Search

അച്ഛെ ദിന്‍ ആയേഗാ

ജോര്‍ജ് മാത്യു

കൃത്യം മൂന്നു മാസം മുന്‍പ് (മേയ് 15), "മകരസംക്രമമായി; ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കാഹളം മുഴങ്ങുന്നു" എന്ന തലക്കെട്ടില്‍ എന്റെ ഒരു വിശകലനം വന്നിട്ട്. ഇന്ന് സ്വാതന്ത്ര്യദിനം. മോദിജിയുടെ അഞ്ചാമത് സ്വാതന്ത്ര്യദിനപ്രസംഗം രാവിലെ ഏഴുമണിക്ക് കേള്‍ക്കാന്‍ കഴിഞ്ഞില്ല. നാട് പെരുവെള്ളപ്പാച്ചിലിലും വൈദ്യുതി ഉദ്പാദനം പാരമ്യത്തിലും എത്തിനില്‍ക്കുന്നു. പക്ഷേ, വിളക്കുകള്‍ തെളിയുന്നില്ല. അങ്ങനെ ആ വാചാടോപത്തില്‍ നിന്നു രക്ഷപ്പെട്ടു.

എന്നാല്‍, ഇന്നലെ രാത്രി ടൈംസ് നൗ ഇംഗ്ലീഷ് ചാനല്‍ ഒരു വലിയ അവലോകനവുമായി രംഗത്തെത്തി. ടൈംസ് നൗ അറിയപ്പെടുന്ന മോദി ഭക്തരാണല്ലോ. അവതാരകന്‍ ഒരു 'അര്‍ണബ്' ആരാധകന്‍ രാഹുല്‍ ശിവശങ്കറും.  പക്ഷേ, സര്‍വേ നടത്തിയ രണ്ടു വിദഗ്ദ്ധരും ചാനലില്‍ ഉള്‍പ്പെട്ടു. അതിനാല്‍ കുറെയൊക്കെ സത്യങ്ങള്‍ പുറത്തുവന്നു. വലിച്ചുനീട്ടുന്നില്ല.

ഹിന്ദി ഹാര്‍ട്ട്‌ബെല്‍റ്റായ യു.പി, മധ്യപ്രദേശ്, രാജസ്ഥാന്‍, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്ക് ക്ഷീണം സംഭവിക്കുമെന്നും അതിന്റെ ആനുകൂല്യം കുറെയൊക്കെ കോണ്‍ഗ്രസ്സിനും (യു.പി ഒഴികെ) ലഭിക്കുമെന്നും പ്രവചനം. യു.പിയില്‍ 22 സീറ്റ് ബി.ജെ.പിക്ക് നഷ്ടപ്പെടും. അങ്ങനെ ബി.ജെ.പിക്ക് ഗണ്യമായി ഈ സംസ്ഥാനങ്ങളില്‍ നഷ്ടമുണ്ടാകും. എന്നാല്‍ ദക്ഷിണേന്ത്യയില്‍ നിലവിലെ 20 സീറ്റ് 30 ആയി ഉയരും. കോണ്‍ഗ്രസ് 19 ല്‍ തന്നെ തുടരും. മറ്റു പാര്‍ട്ടികള്‍ക്ക് 9 സീറ്റ് കുറവുവരും. (89, 80 ആകും). ബംഗാളില്‍ തൃണമൂല്‍ തുടരും. ബി.ജെ.പി മൂന്ന് എന്നത് നാലാകും. ഗുജറാത്തില്‍ കോണ്‍ഗ്രസ്സിന് നേട്ടമുണ്ടാകും. പക്ഷേ, ഗണ്യമായ പരിക്ക് ബി.ജെ.പിക്ക് ഉണ്ടാവില്ല. മഹാരാഷ്ട്രയില്‍ എന്‍.സി.പി നേട്ടമുണ്ടാക്കും. എന്‍.സി.പി - കോണ്‍ഗ്രസ് സഖ്യം 29 സീറ്റ് വരെ നേടും. നോര്‍ത്ത് ഈസ്റ്റ് ബി.ജെ.പി നിലനിര്‍ത്തും, ഒറീസ്സ ബി.ജെ.ഡിയും. ഇവിടങ്ങളില്‍ കോണ്‍ഗ്രസ് ഉണ്ടാവുകയേയില്ല.

അങ്ങനെ മൊത്തം 545 ല്‍ ബി.ജെ.പി 228 (282 ല്‍ നിന്ന്) ലേക്ക് താഴും. കോണ്‍ഗ്രസ് 44 എന്നത് 28 സീറ്റ് കൂടി 72 ലും മറ്റുള്ളവര്‍ 245 ലുംഎത്തും. ഇതില്‍ എന്‍.ഡി.എ പാര്‍ട്ടികളും ഉള്‍പ്പെടും. എന്നാല്‍ പ്രബലര്‍ എസ്.പി, ടി.എം.സി, എന്‍.സി.പി, ബി.എസ്.പി, ടി.ഡി.പി, ഡി.എം.കെ, ബി.ജെ.ഡി, ജെ.ഡി.എസ്, ആര്‍.ജെ.ഡി എന്നീ പാര്‍ട്ടികളാവും.


