ജോര്‍ജ് മാത്യു പൊതുതാത്പര്യഹര്‍ജി (PIL) എന്നൊരു ഏര്‍പ്പാടുണ്ടല്ലോ! താത്പര്യമുള്ള ആര്‍ക്കും നിയമവ്യവസ്ഥയിലൂടെ പരാതി സമര്‍പ്പിക്കുവാനു...
ജോര്‍ജ് മാത്യു
പൊതുതാത്പര്യഹര്‍ജി (PIL) എന്നൊരു ഏര്‍പ്പാടുണ്ടല്ലോ! താത്പര്യമുള്ള ആര്‍ക്കും നിയമവ്യവസ്ഥയിലൂടെ പരാതി സമര്‍പ്പിക്കുവാനുള്ള സംവിധാനം!
അതിനെക്കുറിച്ചല്ല പറയാന്‍ താത്പര്യപ്പെടുന്നത്. ലോകത്തിന്റെ ഏതെങ്കിലും ഒരു കോണില്‍ സംഭവിക്കുന്ന ചില കാര്യങ്ങള്‍ എങ്ങനെ പൊതുവില്‍ മാനവരാശിയുടെ കൂടി താത്പര്യവും വിഷയവും പ്രശ്‌നവുമായി മാറുന്നു എന്നതാണ്.
ഇക്കുറി വാര്‍ത്ത അയര്‍ലണ്ടില്‍ നിന്നാണ്. പ്രമുഖ മാധ്യമങ്ങളില്‍ വളരെയേറെ പ്രാധാന്യം നേടിയ ഒരു വാര്‍ത്ത. നിലവിലുള്ള ഗര്‍ഭഛിദ്രനിരോധനം തുടരണമോ എന്നതിനൊരു ഹിതപരിശോധന മേയ് അവസാനവാരം അയര്‍ലന്‍ഡില്‍ നടന്നു. അയര്‍ലണ്ട് ഒരു കത്തോലിക്കാ സമൂഹമാണ്. യൂറോപ്പില്‍ ഏറ്റവും അധികം വിശ്വാസികളുള്ള രാജ്യം. 2012 ലാണ് ആ വിവാദസംഭവമുണ്ടായത്. സവിത ഹാലപ്പനവര്‍ എന്ന മുപ്പത്തിയൊന്നുകാരിയുടെ ജീവന്‍ രക്ഷിക്കുവാന്‍ ഗര്‍ഭഛിദ്രം കൂടിയേ തീരൂ എന്ന ഗുരുതരാവസ്ഥ. ചുരുക്കിപ്പറയാം... സവിതയുടെ ജീവന്‍, നിയമത്തിന്റെ അഭാവത്തില്‍ അല്ലെങ്കില്‍ കാര്‍ക്കശ്യത്തില്‍, കുരുതികൊടുക്കപ്പെടുന്നു.
അതിനുശേഷം നിരവധി യുവതികള്‍ ലിവര്‍പൂളിലും മറ്റും പോയി, ഡബ്ബിലിളിനോ മറ്റോ നിസ്സാരമായി നിര്‍വ്വഹിക്കാവുന്ന, ഗര്‍ഭഛിദ്രം നടത്തി മടങ്ങിവന്നുകൊണ്ടിരിക്കുന്നു. 2013 മുതല്‍ നീറിപ്പടര്‍ന്ന ഈ പൊതുവികാരം റഫറണ്ടത്തിന്റെ ഫലത്തിലൂടെ (66.4% അനുകൂല വോട്ട്) നിയമം നവീകരിക്കപ്പെടുവാന്‍ പോകുകയാണ്. പ്രൈംമിനിസ്റ്റര്‍ ലിയോവരഡ്കര്‍ (Leovaradkar) പണ്ടേ സംഭവത്തിന്റെ പ്രചാരകനുമാണ്.
