എസ് ജഗദീഷ് ബാബു സ്വകാര്യതയുടെ വാതായനങ്ങള്‍ ഫേസ് ബുക്കിലൂടെ തുറന്നിട്ടതിന് ഇന്ത്യ വന്‍വില കൊടുക്കേണ്ടിവരുമോ? 25 കോടിയോളം വരുന്ന ഫേസ് ബു...
എസ് ജഗദീഷ് ബാബു
സ്വകാര്യതയുടെ വാതായനങ്ങള്‍ ഫേസ് ബുക്കിലൂടെ തുറന്നിട്ടതിന് ഇന്ത്യ വന്‍വില കൊടുക്കേണ്ടിവരുമോ? 25 കോടിയോളം വരുന്ന ഫേസ് ബുക്ക് പങ്കാളികളെ കേന്ദ്ര സര്‍ക്കാര്‍ ഭയപ്പെടുന്നു. 2019ലെ തിരഞ്ഞെടുപ്പില്‍ സോഷ്യല്‍ മീഡിയയിലൂടെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ രാഹുല്‍ ഗാന്ധി ശ്രമിക്കുന്നു എന്നാണ് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ആരോപിച്ചിരിക്കുന്നത്.
അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ട്രംപിന്റെ വിജയത്തിനായി ഡേറ്റാ ബാങ്ക് അട്ടിമറിച്ച കേംബ്രിഡ്ജ് അനലിറ്റിക്ക എന്ന കമ്പനിയുമായി രാഹുല്‍ഗാന്ധി കാരാറുണ്ടാക്കിയെന്നാണ് കേന്ദ്രമന്ത്രി ആരോപിച്ചിരിക്കുന്നത്. എന്നാല്‍ മോദി സര്‍ക്കാരാണ് ബിഹാര്‍ തിരഞ്ഞെടുപ്പുകാലം മുതല്‍ കേംബ്രിഡ്ജ് കമ്പനിയുമായി കരാറുണ്ടാക്കിയതെന്നാണ് കോണ്‍ഗ്രസ് വക്താവിന്റെ മറുപടി. ബി.ജെ.പി.യുടെ ഘടകകക്ഷിയായ ജെ.ഡി.യുവിന്റെ ഉന്നതനേതാവിന്റെ മകനാണ് കേംബ്രിഡ്ജ് കമ്പനിയുടെ ഇന്ത്യയിലെ പ്രതിനിധിയെന്ന് കോണ്‍ഗ്രസ് തിരിച്ചടിക്കുന്നു.
സ്വകാര്യത മൗലികാവകാശമാണെന്ന് സുപ്രീം കോടതി വിധിച്ചെങ്കിലും ആ സ്വകാര്യതയാണ് ഞാനും നിങ്ങളും ഉള്‍പ്പെടെയുള്ള പൗരന്മാര്‍ ഫേസ് ബുക്കിലൂടെ ഈ കുത്തകകള്‍ക്ക് പങ്കുവയ്്ക്കുന്നത്. നമ്മള്‍ എന്തു സോപ്പ് ഉപയോഗിക്കണം, ഏത് പൗഡറിടണം എന്നെല്ലാം ആഗോളകുത്തകകള്‍ തീരുമാനിച്ച് തുടങ്ങിയിട്ട് കാലം ഏറെയായി.
ഫേസ് ബുക്കിന്റെയും വാട്‌സാപ്പിന്റെയും ട്വിറ്ററിന്റേയും വരവോടെ ഇതെല്ലാം എളുപ്പമായി. സോഷ്യല്‍ എഞ്ചിനീയറിങിലൂടെ 25 കോടിയോളം വരുന്ന ഇന്ത്യക്കാരുടെ എല്ലാ വിവരങ്ങളും ഇപ്പറഞ്ഞ കേംബ്രിഡ്ജ് പോലെയുള്ള കമ്പനികള്‍ക്ക് ചോര്‍ത്തുകയോ വില്‍ക്കുകയോ ചെയ്യാം.
ഒരു രാഷ്ട്രീയവും ഇല്ലാത്ത വീട്ടമ്മയുടെ പോലും ഫേസ് ബുക്ക് സംവാദത്തിലൂടെ അവരുടെ പക്ഷം തിരിച്ചറിയാനാകും. ഇത്തരത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വന്‍ പണം മുടക്കി ഫേസ് ബുക്ക് വിവരങ്ങള്‍ മൊത്തമായും വാങ്ങുകയും അതനുസരിച്ച് തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയും ചെയ്യും.
യു.പിയിലും ബീഹാറിലുമുണ്ടായ പരാജയത്തോടെ ബി.ജെ.പി. രാഹുല്‍ ഗാന്ധിയെ ഭയപ്പെട്ടുതുടങ്ങി എന്നതിന്റെ തെളിവാണ് മന്ത്രി രവിശങ്കര്‍ പ്രസാദ് ഉന്നയിച്ചിരിക്കുന്ന ആരോപണം. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അടക്കം സോഷ്യല്‍ മീഡിയ വഴി പുതിയ തലമുറയെ കയ്യിലെടുക്കാനുള്ള കരുനീക്കങ്ങളാണ് നടത്തുന്നത്. ആധാറിലെ വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയുമെങ്കില്‍ തുറന്നുവച്ചിരിക്കുന്ന ഫേസ് ബുക്കിലെ വിവരങ്ങള്‍ സാങ്കേതിക വിദ്യയും സോഷ്യല്‍ എഞ്ചിനീറിങും അറിയുന്ന ആര്‍ക്കും ഇഷ്ടം പോലെ പ്രയോജനപ്പെടുത്താനാകും.
സുപ്രീംകോടതി ഉത്തരവിട്ട സ്വകാര്യത മൗലികാവകാശമാണെന്ന ബോധം ഓരോ പൗരനും വേണം. ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സോഷ്യല്‍ മീഡിയയെ നിയന്ത്രിക്കുന്നതുപോലെ ഒരു നിയമം ഇന്ത്യയിലില്ല. സ്വകാര്യതെ ബാധിക്കുന്ന ഇത്തരം ഡേറ്റ സംരക്ഷിക്കാനുള്ള നിയമം കൊണ്ടുവരികയാണ് വേണ്ടത്. അതിന് മുന്‍കൈ എടുക്കാനുള്ള ബാധ്യത രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രി മോദിക്കും ബി.ജെ.പി.ക്കുമാണ്.
സോഷ്യല്‍ മീഡിയയെ നിയന്ത്രിക്കാന്‍ നിയമമില്ലാതെ രാഹുല്‍ ഗാന്ധി അത് പ്രയോജനപ്പെടുത്തുന്നു എന്ന് വിലപിച്ചിട്ട് കാര്യമില്ല. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ 13 കോടിയോളം പുതിയ വോട്ടര്‍മാരാണുള്ളത്. അവര്‍ ഭൂരിപക്ഷവും ഫേസ് ബുക്കിലും മറ്റും പങ്കാളികളുമാണ്. ഇവരെ സ്വാധീനിക്കാന്‍ സോഷ്യല്‍ മീഡിയ തന്നെ എല്ലാ പാര്‍ട്ടിക്കാര്‍ക്കും വേണ്ടിവരും. ഏറ്റവും സമര്‍ത്ഥമായി സോഷ്യല്‍ എഞ്ചിനീയറിങ് നടത്തുന്നവര്‍ക്ക് ആമയെപ്പോലെ മുയലിനെ തോല്‍പ്പിക്കാനാകും.
Keywords: Facebook, Narendramodi, Mark Zuckerberg
COMMENTS