Search

ഒരു കടലാസ് കഷണം സൂക്ഷിക്കാന്‍ കഴിയുന്നില്ല, പിന്നല്ലേ ദേശത്തെ സൂക്ഷിക്കുന്നത്...!


ജോര്‍ജ് മാത്യു

ഇഷ്ടമുണ്ടായിട്ടല്ല, അറിയാതെ ചിരിച്ചുപോകുന്നതാണ്. സത്യത്തില്‍ എന്റെ ചിരിയില്‍ വിഷാദമുണ്ട്, നനവുണ്ട്.

വേഗം കാര്യത്തിലേക്ക് വരാം. മാര്‍ച്ച് ആറിനു വന്ന രണ്ടു വാര്‍ത്തകള്‍ എന്നെ അത്ഭുതപ്പെടുത്തി. ഞെട്ടിച്ചു എന്ന് പറയാനാവില്ല, കാരണം രണ്ടാമത്തെ വാര്‍ത്ത ഏറെക്കുറെ പ്രതീക്ഷിച്ചിരുന്നതാണ്.

ഒന്നാമത്തേത് ബി.ജെ.പിയുടെ ഒദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു എന്നതാണ്. ഇത് ചില്ലറ ഞെട്ടല്‍ ഉണ്ടാക്കുന്ന വാര്‍ത്തയാണ്. 2014 ല്‍ പ്രശാന്ത് കിഷോര്‍ എന്ന ഇലക്ഷന്‍ കംപ്യൂട്ടര്‍ വിശാരദന്‍ മെനഞ്ഞ പുതുപുത്തന്‍ തന്ത്രങ്ങളിലൂടെയാണ് തങ്ങളെപ്പോലും ഞെട്ടിക്കുന്ന വിജയവുമായി ബിജെപി അധികാരത്തില്‍ എത്തിയത്. കിശോര്‍ പിന്നെ കോണ്‍ഗ്രസ് പാളയത്തിലും ഇപ്പോള്‍ നിതീഷ് കുമാറിന്റെ ജെ.ഡിയുവിലുമൊക്കെയായി കറങ്ങിത്തിരിയുകയും എന്‍.ഡി.എയില്‍ നില്‍ക്കുമ്പോള്‍ തന്നെ മോഡിയുടെ തിരിച്ചുവരവില്‍ അത്ര ശുഭപ്രതീക്ഷ വച്ചുപുലര്‍ത്താത്ത ആളുമായി മാറിയിരിക്കുന്നു.

ഒദ്യോഗിക സൈറ്റ് ഹാക്ക് ചെയ്യുക എന്നുവച്ചാല്‍ ആയുധ സംഭരണി ആക്രമിക്കപ്പെടുക എന്നുതന്നെയാണ്. നിലവറ കൊള്ളയടിക്കപ്പെട്ടിരിക്കുന്നു; ബുദ്ധിപരമായെങ്കിലും. ഇന്ത്യയെ കാത്തുകൊള്ളും എന്നു വ്യാമോഹിച്ച് കച്ചകെട്ടി ഇറങ്ങിയ ചൗക്കിദാറിന്റെ പാര്‍ട്ടിയുടെ ഹൃദയത്തില്‍ കയറിയാണ് ആരോ മൂത്രമൊഴിച്ചത്. അതുവിടാം... അതവരുടെ ആഭ്യന്തര പ്രശ്‌നം.

ഇന്നലെ ഹിന്ദു പത്രത്തിന്റെ ചെയര്‍മാന്‍ എന്‍.റാം തന്റെ ആവനാഴിയിലെ വജ്രായുധം ചുഴറ്റിയെറിഞ്ഞു, കാരണമുണ്ട്. മാര്‍ച്ച് 6 നിര്‍ണ്ണായക ദിവസമായിരുന്നു. ബഹു. സുപ്രീം കോടതി തങ്ങളുടെ ഡിസംബര്‍ 14 ലെ നിര്‍ണ്ണായക വിധിയില്‍ സര്‍ക്കാര്‍ തന്നെ -തിരുത്തലുകള്‍- ആവശ്യമുണ്ടെന്ന് പറഞ്ഞ് ധൃതിയില്‍ ഡിസംബര്‍ 15 ന് സമര്‍പ്പിച്ച റിവ്യൂ ഹര്‍ജി, ഒരു തുറന്ന കോടതിയില്‍ വാദം കേള്‍ക്കേണ്ട ദിവസമായിരുന്നു. റിവ്യൂ ഹര്‍ജിയില്‍ പുതിയ രേഖകള്‍ക്ക് പ്രസക്തിയില്ലായെന്നിരിക്കെ ശ്രീ എന്‍ റാം തന്റെ പക്കലുള്ള രഹസ്യരേഖ പൊതുജനസമക്ഷം സമര്‍പ്പിക്കുകയായിരുന്നു. അത് ബഹു. ജസ്റ്റിസുമാരുടെ സ്വാഭാവിക ശ്രദ്ധയില്‍പ്പെടുമെന്നത് സാമാന്യബുദ്ധി.

