ജാവേദ് റഹ്മാന് ബംഗളൂരു: കര്‍ണാടകത്തില്‍ തിരഞ്ഞെടുപ്പു ഫലം പുറത്തുവരുമ്പോള്‍ വ്യക്തമാകുന്നത് പ്രബലരായ ലിംഗായത്ത് വിഭാഗക്കാരെ വലവീശിപ്പ...
ജാവേദ് റഹ്മാന്
ബംഗളൂരു: കര്‍ണാടകത്തില്‍ തിരഞ്ഞെടുപ്പു ഫലം പുറത്തുവരുമ്പോള്‍ വ്യക്തമാകുന്നത് പ്രബലരായ ലിംഗായത്ത് വിഭാഗക്കാരെ വലവീശിപ്പിടിക്കാനായി സിദ്ധരാമയ്യ സര്‍ക്കാര്‍ ചെയ്തതൊന്നും ഫലപ്രദമായില്ലെന്നാണ്.ലിംഗായത്ത് (വീരശൈവ) വിഭാഗത്തിന് മതന്യൂനപക്ഷ പദവി നല്കാന് വൈകിയാണെങ്കിലും സിദ്ധരാമയ്യ സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനത്തിന്റെ ബലത്തിലായിരുന്നു കോണ്‍ഗ്രസ്. പക്ഷേ, ആ നീക്കത്തെ സമര്‍ത്ഥമായാണ് ബിജെപി വെട്ടിയത്.
ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബിഎസ് യെഡിയൂരപ്പ തന്നെ ലിംഗായത്ത് വിഭാഗക്കാരനാണ്. അതു തന്നെയാണ് ലിംഗായത്തുകളോട് തങ്ങള്‍ക്കുള്ള കൂറിന്റെ ഏറ്റവും വിലയ തെളിവായി അവര്‍ വച്ചതും. കുറുബ ഗൗഡ വിഭാഗക്കാരനായ കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയ്ക്ക് പക്ഷേ, ബിജെപിയുടെ ഈ ജാതിക്കാര്ഡിനെ വെട്ടുക എളുപ്പമായിരുന്നില്ല.
ലിംഗായത്തുകളെ സ്വാധീനിക്കുന്നതില്‍ ബിജെപി വിജയിക്കുകയും ചെയ്തു. പ്രബലരായ ലിംഗായത്ത് നേതാക്കളെ രംഗത്തിറക്കി ബിജെപി തിരഞ്ഞെടുപ്പു പ്രക്രിയയില്‍ സജീവമായ ഇടപെടല്‍ നടത്തി. മഹാരാഷ്ട്രയിലെ ലിംഗായത്തു നേതാക്കളെയും അവര്‍ കര്‍ണാടകത്തില്‍ പ്രചരണത്തിനിറക്കി.
പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രചരണത്തില്‍ ഏറ്റവുമധികം ശ്രദ്ധിച്ചതും ലിംഗായത്ത് മേഖലയിലാണ്. ഇതെല്ലാം ഫലത്തില്‍ ബിജെപിക്കു ഗുണമായി മാറുകയായിരുന്നു. ലിംഗായത്തുകള്‍ക്ക് ഭൂരിപക്ഷമുള്ള 36 സീറ്റുകളില്‍ ബിജെപി മുന്നിട്ടു നില്‍ക്കെ, 16 ഇടത്തു മാത്രമാണ് കോണ്‍ഗ്രസിനു നേട്ടമുണ്ടാക്കാനായത്. മറ്റു പല സീറ്റുകളിലും ലിംഗായത്ത് വോട്ടുകള്‍ നിര്‍ണായകമാവുകയും ചെയ്തിട്ടുണ്ട്.
Keywords: Karnataka Elections, BJP, Congress, Lingayats
COMMENTS