രക്ഷാപ്രവര്‍ത്തകര്‍ ഇവിടേക്കു നീങ്ങിക്കൊണ്ടിരിക്കുകയാണ്.
പതിനായിരത്തോളം പേര്‍ കുടങ്ങിക്കിടക്കുകയാണെന്നും ഉടന്‍ സഹായം ലഭിച്ചില്ലെങ്കില്‍ വന്‍ദുരന്തത്തിനു ചെങ്ങന്നൂര്‍ സാക്ഷ്യം വഹിക്കുമെന്നും സജി ചെറിയാന്‍ എം.എല്‍.എ വ്യക്തമാക്കിയതോടെയാണ് സ്ഥിതി അതീവഗുരുതരമാണെന്ന് പുറംലോകമറിഞ്ഞത്.
രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തെ അയക്കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു.
ചെങ്ങന്നൂരിനും തൃശൂരിലെ ചാലക്കുടിയിലും ആലുവയിലുമാണ് ഇപ്പോള്‍ സ്ഥിതി അതിഗുരുതരമായി തുടരുന്നത്. ഇപ്പോഴും ചെങ്ങന്നൂരില്‍ പതിനായിരത്തോളം പേര്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
ചെങ്ങന്നൂരിലേക്കു വേണ്ടത്ര ബോട്ടുകള്‍ എത്തിക്കാനാവാതെ പോയതാണ് സ്ഥിതി മോശമാക്കിയത്.
ഇന്ന് ഇവിടേക്ക് സൈന്യത്തിന്റെ കൂടുതല്‍ ബോട്ടുകള്‍ എത്തിക്കാന്‍ ശ്രമം നടക്കുന്നു. ഇവിടെ പാണ്ടനാട് കേന്ദ്രീകരിച്ചാണ് രക്ഷാപ്രവത്തനം.
ഇപ്പോള്‍ ചെങ്ങന്നൂരിലെ ജനങ്ങളെ രക്ഷിക്കാനാണ് പ്രഥമ പരിഗണന നല്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
പമ്പാനദിയിലെ ജലം കരകവിഞ്ഞൊഴുകുന്നതു നിമിത്തം ശക്തമായ ഒഴുക്കാണ്. ഇതാണ് ഇവിടെ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുന്നത്.
ചെങ്ങന്നൂരിനു പുറമോ ചാലക്കുടിയിലും ഇന്ന് കരസേനയുടെ വലിയ ബോട്ടുകള്‍ ഇറക്കും. ചെങ്ങന്നൂരില്‍ പതിനഞ്ചും ചാലക്കുടിയില്‍ പന്ത്രണ്ടും കാലടിയില്‍ അഞ്ചും തിരുവല്ലയില്‍ പത്തും ബോട്ടുകള്‍ ഇന്ന് രാവിലെ ആറ് മണി മുതല്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയിട്ടുണ്ട്.
കരസേനയുടെ കൂടുതല്‍ ബോട്ടുകള്‍ ഇന്നലെ രാത്രി വിമാനമാര്‍ഗം തിരുവനന്തപുരത്തെത്തിച്ചിരുന്നു. അവയും ദുരന്തമേഖലകളിലേക്കു കൊണ്ടുവന്നുകൊണ്ടിരിക്കുകയാണ്.
ചാലക്കുടിയിലും ചെങ്ങന്നൂരിലും വ്യോമസേനയുടെ നാല് ഹെലികോപ്റ്ററുകള്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. തിരുവല്ല, ആറന്മുള, കോഴഞ്ചേരി ഭാഗങ്ങളില്‍ നാവികസേനയുടെ മൂന്ന് ഹെലികോപ്റ്ററുകള്‍ ദൗത്യത്തിനുണ്ട്.
ഒറ്റപ്പെട്ട് കഴിയുന്നവര്‍ക്കും ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവര്‍ക്കും ഹെലികോപ്റ്ററുകളും ബോട്ടുകളും വഴി ഭക്ഷണവിതരണം നടക്കുന്നുണ്ട്.
COMMENTS