സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടി കായൽ കൈയേറിയതു സംബന്ധിച്ച ആലപ്പുഴ കളക്ടർ ടിവി അനുപമയുടെ റിപ്പോർട്ട് നിയമസാധുത...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടി കായൽ കൈയേറിയതു സംബന്ധിച്ച ആലപ്പുഴ കളക്ടർ ടിവി അനുപമയുടെ റിപ്പോർട്ട് നിയമസാധുതയുള്ളതാണെന്നും സർക്കാരിനു തുടർ നടപടി സ്വീകരിക്കാമെന്നും അഡ്വക്കേറ്റ് ജനറൽ നിയമോപദേശം നല്കി. ഇതോടെ മന്ത്രിയുടെ രാജി ആസന്നമായി.മന്ത്രിയുടെ കൈയേറ്റം ഗുരുതരംതന്നെയെന്നാണ് അഡ്വക്കേറ്റ് ജനറൽ സുധാകര പ്രസാദ് വിലയിരുത്തുന്നത്.
അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ അടിയന്തര ഇടതു മുന്നണി യോഗം ഞായറാഴ്ച ചേരുന്നുണ്ട്. ഇതിനു മുൻപ് മന്ത്രി രാജിവയ്ക്കുമോ എന്നറിയില്ല.
ചാണ്ടിയുടെ പ്രതീക്ഷയെല്ലാം തകിടം മറിച്ചുകൊണ്ട്, അദ്ദേഹം എത്രയും വേഗം രാജിവച്ചൊഴിയുകയാണ് വേണ്ടതെന്ന് സിപി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ആവശ്യപ്പെട്ടു. പാര്‍ട്ടി എക്‌സിക്യൂട്ടിവിലെ റിപ്പോര്‍ട്ടിംഗിനിടെയാണ് കാനം ഈ ആവശ്യം ഉന്നയിച്ചത്.
തോമസ് ചാണ്ടി രാജിവച്ചൊഴിയുന്നതായിരിക്കും അദ്ദേഹത്തിനും പാര്‍ട്ടിക്കും സര്‍ക്കാരിനും നല്ലതെന്നു സിപിഎം നേതൃത്വം അറിയിച്ചെങ്കിലും ഉടന്‍ രാജിക്കില്ലെന്ന നിലപാടാണ് മന്ത്രി കൈക്കൊണ്ടിരിക്കുന്നത്. ഇതാണ് പെട്ടെന്ന് എല്‍ഡിഎഫ് വിളിക്കാന്‍ കാരണമായിരിക്കുന്നത്.
മന്ത്രിയുടെ രാജിക്കാര്യത്തില്‍ എന്‍സിപി തന്നെ നിലപാടെടുത്ത് അറിയിക്കണമെന്ന് സിപിഎം ഔദ്യോഗികമായി ആവശ്യപ്പെട്ടതിനു പിന്നാലെയാണ് രാജിക്കില്ലെന്നു തോമസ് ചാണ്ടിയും അദ്ദേഹത്തെ പിന്തുണയ്ക്കുന്നതായി എന്‍സിപിയും പറഞ്ഞത്. ഇതേസമയം, എന്‍സിപി ദേശീയ നേതൃത്വത്തിന്റെ നിലപാട് കേരള ഘടകം തേടിയിട്ടുണ്ട്. ഇക്കാര്യത്തില്‍ എജിയുടെ നിലപാടു കൂടി വന്നിട്ടു രാജിക്കാര്യം തീരുമാനിച്ചാല്‍ മതിയെന്നും എന്‍സിപിയില്‍ ഒരു വിഭാഗം പറഞ്ഞിരുന്നു. ഇപ്പോള്‍ റിപ്പോര്‍ട്ടു വന്നിരിക്കെ, അവര്‍ക്കു മിണ്ടാനാവാത്ത സ്ഥിതിയായിട്ടുണ്ട്.
മുഖ്യമന്ത്രി പച്ചക്കൊടി കാട്ടിയാല്‍ മന്ത്രിയോട് ഒഴിഞ്ഞു പോകാന്‍ തന്നെ സിപിഎം നേതൃത്വം ആവശ്യപ്പെട്ടേക്കും. മറ്റൊരു കക്ഷിയിലെ മന്ത്രിയോടു രാജിവയ്ക്കാന്‍ സിപിഎം പറയുന്നത് മുന്നണി മര്യാദയല്ലെന്നതിനാലാണ് എന്‍സിപിയോട് നിലപാട് അറിയിക്കാന്‍ സിപിഎം നേതൃത്വം ആവശ്യപ്പെട്ടത്. ഇതിനു സിപി ഐയുടെ പിന്തുണയുമുണ്ട്. ഈ ഘട്ടവും കടന്നാണ് ഇപ്പോള്‍ എല്‍ഡിഎഫ് വിളിക്കുന്നത്.
സോളാര്‍ കേസില്‍ പ്രതിപക്ഷത്തെ നിരവധി നേതാക്കള്‍ കുടുങ്ങി നില്‌ക്കെ, ഭരണപക്ഷത്തിനുണ്ടാക്കാമായിരുന്ന രാഷ്ട്രീയ നേട്ടങ്ങളെല്ലാം ചാണ്ടിയെ ചുമക്കുന്നതിലൂടെ നഷ്ടമാവുകയാണെന്നാണ് സിപിഎം നേതൃത്വത്തിലെ വലിയൊരു വിഭാഗം കരുതുന്നത്. ഇതിന്റെ തുടര്‍ച്ചയാണ് കഴിഞ്ഞ ദിവസം ചാണ്ടിയെ വിളിച്ചുവരുത്തി കാര്യങ്ങളുടെ ഗൗരവം മുഖ്യമന്ത്രി തന്നെ അദ്ദേഹത്തോടു വിശദീകരിച്ചത്.
ഇതോടെ, ചാണ്ടി സ്വയം രാജിവച്ചു പോകുമെന്ന ധാരണ പരന്നിരുന്നു. മാധ്യമങ്ങളെല്ലാം ഇതു റിപ്പോര്‍ട്ടു ചെയ്യുകയും ചെയ്തു. എന്നാല്‍, ഇന്നു ചാണ്ടിയെ പിന്തുണച്ചുകൊണ്ട് അദ്ദേഹത്തിന്റെ പാര്‍ട്ടിയായ എന്‍സിപിയുടെ നേതൃത്വം രംഗത്തുവന്നതോടെ കാര്യങ്ങള്‍ വീണ്ടും കുഴഞ്ഞുമറിയുകയാണ്.
മന്ത്രി തോമസ് ചാണ്ടിയുടെ രാജി തീരുമാനിക്കേണ്ടത് സര്‍ക്കാരും എല്‍ഡിഎഫും ആണെന്ന് മുന്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ കോഴിക്കോട്ടു പറയുകയുണ്ടായി. തോമസ് ചാണ്ടിയുടെ രാജിയും തന്റെ മന്ത്രിസ്ഥാനവും തമ്മില്‍ യാതൊരു ബന്ധവും ഇല്ലെന്നും അദ്ദേഹം പറഞ്ഞതോടെ, കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാവുകയാണ് ചെയ്തത്.
COMMENTS