ഞങ്ങളുടെ നാട്ടില്‍ ഒരു ചൊല്ലുണ്ട്, ഒന്നും കാണാതെ പട്ടര് പുഴയില്‍ ചാടില്ല എന്ന്. ഫെബ്രുവരിയില്‍ ശ്രീ റാം സ്വന്തം പേര് വച്ച് ആദ്യ വെളിപ്പെടുത്തലുമായി പ്രത്യക്ഷപ്പെട്ടപ്പോഴേ പഴയ ശ്രീമതി ചിത്രാ സുബ്രഹ്മണ്യത്തിനെ ഓര്‍മ്മവന്നു. ബോഫോഴ്‌സിന്റെ തുടക്കക്കാരി. ഒന്നും കാണാതെ റാം പുഴയില്‍ ചാടിയതല്ല.

ഇന്നലെ ചീഫ് ജസ്റ്റിസ് ശ്രീ രഞ്ജന്‍ ഗോഗോയിയും ജസ്റ്റിസുമാരായ എസ്.കെ കൗളും കെ.എം ജോസഫും മാറിമാറി അഡ്വക്കേറ്റ് ജനറല്‍ (എ.ജി) കെ.കെ വേണുഗോപാലിനോട് തര്‍ക്കിക്കുകയായിരുന്നു. തുറന്ന കോടതിയില്‍ ആയിരുന്നതിനാല്‍ കേള്‍ക്കേണ്ടവരൊക്കെ അതു കേള്‍ക്കുന്നുമുണ്ടായിരുന്നു.

മോഷണവസ്തു കോടതി പരിശോധിക്കാന്‍ പാടില്ല എന്നതായിരുന്നു എ.ജിയുടെ മുഖ്യ വാദം. അത് 2 ജി സ്‌പെക്ട്രത്തിനും കല്‍ക്കരി ഇടപാട് കേസിനും കൂടി ബാധകമാണോ എന്ന് മറുചോദ്യം. മോഷണം പോയതാണ് എന്ന് എഴുതി തരാമോ എന്നായിരുന്നു അടുത്ത ചോദ്യം. നാളെ തരാമെന്നായി എ.ജി. ഇടയ്ക്കിടെ എതിര്‍ വക്കീലായ പ്രശാന്ത് ഭൂഷണിനും എതിര്‍ കക്ഷികളായ (പഴയ ബി.ജെ.പി ക്യാബിനറ്റ് മന്ത്രിമാര്‍)  യശ്വന്ത് സിന്‍ഹയ്ക്കും അരുണ്‍ ഷൂറിക്കും എതിരെ രാജ്യദ്രോഹത്തിന് കേസ് എടുക്കണമെന്ന ഭീഷണി വേറെ. ഒക്കെക്കൂടി രംഗം മറ്റൊരു ബാലക്കോട്ട് മിസൈല്‍ ഭൂമിയായി മാറുകയായിരുന്നു. ആര് ആര്‍ക്കു നേരെയാണ് ആക്രമണം അഴിച്ചുവിട്ടതെന്ന് ഇനി മാര്‍ച്ച് 14 ന് നമുക്ക് അറിയാം.

എന്നാല്‍ സ്വരം ഇന്നലെ തന്നെ ഏറെക്കുറെ വ്യക്തമായിരുന്നു. ഒരു കടലാസുകഷണം സുരക്ഷിതമല്ലാത്തിടത്ത് ചൗക്കിദാര്‍ എങ്ങനെയാണ് ഒരു രാജ്യത്തെ സംരക്ഷിക്കുക. രാഹുല്‍ രാഷ്ട്രീയം പറയും (ഇയാളെ തുറുങ്കിലടയ്ക്കണം) അത് നമ്മള്‍ കാര്യമാക്കേണ്ട. നമ്മള്‍ സാധാരണക്കാര്‍, പാവങ്ങള്‍, അര്‍ദ്ധ പട്ടിണിക്കാര്‍, പഴയ പ്രശാന്ത് കിഷോര്‍ തന്ത്രത്തിലൂടെ പതിനഞ്ച് ലക്ഷവും പ്രതീക്ഷിച്ചിരുന്ന് അന്‍പത് രൂപയുടെ പെട്രോളിന് 80 രൂപയും കൊടുത്ത്, 7.5 ശതമാനം ഉണ്ടായിരുന്ന ജിഡിപി 6.5 ശതമാനം എത്തിച്ച്, പത്താന്‍കോട്ടും ഉറിയും പുല്‍വാമയും വരെ സഹിച്ച് സമാധാനമായി ഉറങ്ങാന്‍ കിടക്കും. എല്ലാ അടികളും വരിക ഉറക്കത്തില്‍, പാതിരാത്രിയിലാണല്ലോ ചൗക്കിദാര്‍ പ്രയോഗിക്കുക.

2019 തുറിച്ചുനോക്കുന്ന ചോദ്യം ഇതാണ്. ഇതു മാത്രമാണ്.

ലേഖകന്റെ ഫോണ്‍: 98479 21294

മകരസംക്രമമായി, ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കാഹളം മുഴങ്ങുന്നു
vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ ഒരു കടലാസ് കഷണം സൂക്ഷിക്കാന്‍ കഴിയുന്നില്ല, പിന്നല്ലേ ദേശത്തെ സൂക്ഷിക്കുന്നത്...!