ധര്‍മശാല: ശ്രീലങ്കയ്ക്കു മുന്നില്‍ ചരിത്രത്തിലെ ഏറ്റവും മാനംകെട്ട തോല്‍വികളിലൊന്നു ഇരന്നുവാങ്ങി ഇന്ത്യ. 35 റണ്‍സിനു പുറത്തായി സിംബാബ് വെ...
ധര്‍മശാല: ശ്രീലങ്കയ്ക്കു മുന്നില്‍ ചരിത്രത്തിലെ ഏറ്റവും മാനംകെട്ട തോല്‍വികളിലൊന്നു ഇരന്നുവാങ്ങി ഇന്ത്യ. 35 റണ്‍സിനു പുറത്തായി സിംബാബ് വെയുണ്ടാക്കിയ മാനക്കേടിലും വലിയ മാനക്കേട് ഇന്ത്യയുണ്ടാക്കുമെന്നു കരുതിയെങ്കിലും എംഎസ് ധോണിയെന്ന ഒറ്റയാള്‍ പട്ടാളം സമയോചിതമായി ഇടപെട്ട് ആ ദുരന്തം ഒഴിവാക്കി.
പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ ആദ്യം ബാറ്റുചെയ്ത ഇന്ത്യ 113 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു.
വിജയലക്ഷ്യം 29.2 ഓവര്‍ ബാക്കിനില്‍ക്കെ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ലങ്ക അടിച്ചുകൂട്ടി. ഇതോടെ മൂന്നു മത്സര പരമ്പരയില്‍ ലങ്ക 1-0ന് മുന്നിലെത്തി.
തുടരെ കളിച്ചു ക്ഷീണിച്ചുവെന്നു പരാതി പറഞ്ഞ വിരാട് കോലിക്ക് വിശ്രമം അനുവദിച്ചതിനാല്‍ രോഹിത് ശര്‍മയാണ് ഇന്ത്യയെ നയിച്ചത്. ശര്‍മയുടെ നായകസ്ഥാനം അതിദയനീയ പരാജയമായി മാറുകയും ചെയ്തു.
38.2 ഓവറില്‍ 112 റണ്‍സിന് ഇന്ത്യയുടെ പുകഴ്‌പെറ്റ ബാറ്റിംഗ് കൊട്ടാരം തകര്‍ന്നടിയുകയായിരുന്നു. 65 റണ്‍സുമായി പൊരുതിയ ധോണി മാത്രമാണ് ഇന്ത്യന്‍ നിരയില്‍ പിടിച്ചുനിന്നത്. വയസ്സനായ ധോണി എന്തിനു ടീമിലെന്നു ചോദിക്കുന്നവര്‍ക്കുള്ള മറുപടിയായി മുന്‍ക്യാപ്ടന്റെ ഗംഭീര ഇന്നിംഗ്‌സ്.
17 ഓവറില്‍ 29 റണ്‍സെടുക്കുന്നതിനിടെ ഇന്ത്യയുടെ ഏഴു വിക്കറ്റുകളാണ് തെറിച്ചത്. അന്‍പതു റണ്‍സിനകത്ത് ഒതുങ്ങി വന്‍ മാനക്കേടു വരുത്തിവയ്ക്കുമെന്നു കരുതിയ ഇന്ത്യയെ ഒരറ്റത്തുനിന്നു ധോണിയാണ് ചുമലിലേറ്റി ഈ നിലയിലെങ്കിലും എത്തിച്ചത്. ധോണി ഏറ്റവും ഒടുവില്‍ പുറത്തായി.
ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡ് തുറക്കും മുന്പ് ശിഖര്‍ ധവാന്‍ വീണു. ക്യാപ്ടന്‍ രോഹിത് ശര്‍മ ണ്ടു റണ്‍സുമായി നായകന്‍ മടങ്ങി.
പകുതി മലയാളിയായ ശ്രേയസ് അയ്യര്‍ ഒന്‍പതു റണ്‍സിനു പുറത്തായി. ദിനേഷ് കാര്‍ത്തിക് (0), മനീഷ് പാണ്ഡെ (2), ഹര്‍ദിക്ക് പാണ്ഡ്യ (10), ഭുവനേശ്വര്‍ കുമാര്‍ (0) എന്നിവര്‍ കൂടാരം കയറുമ്പോള്‍ ഇന്ത്യ ഏഴു വിക്കറ്റിന് 29 റണ്‍സ് എന്ന നിലയിലായിരുന്നു.
പത്തോവറും ഒറ്റ സ്‌പെല്ലില്‍ എറിഞ്ഞ് സുരംഗ ലക്മലാണ് 13 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി ഇന്ത്യയ്ക്കു മാരക പ്രഹരമേല്‍പ്പിച്ചത്.
തുടര്‍ന്ന് എട്ടാം വിക്കറ്റില്‍ ധോണിയും കുല്‍ദീപ് യാദവും ചേര്‍ന്ന് 41 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യയെ വലിയൊരു മാനക്കേടിന്റെ പടുകുഴിയില്‍ നിന്നു കരകയറ്റുകയായിരുന്നു.
19 റണ്‍സ് നേടിയ കുല്‍ദീപ് പുറത്തായി. പിന്നെ ധോണി ധോണി ആഞ്ഞടിക്കാന്‍ തുടങ്ങി.
19 റണ്‍സിനിടെ രണ്ടു വിക്കറ്റ് വീഴ്ത്തി ഇന്ത്യന്‍ ബൗളര്‍മാര്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്ന പ്രതീക്ഷയുണ്ടാക്കി. എന്നാല്‍, 49 റണ്‍സുമായി ഉപുല്‍ തരംഗ ലങ്കന്‍ മുന്നേറ്റത്തിനു ചുക്കാന്‍ പിടിച്ചു.
തരംഗ പുറത്തായതില്‍ പിന്നെ ഏഞ്ചലോ മാത്യൂസും (25), നിരോഷന്‍ ഡിക്‌വെല്ല (26)യും ചേര്‍ന്നു ലങ്കയെ വിജയതീരത്തെത്തിച്ചു.
ഹര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
Keywords: India, Sri Lanka, Cricket, Sports, Upul Taranga
COMMENTS