സ്വന്തം ലേഖകന്‍ കൊച്ചി: ചാലക്കുടിയില്‍ വസ്തു ബ്രോക്കര്‍ രാജീവ് കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ട് ഏഴാം പ്രതി അഡ്വക്കേറ്റ് സി.പി. ഉദയഭാ...
സ്വന്തം ലേഖകന്‍
കൊച്ചി: ചാലക്കുടിയില്‍ വസ്തു ബ്രോക്കര്‍ രാജീവ് കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ട് ഏഴാം പ്രതി അഡ്വക്കേറ്റ് സി.പി. ഉദയഭാനു സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.തനിക്ക് കേസില്‍ പങ്കില്ലെന്നും പ്രതികളുമായി ഗൂഢാലോചന നടത്തിയെന്നത് തെളിവില്ലാത്ത കാര്യമായതിനാല്‍ നിലനില്‍ക്കില്ലെന്നും ഉദയഭാനു വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.
ഇതേസമയം, കീഴടങ്ങാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് ഉദയഭാനു ആവശ്യപ്പെട്ടുവെങ്കിലും കോടതി അംഗീകരിച്ചില്ല.
ഏതു ഉന്നതനും മുകളിലാണ് നിയമമെന്നാണ് ഹൈക്കോടതിയിലെ അറിയപ്പെടുന്ന അഭിഭാഷകനായ ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് കോടതി പറഞ്ഞത്.
ഉദയഭാനുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് ആവശ്യമാണ്. അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ കീഴടങ്ങാമെന്ന് ഉദയഭാനു പറഞ്ഞുവെങ്കിലും അതും കോടതി അംഗീകരിച്ചില്ല.
നേരത്തേ ഈ കേസില്‍ ജസ്റ്റിസ് പി. ഉബൈദ് നല്കിയ ഇടക്കാല ഉത്തരവിനെയും കോടതി വിമര്‍ശിച്ചു. അന്വേഷണത്തെ തടസപ്പെടുത്തുന്നതായിരുന്നു ഇടക്കാല ഉത്തരവെന്ന് കോടതി പറഞ്ഞു.
കൊല്ലപ്പെട്ട രാജീവിന്റെ അമ്മ സുപ്രീംകോടതി ചീഫ് ജസ്റ്റീസിന് പരാതി നല്‍കിയിരുന്നു. ഇടക്കാല ഉത്തരവോടെ അഡ്വ. ഉദയഭാനുവിനെതിരായ കേസ് അന്വേഷണം നിലച്ചുവെന്നും ഉത്തരവ് അന്വേഷണത്തിന് തടസ്സം സൃഷ്ടിച്ചുവെന്നുമാണ് പരാതിയില്‍ പറഞ്ഞിരുന്നത്.
കുറ്റകൃത്യം നടന്ന ശേഷം മുഖ്യപ്രതി ചക്കര ജോണി അടക്കമുള്ളവരുമായി ഉദയഭാനു ഫോണില്‍ സംസാരിച്ചിരുന്നു. ഉദയഭാനുവിന് കൊലപാതക ഗൂഢാലോചനയില്‍ നേരിട്ട് പങ്കുണ്ടെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
കീഴടങ്ങാനുള്ള അഭ്യര്‍ത്ഥന കോടതി നിരാകരിച്ചതോടെ ഉദയഭാനുവിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നടപടി ആരംഭിച്ചു. ഉദയഭാനു വീട്ടില്‍ ഇല്ലെന്നാണ് ലഭിച്ച വിവരമെന്നു പോലീസ് പറഞ്ഞു.
COMMENTS