സിദ്ധാര്‍ത്ഥ് ശ്രീനിവാസ് കൊല്ലം: ചെങ്കോട്ട-കൊല്ലം ബ്രോഡ്‌ഗേജ് പാതയില്‍ ഓടിയ ആദ്യ ട്രെയിനില്‍ എന്‍കെ പ്രേമചന്ദ്രന്‍ എംപിയുടെ കൂറ്റന്‍...
സിദ്ധാര്‍ത്ഥ് ശ്രീനിവാസ്
കൊല്ലം: ചെങ്കോട്ട-കൊല്ലം ബ്രോഡ്‌ഗേജ് പാതയില്‍ ഓടിയ ആദ്യ ട്രെയിനില്‍ എന്‍കെ പ്രേമചന്ദ്രന്‍ എംപിയുടെ കൂറ്റന്‍ ചിത്രം വച്ചു മാലയിട്ടതും എന്‍ജിനു മുന്നില്‍ ബിജെപിയുടെ കൊടി കെട്ടിയതും വിവാദമായി മാറുന്നു.
എന്‍ജിനു മുന്നില്‍ പ്രേമചന്ദ്രന്‍ കയറിനിന്നു യാത്ര ചെയ്തതും നിയമപ്രശ്‌നമായിട്ടുണ്ട്. പ്രേമചന്ദ്രനൊപ്പം പൊലീസ് ഓഫീസറും മറ്റു ചിലരും എന്‍ജിനില്‍ കയറിനിന്നിരുന്നു.
ട്രെയിന്‍ ഓടിക്കാനായത് തന്റെ നേട്ടമാണെന്ന് പ്രേമചന്ദ്രനും കൊടിക്കുന്നില്‍ സുരേഷും പറയുന്നുണ്ട്. തന്റെ കഷ്ടപ്പാടുകളുടെ ഫലമാണ് പാത യാഥാര്‍ത്ഥ്യമാക്കിയതെന്നും കേന്ദ്രത്തില്‍ താന്‍ ഇപ്പോഴും ഇക്കാര്യത്തിനായി സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നും കൊടിക്കുന്നില്‍ സുരേഷ് പറയുന്നു.
എന്നാല്‍, മറ്റാരുമല്ല, താനാണ് ഈ പാതയ്ക്കു വേണ്ടി ഏറെ കഷ്ടപ്പെട്ടതെന്ന് എന്‍കെ പ്രേമചന്ദ്രന്‍ പറയുന്നു. ഇന്നലെ ഉദ്ഘാടന യാത്രയിലെ താരമായി നിറഞ്ഞുനിന്നതും പ്രേമചന്ദ്രനായിരുന്നു. പ്രേമചന്ദ്രന്‍ ഉദ്ഘാടനയാത്ര ഹൈജാക്ക് ചെയ്‌തെന്നാണ് എതിര്‍ ചേരിയുടെ പരാതി.
ചിത്രങ്ങള്‍ക്കു കടപ്പാട്: എന്‍ കെ പ്രേമചന്ദ്രന്‍
എംപിയുടെ ഫേസ് ബുക്ക് പേജ്
ലോക് സഭയുടെ വനം പരിസ്ഥിതി സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗമെന്ന നിലയില്‍ തന്റെ ഇടപെടലുകളാണ് എളുപ്പം പാതയ്ക്കു നിര്‍മാണ അനുമതി കിട്ടാന്‍ കാരണമായതെന്നും അവര്‍ പറയുന്നു.
ഇവര്‍ക്കെല്ലാം പുറമേ, കന്യാകുമാരി എംപിയും കേന്ദ്രമന്ത്രിയുമായ പൊന്‍ രാധാകൃഷ്ണന്റെ അനുയായികള്‍ പറയുന്നത്, ഈ നേട്ടത്തിന്റെ അവകാശി രാധാകൃഷ്ണനാണെന്നാണ്. കേന്ദ്രമന്ത്രിയെന്ന നിലയില്‍ പൊന്‍ രാധാകൃഷ്ണന്‍ നടത്തിയ ശ്രമങ്ങളുടെ ഫലമാണ് ട്രെയിന്‍ ഓടാന്‍ കാരണമായതെന്നു ബിജെപി നേതൃത്വം അവകാശപ്പെടുന്നു.
നേട്ടം മറ്റുള്ളവര്‍ ഹൈജാക്ക് ചെയ്യുന്നത് ഒഴിവാക്കാനാണ് ബിജെപി ട്രെയിനിനു മുന്നില്‍ തങ്ങളുടെ കൊടി കെട്ടിവച്ചതും. സാധാരണ ദേശീയ പതാകയോ കൊടിതോരണങ്ങളോ അല്ലാതെ മറ്റൊന്നും ഇത്തരം അവസരങ്ങളില്‍ ട്രെയിനില്‍ കെട്ടാറില്ല. ദേശീയ പതാക കെട്ടുന്നതിനു പോലും നിയന്ത്രണമുണ്ടെന്നിരിക്കെയാണ് പാര്‍ട്ടിക്കൊടി കെട്ടിയതും എംപിയുടെ ചിത്രം വച്ചതും.
വിഷയം വിവാദമായതോടെ റെയില്‍വേ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ റെയില്‍വേ ഉദ്യോഗസ്ഥരെ ബലിയാടാക്കി പ്രശ്‌നം അവസാനിപ്പിക്കാനാണ് സാദ്ധ്യത.
പാത കമ്മിഷന്‍ ചെയ്യുന്നതിന്‍െര ഭാഗമായി സ്‌പെഷ്യല്‍ ട്രെയിനാണ് ഓടിച്ചത്. താംബരത്തു നിന്നു കൊല്ലത്തേയ്ക്കും തിരിച്ചുമായിരുന്നു സ്‌പെഷ്യല്‍ ട്രെയിന്‍.
വെള്ളിയാഴ്ച വൈകിട്ട് 5.30ന് പുറപ്പെട്ട ട്രെയിന്‍ ശനിയാഴ്ച പുലര്‍ച്ചെ 5.50 ന് ചെങ്കോട്ടയിലെത്തി.
ട്രെയിനിനു സ്വീകരണവും അതേസമയം തന്നെ പലേടത്തും പ്രതിഷേധവുമുണ്ടായി. പണി യഥാസമയം തീര്‍ക്കാതെ ട്രെയിന്‍ ഓടിച്ചതാണ് പ്രതിഷേധത്തിനു കാരണമായത്.
കൊല്ലം- ചെങ്കോട്ട മീറ്റര്‍ഗേജ് പാതയാണ് ബ്രോഡ് ഗേജാക്കി മാറ്റിയത്. പണി പൂര്‍ത്തിയാവാന്‍ ഏഴര വര്‍ഷമെടുത്തു. കൊല്ലം-മധുര ദൂരത്തില്‍ 112 കിലോമീറ്റര്‍ കുറയ്ക്കാനാവുന്നതാണ് പുതിയ പാത.
COMMENTS