മാസങ്ങള്‍ നീണ്ടുനിന്ന തീവ്രപ്രചാരണങ്ങളില്‍ നിറഞ്ഞുനിന്നത് സവിത എന്ന ഇന്ത്യന്‍വംശജയുടെ ചിത്രങ്ങളും അനുഭവ കഥയുമായിരുന്നു. 2013 ല്‍ പ്രതിഷേധം ശക്തമായി തുടങ്ങിയതു മുതല്‍ സവിതയുടെ മാതാപിതാക്കള്‍ അനന്തപ്പ യലഗി
- അക്കാ മഹാദേവി യലഗി ദമ്പതികള്‍ ഉന്നയിക്കുന്ന ഒരാവശ്യമുണ്ട്. എന്നെങ്കിലും ഗര്‍ഭഛിദ്രനിരോധനത്തിനെതിരായ ഒരു നിയമമുണ്ടാകുകയാണെങ്കില്‍ അത് സവിതയുടെ പേരില്‍ അറിയപ്പെടണം. ഇപ്പോള്‍ ബെലഗാവിയില്‍ താമസിക്കുന്ന യലഗി ദമ്പതികള്‍ വീണ്ടും അവരുടെ ആവശ്യം ഉന്നയിച്ചുകഴിഞ്ഞു.
ജയിംസ് ഹാരിസ്റ്റണ്‍ ഒരുവശത്ത് ജനിച്ച, ശിശുക്കളുടെ ജീവന് തുണയാകുന്നു. മറുവശത്ത് എന്തിനാണ് ഈ ഭൂമുഖത്തിന് ഇത്രയേറെ പ്രജകള്‍ എന്ന പരിദേവനം! അടുത്തിടെ സണ്‍ ദിനപത്രത്തില്‍ വന്ന വാര്‍ത്ത ഇതിലും വിചിത്രമായിരുന്നു. സ്‌പെയിനില്‍ ജനക്ഷാമം പരിഹരിക്കാന്‍ ഒരു സെക്‌സ് വകുപ്പും ഒരു സെക്‌സ് വകുപ്പ് മന്ത്രിയും - Edelmira Barriera - നിയുക്തമായിരിക്കുന്നു. വ്യക്തിജീവിതം ഗൃഹത്തിന് ബാഹ്യമാകുകയും ഗൃഹം ഒരു വിശ്രമതാവളം മാത്രമാവുകയും മൂലം സ്പാനിയാര്‍ഡുകള്‍ , ഇണചേരല്‍ പ്രക്രിയയില്‍ വിമുഖരാണത്രേ!
അയര്‍ലണ്ടും ലക്ഷ്യംവയ്ക്കുന്നത് ഇതുതന്നെയാണോ? 2015 ല്‍ സ്വലിംഗ വിവാഹം നിയമവിധേയമാക്കിയ രാജ്യമാണല്ലോ അയര്‍ലണ്ട്.
അടിക്കുറിപ്പ്: 4 months 3 weeks and 2 days എന്ന പേരിലുള്ള റൊമേനിയന്‍ (2007) ചിത്രമാണ് സംവിധായകന്‍ ക്രിസ്റ്റ്യന്‍ മുന്‍ഗിയുവിനെ പ്രശസ്തിയുടെ കൊടുമുടിയില്‍ എത്തിച്ചത്. നാല് മാസവും മൂന്ന് ആഴ്ചയും രണ്ടു ദിവസവും ഇവിടെ ഒരു ഗര്‍ഭസ്ഥ ശിശുവിന്റെ, അല്ലെങ്കില്‍, ഭ്രൂണത്തിന്റെ പ്രായമാണ്. ചെല്‍സെക്യൂ ഭരണത്തിന്റെ എണ്‍പതുകളിലെ കിരാതനാളുകള്‍. അവിടെ ഗര്‍ഭഛിദ്രം അനുവദിച്ചിട്ടില്ലാത്തതിനാല്‍ ഇരുപതുകാരിക്ക് രഹസ്യ ഗര്‍ഭഛിദ്രം നടത്തേണ്ടിവരുന്ന നിഗൂഢമായ സാഹചര്യമാണ് തീവ്രമായ ഈ സിനിമ. ഓര്‍ത്തുപോയെന്നേയുള്ളൂ!
COMMENTS