ന്യൂഡൽഹി: ഇൻസ്റ്റഗ്രാമിൽ കുട്ടികൾക്കെതിരെയുള്ള ലൈംഗിക ചൂഷണങ്ങൾ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങൾ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ കടുത്ത...
ന്യൂഡൽഹി: ഇൻസ്റ്റഗ്രാമിൽ കുട്ടികൾക്കെതിരെയുള്ള ലൈംഗിക ചൂഷണങ്ങൾ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങൾ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ കടുത്ത നടപടിക്കൊരുങ്ങി കേന്ദ്ര സർക്കാർ. പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റഗ്രാമിന്റെ മാതൃകമ്പനിയായ 'മെറ്റാ' അധികൃതരെ നേരിട്ട് വിളിച്ചുവരുത്തി വിശദീകരണം തേടാൻ കേന്ദ്ര ഐടി മന്ത്രാലയത്തിന് സർക്കാർ നിർദ്ദേശം നൽകി. കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവാണ് ഇത് സംബന്ധിച്ച ഉത്തരവിട്ടത്.
ബ്രിട്ടീഷ് മാധ്യമമായ ബിബിസി (BBC) നടത്തിയ അന്വേഷണ റിപ്പോർട്ടിലൂടെയാണ് ഇൻസ്റ്റഗ്രാമിലെ ഈ ഗുരുതരമായ സുരക്ഷാ വീഴ്ച പുറത്തുവന്നത്. 'റേപ്പ് വീഡിയോ', 'ചൈൽഡ് വീഡിയോ' തുടങ്ങിയ വാക്കുകൾ പരസ്യമായി ഉപയോഗിച്ച്, കുട്ടികളുടെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ വിൽക്കുന്ന പരസ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പണം നൽകി പ്രചരിപ്പിച്ചിരുന്നതായി ബിബിസി കണ്ടെത്തി. വെറും 99 രൂപയ്ക്ക് ഇത്തരം ദൃശ്യങ്ങൾ ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്ത് ഉപയോക്താക്കളെ ടെലിഗ്രാം ലിങ്കുകളിലേക്ക് നയിക്കുന്നതായിരുന്നു ഈ പരസ്യങ്ങൾ.
ഇന്ത്യൻ ഐടി നിയമപ്രകാരവും പോക്‌സോ (POCSO) നിയമപ്രകാരവും കുട്ടികൾ ഉൾപ്പെടുന്ന ലൈംഗിക ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നത് കടുത്ത ക്രിമിനൽ കുറ്റമാണ്. ഈ സാഹചര്യത്തിൽ, ഇത്തരം നിയമവിരുദ്ധമായ പരസ്യങ്ങൾ പ്ലാറ്റ്‌ഫോമിൽ എങ്ങനെ പ്രത്യക്ഷപ്പെട്ടുവെന്നും, ഇവ തടയുന്നതിൽ പരാജയപ്പെട്ട സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചും മെറ്റയോട് സർക്കാർ വിശദീകരണം തേടും. വരും ദിവസങ്ങളിൽ കമ്പനി അധികൃതർക്ക് ഐടി മന്ത്രാലയം ഔദ്യോഗികമായി നോട്ടീസ് അയക്കും.അതേസമയം, സംഭവം വിവാദമായതിനെത്തുടർന്ന് കുറ്റകരമായ പരസ്യങ്ങളും അവയുമായി ബന്ധപ്പെട്ട അക്കൗണ്ടുകളും പ്ലാറ്റ്‌ഫോമിൽ നിന്ന് നീക്കം ചെയ്തതായി മെറ്റാ വക്താവ് അറിയിച്ചു.
മുൻപും സമാനമായ വിഷയങ്ങളിൽ കേന്ദ്ര സർക്കാർ മെറ്റയ്ക്ക് കർശന മുന്നറിയിപ്പ് നൽകിയിരുന്നു. വാട്സാപ്പിലെ 'യൂസർനെയിം' ഫീച്ചറുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്ച മെറ്റയ്ക്ക് സർക്കാർ നോട്ടീസ് അയച്ചിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് ഇൻസ്റ്റഗ്രാമിലെ പരസ്യവിവാദത്തിലും കേന്ദ്രത്തിന്റെ കടുത്ത ഇടപെടൽ.
Key Words : Sexual abuse ads, Instagram, Central government, Meta

COMMENTS