മെക്‌സിക്കോ-1 ജര്‍മനി-0 ഷാജി ജേക്കബ് ലോകകപ്പില്‍ ചാമ്പ്യന്മാരുടെ ശാപം അവസാനിക്കുന്നില്ല. തുടര്‍ച്ചയായ മൂന്നാം ലോകകപ്പിലും നിലവിലെ ചാ...
മെക്‌സിക്കോ-1 ജര്‍മനി-0
ഷാജി ജേക്കബ്ലോകകപ്പില് ചാമ്പ്യന്മാരുടെ ശാപം അവസാനിക്കുന്നില്ല. തുടര്‍ച്ചയായ മൂന്നാം ലോകകപ്പിലും നിലവിലെ ചാമ്പ്യന്മാര്‍ ആദ്യ മത്സരത്തില്‍ വീണിരിക്കുന്നു.
മെക്‌സിക്കന്‍ അപാരതയില്‍ ജര്‍മന്‍ മതില്‍ ആണ്ടുപോയത് 1-0ന് . മോസ്‌കോ ലുസ്‌നിക്കി സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത് റഷ്യന്‍ ലോകകപ്പിലെ ഏറ്റവും വലിയ അട്ടിമറിക്കായിരുന്നു.
2010ല്‍ ഇറ്റലി, 2014ല്‍ സ്‌പെയിന്‍, 2018ല്‍ ജര്‍മനി... ഇങ്ങനെ തുടരുന്നു ചാമ്പ്യന്‍മാരുടെ ദുരന്തം. 1982നു ശേഷം ആദ്യമായാണ് ജര്‍മനി ലോകകപ്പില്‍ ആദ്യ കളിയില്‍ തോല്‍ക്കുന്നതും.
ഹിര്‍വിംഗ് ലൊസാനോ 35ാം മിനിറ്റില്‍ മെസുട് ഓസിലിനെ കടത്തിവെട്ടി ജര്‍മന്‍ വലയുടെ വലതു മൂലയിലേക്ക് പന്തു താഴ്ത്തി പറത്തിയിറക്കുകയായിരുന്നു. ഡൈവ് ചെയ്‌തെത്തിയ ഗോളി മാനുവല്‍ നൂയറുടെ അടിയില്‍ക്കൂടി പന്തു വലയിലെത്തുമ്പോള്‍ ഗാലറിയില്‍ ജര്‍മന്‍ ആരാധകര്‍ വാവിട്ടു കരയുന്നുണ്ടായിരുന്നു. ഡച്ച് ക്ലബായ പി.എസ്.വി ഐന്തോവന്‍ താരമാണ് ലൊസാനോ.
പിന്നീട് സമനിലയ്ക്കായി ഇരമ്പിക്കയറിയ ജര്‍മനി ഗോളടിക്കുന്നതൊഴിച്ച് എല്ലാം ചെയ്തു. ടോണി ക്രൂസിന്റെ അത്യുജ്വല ഫ്രീകിക്ക് മെക്‌സിക്കന്‍ ഗോളി ഗ്വിലര്‍മോ ഓച്ചോ ഉയര്‍ന്നു ചാടി ബാറിലേക്കു തട്ടിത്തെറിപ്പിച്ചുകൊണ്ട അവിശ്വസനീയ രക്ഷപ്പെടുത്തല്‍ നടത്തി.
ജോഷ്വ കിമ്മിച്ചും ടിമോ വെര്‍ണറുമെല്ലാം നല്ല അവസരങ്ങള്‍ പാഴാക്കി. യോക്കിം ലോ ഗോമസിനെയും വെര്‍ണറെയും ഒക്കെ മാറിമാറി ഇറക്കി നോക്കി. പക്ഷേ, മെക്‌സിക്കന്‍ പ്രതിരോധം തകര്‍ന്നില്ല. പ്രതിരോധം പിളര്‍ന്നപ്പോഴൊക്കെ ഗോളി ഓച്ചോ രക്ഷകനായി മാറുകയും ചെയ്തു.
