റോയ് പി തോമസ് കൊച്ചി: ഹൈക്കോടതി വീണ്ടും ജാമ്യം നിഷേധിച്ചതോടെ, നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് കൂടുതല്‍ പ്രതിസന്ധിയിലാവുന്നു. ദ...
റോയ് പി തോമസ്
കൊച്ചി: ഹൈക്കോടതി വീണ്ടും ജാമ്യം നിഷേധിച്ചതോടെ, നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് കൂടുതല്‍ പ്രതിസന്ധിയിലാവുന്നു.ദിലീപിനെതിരേ പ്രഥമദൃഷ്ട്യാ കേസുണ്ടെന്നു കോടതി പറഞ്ഞത് നടന്‍ കുരുങ്ങുമെന്നു തന്നെയാണ് വ്യക്തമാക്കുന്നത്.
ദിലീപിനു മുന്നിലുള്ള വഴി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയോ സുപ്രീം കോടതിയില്‍ പോവുകയോ ആണ്. രണ്ടിനും കടമ്പകള്‍ ഏറെയാണ്. പക്ഷേ, എത്രയും പെട്ടെന്ന് ഇതിനുള്ള നീക്കം നടത്തേണ്ടതുമുണ്ട്.
മൂന്നോ നാലോ ആഴ്ചയ്ക്കുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷക സംഘം. ഇതിനു മുന്‍പു പുറത്തെത്തിയില്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലാവും. കുറ്റപത്രം സമര്‍പ്പിച്ചാല്‍ വിചാരണ വൈകാതെ തുടങ്ങും. വിചാരണയുടെ ഘട്ടത്തില്‍ പുറത്തെത്തുക എളുപ്പമല്ല. പിന്നെ വിധി വരും വരെ ചിലപ്പോള്‍ അകത്തു കിടക്കേണ്ടിയും വരും.
സ്ത്രീപീഡന കേസുകളില്‍ വിചാരണ വേഗത്തില്‍ വേണമെന്നു സുപ്രീം കോടതിയുടെ നിര്‍ദ്ദേശമുള്ളതിനാല്‍ വിചാരണ വൈകാനിടയില്ല. എങ്കിലും ആറു മാസം മുതല്‍ ഒരു വര്‍ഷം വരെ വിധിക്കായി വേണ്ടിവരും.
വിധി വരുന്ന വേളിയില്‍ ദിലീപ് കുറ്റക്കാരനെന്നു വിധിച്ചാല്‍ പിന്നെ അപ്പീല്‍ പോകുമ്പോഴും ജയിലില്‍ തന്നെ കഴിയേണ്ടിവരും. ഇതെല്ലാമാണ് നടനെ വിഷമിപ്പിക്കുന്നത്.
അഡ്വ. രാം കുമാറിനെ പോലെ കേരളത്തിലെ ഏറ്റവും പ്രഗല്ഭനായ അഭിഭാഷകന്‍ വിചാരിച്ചിട്ട് മജിസ്‌ട്രേട്ട് കോടതിയില്‍ നിന്നു ജാമ്യം വാങ്ങിയെടുക്കാന്‍ കഴിഞ്ഞില്ല എന്നു പറയുമ്പോള്‍ തന്നെ ദിലീപിനെതിരായ തെളിവുകളുടെ ആഴവും പരപ്പും വ്യക്തമാകും. അദ്ദേഹത്തിനു കഴിയാതെ പോയത് അഡ്വ. രാമന്‍ പിള്ള നേടിക്കൊടുക്കുമെന്നു ദിലീപ് കരുതി. പക്ഷേ, തെളിവുകള്‍ ശക്തമായതിനാല്‍ ക്രിമിനല്‍ കേസുകളിലെ പ്രതികളെ അനായാസം പുറത്തെത്തിക്കാറുള്ള രാമന്‍ പിള്ള മണിക്കൂറുകള്‍ വാദിച്ചിട്ടും ദിലീപിനെ പുറത്തെത്തിക്കാന്‍ കഴിയാതെ പോവുകയായിരുന്നു.
ഇനിയിപ്പോള്‍ രാം ജത് മലാനിയെ പോലെ ആരെയെങ്കിലും ഇറക്കി സുപ്രീം കോടതിയില്‍ പോകുന്നതായിരിക്കും ദിലീപിന് കൂടുതല്‍ എളുപ്പം. ഹൈക്കോടതിക്ക് ഈ കേസിനെക്കുറിച്ചു വ്യക്തമായ ധാരണയുള്ളതിനാല്‍, സുപ്രീം കോടതിക്കു മുന്നില്‍ കാര്യങ്ങള്‍ നല്ലൊരു വക്കീലിനെക്കൊണ്ട് അവതരിപ്പിച്ച് ജാമ്യത്തിനു ശ്രമിക്കുകയാണ് എളുപ്പവഴി.
പക്ഷേ, നടി ആക്രമിക്കപ്പെട്ട സംഭവം ഡല്‍ഹിയില്‍ നടന്ന നിര്‍ഭയ പീഡന കേസിലും ഗുരുതരമാണെന്നു പ്രോസിക്യൂഷന്‍ സമര്‍ത്ഥിച്ചിരിക്കെ, ദിലിപിനു മുന്നിലുള്ള ദിനങ്ങള്‍ അത്ര ശുഭകരമല്ലെന്നാണ് നിയമവിദഗ്ദ്ധരുടെ പക്ഷം.
COMMENTS