ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെ ലാവ്‌ലിന്‍ കേസില്‍ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി നടപടിക്കെതിരേ, സിബി ഐ സുപ്രീം കോടതിയില്‍ അപ്പീ...
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെ ലാവ്‌ലിന്‍ കേസില്‍ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി നടപടിക്കെതിരേ, സിബി ഐ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്കി. ഹൈക്കോടതി വിധി വന്നു 90 ദിവസത്തിനകം അപ്പീല്‍ നല്കണമെന്ന ചട്ടം പാലിക്കാനാവാതെ പോയതിനാല്‍ ക്ഷമാപണത്തോടെയാണ് സിബി ഐ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
കേസില്‍ പിണറായി, മുന്‍ ഊര്‍ജ സെക്രട്ടറി കെ. മോഹനചന്ദ്രന്‍, ഊര്‍ജ വകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി നടപടിക്കെതിരേയാണ് അപ്പീല്‍. മുകേഷ് കുമാര്‍ മറോറിയാണ് സിബിഐക്കു വേണ്ടി അപ്പീല്‍ ഫയല്‍ ചെയ്തിരിക്കുന്നത്.
വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയനെതിരേ ലാവലിന്‍ ഇടപാടിലെ അഴിമതിയില്‍ വ്യക്തമായ തെളിവുകളുണ്ടെന്നും പിണറായി അറിയാതെ ഇടപാട് നടക്കില്ലെന്നും സിബിഐ അപ്പീലില്‍ അടിവരയിട്ടു പറയുന്നു.
ലാവ്‌ലിന്‍ കേസില്‍ പിണറായിയെ കുറ്റവിമുക്തനാക്കിയിട്ടും തങ്ങളെ പ്രതിക്കൂട്ടില്‍ നിറുത്തുന്നതിനെതിരേ കെഎസ്ഇബി ഉദ്യോഗസ്ഥരായ ആര്‍. ശിവദാസനും കസ്തൂരിരംഗ അയ്യരും നല്‍കിയ അപ്പീല്‍ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്. മുന്‍ ചീഫ് അക്കൗണ്ട്‌സ് ഓഫീസര്‍ കെ.ജി. രാജശേഖരന്‍ നായരും വിചാരണ നേരിടണമെന്നു ഹൈക്കോടതി വിധിച്ചിരുന്നു.
മുകുള്‍ റോഹ്തഗിയാണ് ശിവദാസന്റെ അഭിഭാഷകന്‍. വിഷയം മന്ത്രിസഭാ തീരുമാനവുമായി ബന്ധപ്പെട്ടതായതിനാല്‍ എല്ലാ ഹര്‍ജികളും ഒന്നിച്ചു പരിഗണിക്കണമെന്നാണ് ശിവദാസന്റെ ആവശ്യം. തുടര്‍ന്ന് ഈ കേസില്‍ വാദം കേള്‍ക്കുന്നത് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ച് ജനുവരിയിലേക്കു മാറ്റിയിട്ടുണ്ട്.
ഓഗസ്റ്റ് 23നാണ് പിണറായിയെ കുറ്റവിമുക്തനാക്കി ഹൈക്കോടതി ഉത്തരവിട്ടത്. ചട്ടപ്രകാരം 90 ദിവസത്തിനകം വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കേണ്ടതുണ്ടായിരുന്നു. നവംബര്‍ 21ന് ഈ സമയപരിധി അവസാനിച്ചിരുന്നു.
ഇതിനെ തുടര്‍ന്നാണ് വൈകിയതിന് ക്ഷമാപണത്തോടെയുള്ള അപ്പീല്‍ ഫയല്‍ ചെയ്തിരിക്കുന്നത്. പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരിക്കെ പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത നിലയങ്ങളുടെ നവീകരണത്തിന് പദ്ധതിയുണ്ടാക്കിയതില്‍ 374 കോടിയുടെ നഷ്ടമുണ്ടായെന്നതാണ് ലാവ്‌ലിന്‍ കേസ്.
ഈ വിഷയത്തില്‍ അന്നു മന്ത്രിയായിരുന്ന പിണറായി വിജയന്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയതായി സി.ബി.ഐയുടെ കുറ്റപത്രത്തില്‍ ഇല്ലെന്നു പറഞ്ഞായിരുന്നു ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്.
ഇടപാടില്‍ പിണറായി വിജയന് സത്യസന്ധമല്ലാത്തതോ ദുരുദ്ദേശ്യമുള്ളതോ ആയ എന്ത് പങ്കാണുള്ളതെന്ന് വിശദീകരിക്കാന്‍ സി.ബി.ഐക്ക് കഴിഞ്ഞില്ലെന്നും കോടതി പറഞ്ഞിരുന്നു.
Keywords: Pinarayi Vijayan, CBI, Lavlin Case


COMMENTS