ജര്‍മനിയുടെ സമ്മര്‍ദ്ദത്തിനിടയില്‍ പ്രത്യാക്രമണത്തിലൂടെ കിട്ടിയ നാലു സുവര്‍ണാവസരങ്ങള്‍ മെക്‌സിക്കോ പാഴാക്കി. ഗോളിയും നായകനുമായ മാനുവല്‍ നൂയര്‍ ഉള്‍പ്പെടെ 11 ജര്‍മന്‍ കളിക്കാരും അവസാന മിനിറ്റില്‍ മെക്‌സിക്കന്‍ ഗോള്‍മുഖത്തേക്ക് ഇരമ്പിക്കയറിയിട്ടും ഗോള്‍ വല കുലുങ്ങിയില്ല. അങ്ങനെ ജര്‍മനി കരഞ്ഞു, മെക്‌സിക്കോ ചിരിച്ചു.
മെക്‌സിക്കോ മറ്റൊരു ചരിത്രം കൂടി സൃഷ്ടിച്ചു. 73ാം മിനിറ്റില്‍ മുപ്പത്തൊമ്പതുകാരനായ മുന്‍ ബാഴ്‌സലോണ പ്രതിരോധനിരക്കാരന്‍ റാഫേല്‍ മാര്‍ക്വിസിനെ കളത്തിലിറക്കി. തുടര്‍ച്ചയായ അഞ്ചു ലോകകപ്പുകളില്‍ കളിക്കുന്ന മൂന്നാമത്തെ താരമായി മാര്‍ക്വിസ മാറി. ജര്‍മനിയുടെ ലോതര്‍ മത്തേയസ്, മെക്‌സിക്കോയുടെ തന്നെ അന്റോണിയോ കര്‍ബായല്‍ എന്നിവരുടെ റെക്കോര്‍ഡിനൊപ്പമെത്തുകയും ചെയ്തു മാര്‍ക്വിസ്.
Moment of the Day 👀— FIFA World Cup 🏆 (@FIFAWorldCup) June 17, 2018
When @HirvingLozano70 scored against the reigning #WorldCup champions to give #MEX a dream start to Russia 2018 ️⚽️
🎥 Highlights 👉 https://t.co/LOdKDX2Cwn
📺 TV listings 👉 https://t.co/xliHcxWvEO pic.twitter.com/oYMWN6uuCM
മെക്‌സിക്കോ ആദ്യ പകുതിയില്‍ ഉജ്വലമായി കളിച്ചു. കിട്ടിയ അവസരം അവര്‍ മുതലാക്കി. രണ്ടാം പകുതിയില്‍ പൂര്‍ണ ജര്‍മന്‍ ആധിപത്യമായിരുന്നു. എന്നി
ട്ടും അവര്‍ ലക്ഷ്യം കാണുന്നതില്‍ പരാജയപ്പെട്ടു.
തുടരെ പായിച്ച ഷോട്ടുകളെല്ലാം പാഴായി. ലക്ഷ്യത്തിലെത്തിയവ ഗോളി ഓച്ചോ തടയുകയും ചെയ്തു. പന്ത് ഏറിയ നേരവും ജര്‍മന്‍ കാലുകളിലായിരുന്നു. 67 ശതമാനമായിരുന്നു നിലവിലെ ചാമ്പ്യന്മാരുടെ പന്തടക്കം. എട്ടു കോര്‍ണറുകള്‍ ജര്‍മനിക്ക് ലഭിച്ചപ്പോള്‍ മെക്‌സിക്കോയ്ക്ക് ലഭിച്ചത് ഒരെണ്ണം മാത്രം. പക്ഷേ, ഈ ദിനം ജര്‍മനിയുടേതായിരുന്നില്ല.
Keywords: Mexico, Germany, World Cup Football
COMMENTS