സിദ്ധാര്‍ത്ഥ് ശ്രീനിവാസ് തിരുവനന്തപുരം : എടപ്പാളില്‍ തിയേറ്ററില്‍ പത്തു വയസ്സുകാരിയെ പീഡിപ്പിച്ച സംഭവം ചൈല്‍ഡ് ലൈന്‍ വഴി പുറത്തുകൊണ്ട...
സിദ്ധാര്‍ത്ഥ് ശ്രീനിവാസ്
തിരുവനന്തപുരം : എടപ്പാളില്‍ തിയേറ്ററില്‍ പത്തു വയസ്സുകാരിയെ പീഡിപ്പിച്ച സംഭവം ചൈല്‍ഡ് ലൈന്‍ വഴി പുറത്തുകൊണ്ടുവരുന്നതില്‍ മാതൃകാപരമയാ നടപടി സ്വീകരിച്ച തിയേറ്റര്‍ ഉടമ ഇ.സി. സതീഷിനെ അറസ്റ്റുചെയ്ത നടപടി പൊലീസിനു തന്നെ വിനയായി മാറുന്നു.
ഈ സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ മുഖ്യമന്ത്രി പിണറായി വിജയനും അതൃപ്തി ഡിജിപി ലോക്‌നാഥ് ബഹ്‌റയെ അറിയിച്ചു. അറസ്റ്റ് നിയമപരമായ നടപടിയാണോ എന്നറിയാനായി ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷനോട് ഡിജിപി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
വിവിധങ്ങളായ വിഷയങ്ങളില്‍ പൊലീസും ആഭ്യന്തര വകുപ്പു കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയും വിഷമവൃത്തത്തില്‍ നില്‍ക്കെ പൊലീസ് ബോധപൂര്‍വം ചെന്നു കെണിയില്‍ ചാടിയതിലാണ് മുഖ്യമന്ത്രിക്ക് അതൃപ്തിയെന്നറിയുന്നു.
നിയമത്തിന്റെ പഴുതുണ്ടാക്കി ആരെയും കുടുക്കാമെന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നു പരക്കെ ആക്ഷേപമുണ്ട്. മാതൃകാപരമായി പെരുമാറിയ ഒരു വ്യക്തിയെ കേസില്‍ കുടുക്കിയത് തികച്ചും നീതീകരിക്കാനാവാത്ത നടപടിയെന്നാണ് പരക്കെ ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.
വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ എംസി ജോസഫൈന്‍ നേരിട്ടു ചെന്നായിരുന്നു തീയറ്റര്‍ ഉടമയെ അഭിനന്ദിച്ചത്. അത്തരമൊരു വ്യക്തിയെയാണ് പൊലീസ് വളഞ്ഞിട്ടു പിടിച്ചു പ്രതിയാക്കുകയും അറസ്റ്റു രേഖപ്പെടുത്തി വിട്ടയയ്ക്കുകയും ചെയ്തത്. വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ തന്നെ ഇതിനെതിരേ പരസ്യമായി രംഗത്തു വന്നിരിക്കുകയാണ്.
മുന്‍ ഡിഡിപി ടിപി സെന്‍കുമാര്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവരെല്ലാം പൊലീസ് നടപടിക്കെതിരേ ശക്തമായി പ്രതികരിച്ചിരുന്നു. ഇതോടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസും ഇടപെട്ടത്.
ഡിജിപി സ്ഥാനത്തു നിന്നു ലോക്‌നാഥ് ബെഹ്‌റയെ മാറ്റണമെന്നു സിപിഎമ്മില്‍ തന്നെ ആവശ്യമുയര്‍ന്ന വേളയില്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ തന്നെ ബാധിക്കുന്ന ഇത്തരമൊരു നടപടി വന്നതും പൊലീസിനെ തന്നെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. പൊലീസ് പ്രതിപക്ഷത്തിനു വടിക്കാന്‍ അടിയുണ്ടാക്കിക്കൊടുക്കാനായി പ്രവര്‍ത്തിക്കുയാണെന്ന് ഭരണപക്ഷത്തു തന്നെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
തീയറ്റര്‍ ഉടമയെ അറസ്റ്റു ചെയ്ത നടപടി നിയമപരമല്ലെന്നു റിപ്പോര്‍ട്ടു വന്നാല്‍ ഇതിനു കാരണക്കാരായവര്‍ക്കു നേരേ നടപടി ഉണ്ടാകുമെന്നു സൂചനയുണ്ട്. തീയറ്റര്‍ ഉടമയെ പത്തു തവണ വിളിച്ചുവരുത്തി പൊലീസ് മൊഴി എടുത്തിരുന്നു. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്നും വിവരം യഥാസമയം അറിയിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് ദൃശ്യം കൈമാറിയതും ഇദ്ദേഹത്തിനെതിരേയുളള കുറ്റമായി ചുമത്തിയിട്ടുണ്ട്. അറസ്റ്റു ചെയ്ത ശേഷം പിന്നീട് ജാമ്യത്തില്‍ വിട്ടു.
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് തൃത്താലയിലെ പ്രമുഖ വ്യവസായി മൊയ്തീന്‍ കുട്ടിയെ പൊലീസ് അറസ്റ്റു ചെയ്യാന്‍ ഇടയാക്കിയത് സതീഷിന്റെ നടപടിയായിരുന്നു. കുട്ടിയുടെ ഉമ്മയുമൊത്ത് തീയറ്ററിലിരുന്നാണ് മൊയ്തീന്‍ കുട്ടി പിഞ്ചു ബാലികയെ പീഡിപ്പിച്ചത്. ഇയാള്‍ റിമാന്‍ഡിലാണ്.
ചൈല്‍ഡ് ലൈന്‍ പൊലീസിനെ വിവരം അറിയിച്ചിട്ടും മൊയ്തീന്‍ കുട്ടിക്കെതിരേ കേസെടുക്കാന്‍ തയ്യാറായിരുന്നില്ല. പിന്നീട് ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നപ്പോഴാണ് പൊലീസ് അനങ്ങിയത്. ഇതിന്റെ പ്രതികാരമാണ് സതീഷിനെ അറസ്റ്റു ചെയ്യാന്‍ കാരണമെന്നാണ് പറയപ്പെടുന്നത്.
ഈ വിഷയം കോടതിക്കു മുന്നില്‍ ചെന്നാല്‍ ചിലപ്പോള്‍ പൊലീസിനും സര്‍ക്കാരിനുമെതിരേ രൂക്ഷമായ പരാമര്‍ശം ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്നും നിയമവൃത്തങ്ങള്‍ പറയുന്നു.
Keywords: Theater Molesting Case, Kerala Police, Loknath Behra
COMMENTS