സ്വന്തം ലേഖകന്‍ കൊല്ലം: പ്രതീക്ഷിച്ചതുപോലെ കാനം വിഭാഗം കൂടുതല്‍ ആധിപത്യം നേടിക്കൊണ്ട്, കൊല്ലത്തു നടക്കുന്ന സിപി ഐ പാര്‍ട്ടി കോണ്‍ഗ്രസ...
സ്വന്തം ലേഖകന്‍
കൊല്ലം: പ്രതീക്ഷിച്ചതുപോലെ കാനം വിഭാഗം കൂടുതല്‍ ആധിപത്യം നേടിക്കൊണ്ട്, കൊല്ലത്തു നടക്കുന്ന സിപി ഐ പാര്‍ട്ടി കോണ്‍ഗ്രസില്‍ മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയും എംഎല്‍എയുമായ സി. ദിവാകരനെ ദേശീയ കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കി. കൂടാതെ സത്യന് മൊകേരി, സി.എന്‍. ചന്ദ്രന്, കമലാ സദാനന്ദന്, സി.എന്‍. ജയദേവന്എന്നിവരേയും ഒഴിവാക്കി.
പന്ന്യന്‍ രവീന്ദ്രന്, കാനം രാജേന്ദ്രന്, കെ.ഇ. ഇസ്മായില്‍, ബിനോയ് വിശ്വം എന്നിവരാണ് ഇപ്പോള്‍ ദേശീയ എക്സിക്യൂട്ടിവില്‍ കേരളത്തെ പ്രതിനിധാനം ചെയ്യുന്നത്. സി.എന്‍. ജയദേവന്, സി.എ. കുര്യന്, ടി.വി. ബാലന്, ജെ. ചിഞ്ചുറാണി, കെ. പ്രകാശ് ബാബു, കെ. രാജന് എന്നിവരെ ദേശീയ കൗണ്‍സിലില്‍ നിലനിറുത്തി. സി.എ. കുര്യന് കണ്ട്രോള് കമ്മിഷനിലും അംഗമാണ്.
പുറത്താക്കപ്പെടുമെന്നു കരുതിയിരുന്ന കെഇ ഇസ്മായിലിനെ നിലനിറുത്തിയതും ശ്രദ്ധേയമായി. കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്ക് നിരക്കാത്ത രീതിയില്‍ യു.എ.ഇയില്‍ ആഡംബരജീവിതം നയിച്ചു എന്നതടക്കമുള്ള ആരോപണങ്ങള്‍ ഇസ്മായിലിനു നേര്‍ക്ക് ഉയര്‍ന്നിരുന്നു. ഇസ്മായിലിനെ തല്ക്കാലം തുടരാന്‍ അനുവദിക്കണമെന്ന് പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ച കണ്ട്രോള് കമ്മിഷന് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു. ഇത് പ്രതിനിധി യോഗം അംഗീകരിച്ചു.
അറിയപ്പെടുന്ന കാനം വിരുദ്ധപക്ഷക്കാരനാണ് ദിവാകരന്. എന്‍. രാജന്, എന്‍. അനിരുദ്ധന്, പി. വസന്തം, കെ.പി. രാജേന്ദ്രന്, ഇ. ചന്ദ്ര ശേഖരന്, മഹേഷ് കക്കത്ത് (കാന്‍ഡിഡേറ്റ് അംഗം) എന്നിവര്‍ ദേശീയ കൗണ്‍സിലിലേക്ക് ഇടംപിടിച്ചപ്പോഴാണ് ദിവാകരന് ഒഴിവാക്കപ്പെട്ടത്.
തന്നെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് ദിവാകരന് കേരളത്തില്‍ നിന്നള്ള പ്രതിനിധികളുടെ യോഗത്തില്‍ പങ്കെടുത്തില്ല. ഗോഡ്ഫാദര്‍മാരില്ലെന്നും ആരുടെയും സഹായത്തില്‍ തുടരാനില്ലെന്നും സി. ദിവാകരന് മാധ്യമങ്ങളോട് പ്രതികരിച്ചത് പാര്‍ട്ടിയിലെ അസ്വാരസ്യങ്ങള്‍ പുറത്തുവരുന്നതിനും കാരണമായി.
ഗോഡ്ഫാദര്മാരെ അംഗീകരിക്കില്ല. മുതിര്‍ന്നവരെ ബഹുമാനിക്കുന്ന പാര്‍ട്ടിയാണ് സി.പി.ഐയെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട രാഷ്ട്രീയ തീരുമാനങ്ങളും നിലപാടുകളും ഉറപ്പിച്ച് പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന്തിരശ്ശീല വീഴും.
COMMENTS