കോഴിക്കോട്: കൊച്ചി മംഗളൂരു വാതക പൈപ്പ് ലൈന്‍ പദ്ധതിയുടെ അലൈന്‍മെന്റ് മാറ്റുന്ന പ്രശ്‌നമില്ലെന്നും വീടു നഷ്ടപ്പെടുന്നവരുടെ പുനരധിവാസം ഉറ...
കോഴിക്കോട്: കൊച്ചി മംഗളൂരു വാതക പൈപ്പ് ലൈന്‍ പദ്ധതിയുടെ അലൈന്‍മെന്റ് മാറ്റുന്ന പ്രശ്‌നമില്ലെന്നും വീടു നഷ്ടപ്പെടുന്നവരുടെ പുനരധിവാസം ഉറപ്പാക്കുമെന്നും വ്യവസായ മന്ത്രി എസി മൊയ്തീന്‍.
ഗെയില്‍ പദ്ധതിക്കെതിരേ മുക്കത്ത് നടക്കുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഒത്തുതീര്‍പ്പ് ചര്‍ച്ച വിജയമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
സ്ഥലമില്ലാത്തവരെ പുനരധിവസിപ്പിക്കുമെന്നും ഭൂമി വിനിയോഗ തുക കൂട്ടുന്നതിനായി ഗെയില്‍ അധികൃതരുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു.
കോഴിക്കോട് കളക്ടറേറ്റില്‍ നടന്ന ചര്‍ച്ചയില്‍ സമരത്തിനെതിരായ പൊലീസ് നടപടികളും ചര്‍ച്ചയായി.
പൊലീസ് നടപടികളെക്കുറിച്ച് മുഖ്യമന്ത്രിയെ അറിയിക്കുമെന്ന് മന്ത്രി സമരക്കാര്‍ക്ക് ഉറപ്പുകൊടുത്തു. പൊലീസ് നടപടികള്‍ അവസാനിപ്പിക്കണമെന്ന് സമരസമിതി ആവശ്യപ്പെട്ടു.
മുക്കം മേഖലയില്‍ നിന്നുള്ള ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടികളുടെ രണ്ട് വീതം പ്രതിനിധികള്‍, ഗെയില്‍ ഉദ്യോഗസ്ഥര്‍, സമരസമിതിയുടെ രണ്ട് പ്രതിനിധികള്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. രക്ഷാധികാരി അക്ബര്‍, കണ്‍വീനര്‍ അബ്ദുകള്‍ കരീം എന്നിവരാണ് സമരസമിതിക്ക് വേണ്ടി ചര്‍ച്ചയില്‍ പങ്കെടുത്തത്.
ചര്‍ച്ച വിജയമെന്നു മന്ത്രി പറഞ്ഞുവെങ്കിലും ഗെയില്‍ വിരുദ്ധ സമരം തുടരണയോ എന്ന് നാളെ തീരുമാനമെടുക്കുമെന്ന് സമരസമിതി വക്താക്കള്‍ പറഞ്ഞു. സര്‍ക്കാര്‍ നിലപാട് അപ്പടി അംഗീകരിക്കില്ലെന്ന് സമരസമിതി വ്യക്തമാക്കിയിട്ടുണ്ട്.
പദ്ധതിയുടെ അലൈന്‍മെന്റ് ജനവാസകേന്ദ്രങ്ങളില്‍നിന്നും മാറ്റണമെന്നും നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കണമെന്നുമായിരുന്നു സമരക്കാരുടെ പ്രധാന ആവശ്യങ്ങള്‍. ഇത് അംഗീകരിക്കാനാവില്ലെന്നു സര്‍ക്കാര്‍ പറഞ്ഞതോടെ തന്നെ ചര്‍ച്ച ഫലത്തില്‍ പരാജയപ്പെട്ടു.
ന്യായവില അനുസരിച്ചുള്ള നഷ്ടപരിഹാരത്തുക അംഗീകരിക്കാനാവില്ലെന്നും വിപണി വിലയുടെ നാലിരട്ടി വേണമെന്നും സമരസമിതി ആവശ്യപ്പെട്ടു. ഇതു നടക്കുന്ന കാര്യമല്ലെന്ന് മന്ത്രിയും പറഞ്ഞു. ഇതോടെയാണ് ചര്‍ച്ച പൊളിഞ്ഞത്. എന്നാല്‍, ചര്‍ച്ച വിജയമായിരുന്നുവെന്ന് മന്ത്രി അവകാശപ്പെടുകയും ചെയ്തു.
ഗെയില്‍ സമരം ജനങ്ങള്‍ക്കിടിയില്‍ തെറ്റിദ്ധാരണ പരത്തുകയാണെന്ന് യോഗത്തിനു ശേഷം വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി മൊയ്തീന്‍ ആരോപിച്ചതു തന്നെ ചര്‍ച്ച പരാജയപ്പെട്ടുവെന്നതിനു തെളിവായി.
COMMENTS