ഇനിയാണ് വിചിത്രവാദം. മോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തില്‍ വരെ പരിക്കേല്‍ക്കുന്ന സാഹചര്യത്തിലും മോദിയുടെ വ്യക്തിപ്രഭാവം വളര്‍ന്നുകൊണ്ടേയിരിക്കുന്നു. അതിപ്പോള്‍ 70 ശതമാനമാണ്! താഴെ ഇങ്ങേയറ്റത്ത് 'പപ്പു രാഹുല്‍' 16 ശതമാനം. മമത, അഖിലേഷ്, മായാവതി തുടങ്ങിയവര്‍ 3 ശതമാനം വീതം. കാരണവും വ്യക്തം 'മഹാ ഗഡ്ബന്ദന്‍' ഇന്ത്യന്‍ ജനത വെറുക്കുന്നു. അതൊരു പരാജയപ്പെട്ട പരീക്ഷണമാണ്. അത് രാജ്യത്തെ ശിഥിലമാക്കും. ഒരു കരുത്തുറ്റ നേതാവ്, അത് മോദി മാത്രം! കേട്ടാല്‍ വിശ്വാസം തോന്നും.

കഥയില്‍ ചോദ്യമില്ല എന്നാണല്ലോ. രണ്ട് യു.പി.എ സര്‍ക്കാരുകള്‍ (10 വര്‍ഷം) ഐക്യമുന്നണികള്‍ ആയിരുന്നില്ല. മന്‍മോഹന്‍ സിങ് ഒരു പാവം മൗനി ബാബയുമായിരുന്നു. 15 ലക്ഷം ഓരോ പൗരനുമെന്ന് ആണയിടാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. 40 രൂപയ്ക്ക് പെട്രോള്‍ എന്നു പറയാനും ധൈര്യമില്ലായിരുന്നു. നിങ്ങള്‍ക്ക് 70 വര്‍ഷം കൊണ്ട് കഴിയാതിരുന്നതല്ലേ ഞാനിന്ന് രൂപയുടെ മൂല്യം എഴുപതില്‍ എത്തിച്ചതുകൊണ്ട് സാധിച്ചതെന്ന് റെഡ്‌ഫോര്‍ട്ടില്‍ വിളംബരപ്പെടുത്താനും കഴിയുമായിരുന്നില്ല.

ഇത് 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രവചനം!

എ.ബി.പി(സി) സംസ്ഥാന തിരഞ്ഞെടുപ്പ് പ്രവചനം കൂടി നടത്തി ഇന്നലെ. രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങള്‍ നവംബറില്‍ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ സ്ഥിരപ്പെടുത്തുമെന്നതിനാല്‍ മിതത്വം കാട്ടി.

രാജസ്ഥാനില്‍ ആകെ 200 സീറ്റ്. ബി.ജെ.പി നിലവില്‍ 163. നവംബറില്‍ 57. കോണ്‍ഗ്രസ് 21 ല്‍ നിന്നു 130. മധ്യപ്രദേശ് 230 സീറ്റ്. ബി.ജെ.പി 165. ഉടനത് 106 ആയി താഴും. കോണ്‍ഗ്രസ് 117 സീറ്റും മറ്റുള്ളവര്‍ക്ക് ഇരുപതും. ഛത്തീസ്ഗഢ് 90 സീറ്റ്. ബി.ജെ.പി 33 ആയി ചുരുങ്ങി, കോണ്‍ഗ്രസ് 54 സീറ്റോടെ അധികാരത്തിലേക്ക്. മൂന്ന് സംസ്ഥാനങ്ങളിലും ബി.ജെ.പിക്ക് സ്വാഹഃ

ഈ മൂന്നു സംസ്ഥാനങ്ങളിലായി 65 ലോക്‌സഭാ സീറ്റുകളുണ്ട്. നിങ്ങള്‍ കണക്കുകൂട്ടുക. കാരണം കുട്ടനാട്ടിലെയും വയനാട്ടിലെയും കുത്തൊഴുക്കാണ് ഈ സംസ്ഥാനങ്ങളില്‍ ഞാന്‍ സ്വപ്‌നം കാണുന്നത്.  കാരണം, ഇത്രയെങ്കിലും തുറന്നുപറയുവാന്‍ (അനുകൂല) ചാനലുകളും സര്‍വേകളും തുനിയുന്നുവെങ്കില്‍ ഇനിയുള്ള 'റാഫേല്‍' സ്ട്രാറ്റജിക് സ്‌ട്രൈക്കുകളും 70 ന് മുകളിലേക്ക് കയറിപ്പോകുന്ന നോട്ട് മൂല്യവും സംസ്ഥാനങ്ങള്‍ തോറും പുറത്തുവിടുന്ന 'ഷെല്‍ട്ടര്‍' നാറ്റ കഥകളും കടപുഴകി വീഴുന്ന 'വന്‍മര'ത്തിന്റെ ആക്കം കൂട്ടുകയാവും വരും നാളുകളില്‍!മകരസംക്രമമായി, ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കാഹളം മുഴങ്ങുന്നു
vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ അച്ഛെ ദിന്‍ ആയേഗാ