തിരുവനന്തപുരം: ഒത്തുകളി വിവാദത്തെ തുടര്‍ന്ന് മലയാളി ക്രിക്കറ്റ് താരം ശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് ഹൈക്കോടതി റദ്ദാ...
തിരുവനന്തപുരം: ഒത്തുകളി വിവാദത്തെ തുടര്‍ന്ന് മലയാളി ക്രിക്കറ്റ് താരം ശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് ഹൈക്കോടതി റദ്ദാക്കിയ പശ്ചാത്തലത്തില്‍ താരത്തിന് ക്രിക്കറ്റിലേക്ക് മടങ്ങി വരാനുള്ള എല്ലാ അവകാശവുമുണ്ടെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍.
കെസിഎയുടെ എല്ലാ പിന്തുണയും ശ്രീശാന്തിനു നല്‍കുമെന്നും കെസിഎ പ്രസിഡന്റ് ബി. വിനോദ് കുമാര്‍ വ്യക്തമാക്കി.
കേരളത്തിന്റെ സ്വന്തം കളിക്കാരനാണ് ശ്രീ. കെസിഎയുടെ പോസിറ്റീവായ തീരുമാനം ഉണ്ടാകും. വിലക്ക് നീക്കിയ സാഹചര്യത്തില്‍ കേരള ടീമിലേക്കു പരിഗണിക്കാന്‍ ശ്രീശാന്ത് അര്‍ഹനാണെന്നും വിനോദ് കുമാര്‍ പറഞ്ഞു.
ശ്രീശാന്തിനെതിരെ ബി.സി.സി.ഐ ഏര്‍പ്പെടുത്തിയിരുന്ന ആജീവനാന്ത വിലക്ക് കേരള ഹൈക്കോടതിയാണ് നീക്കിയത്. ഇതോടെ, ശ്രീക്കു വീണ്ടും ക്രിക്കറ്റിലേക്കു തിരിച്ചെത്താന്‍ വഴി തെളിയുന്നു.
ഒത്തുകളി വിവാദത്തില്‍ കുരുക്കിയാണ് ശ്രീശാന്തിന് ബിസിസിഐ നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്. ഡല്‍ഹി പൊലീസാണ് ശ്രീശാന്തിനെ ഒത്തുകളിയില്‍ കുറ്റക്കാരനായി പറഞ്ഞിരുന്നത്. പക്ഷേ, പിന്നീട് പട്യാല കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയെങ്കിലും ബിസിസി ഐ വിലക്കു നീക്കാന്‍ തയ്യാറായില്ല. ഇതിനെതിരേയാണ് ശ്രീശാന്ത് ഹൈക്കോടതിയെ സമീപിച്ചത്.
2013 മേയില്‍ അറസ്റ്റു ചെയ്യപ്പെട്ട ശ്രീശാന്ത് ജയിലിലുമായിരുന്നു. വധിയില്‍ സന്തോഷമുണ്ടെന്നും ദൈവത്തിനു നന്ദി പറയുന്നുവെന്നും കേരള ടീമിലെത്തുകയാണ് തന്റെ ആദ്യ ലക്ഷ്യമെന്നും ശ്രീശാന്ത് പറഞ്ഞു.
ശ്രീശാന്തിനെതിരായ ആരോപണങ്ങള്‍ ശരിയല്ലെന്നും ബിസിസിഐ സുതാര്യമായി പ്രവര്‍ത്തിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കേസിലുള്‍പ്പെട്ട ജിജു ജനാര്‍ദ്ദനന്റെ കുറ്റസമ്മതമൊഴി വിശ്വാസ യോഗ്യമല്ല. പട്യാല കോടതി വെറുതെ വിട്ട ശ്രീശാന്തിനെ ക്രിക്കറ്റില്‍ നിന്ന് ബിസിസിഐ മാറ്റി നിര്‍ത്തിയത് ശരിയായ നടപടിയില്ലെന്നും കോടതി പറഞ്ഞു.
2013 ഐപിഎല്‍ സീസണില്‍ വാതുവയ്പ്പു സംഘങ്ങളുമായി ചേര്‍ന്ന് ഒത്തുകളിച്ചുവെന്നാരോപിച്ച് രാജസ്ഥാന്‍ റോയല്‍സ് താരങ്ങളായ ശ്രീശാന്ത്, അങ്കിത് ചവാന്‍, അജിത് ചാന്ദില എന്നിവരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവര്‍ക്കെതിരെ ഉന്നയിച്ച കുറ്റങ്ങള്‍ക്ക് തെളിവില്ലാത്തതാണെന്നു കണ്ട് കോടതി കുറ്റവിമുക്തരാക്കി. എന്നിട്ടും ബിസിസി ഐ വിലക്കു തുടരുകയായിരുന്നു.
ഇന്ത്യക്കായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ ശ്രീശാന്ത് 27 ടെസ്റ്റുകളില്‍ നിന്ന് 87 വിക്കറ്റ് നേടി. 53 ഏകദിനങ്ങളില്‍ നിന്ന് 75 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. പത്ത് ട്വന്റി 20 മത്സരങ്ങളില്‍ നിന്നായി ഏഴു വിക്കറ്റും നേടിയിട്ടുണ്ട്.
2011ലെ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലും 2007ലെ ട്വന്റി20 ലോകകപ്പിലും ശ്രീശാന്ത് ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു.
Keywords: Sreesanth, KCA, Cricket, Kerala High Court
COMMENTS