തിരുവനന്തപുരം : തലസ്ഥാന ജില്ലയിൽ രണ്ടാം മെഡിക്കൽ കോളേജിന് എത്രയും വേഗം അനുമതി ലഭ്യമാക്കണമെന്നും ഈ അദ്ധ്യയന വർഷം പ്രവേശനം നടത്താനുള്ള ഇടപെടൽ ...
തിരുവനന്തപുരം : തലസ്ഥാന ജില്ലയിൽ രണ്ടാം മെഡിക്കൽ കോളേജിന് എത്രയും വേഗം അനുമതി ലഭ്യമാക്കണമെന്നും ഈ അദ്ധ്യയന വർഷം പ്രവേശനം നടത്താനുള്ള ഇടപെടൽ ഉണ്ടാകണമെന്നും കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ട് ആരോഗ്യം ദേവസ്വം മന്ത്രി കെ മുരളീധരൻ. കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയുമായി നടന്ന ഓൺലൈൻ യോഗത്തിലാണ് മന്ത്രി കെ മുരളീധരൻ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. എൻ എച്ച് എം പദ്ധതികളുടെ അവലോകന യോഗത്തിലാണ് മന്ത്രി കേരളത്തിന്റെ സുപ്രധാന ആവശ്യം ഉന്നയിച്ചത്.
തിരുവനന്തപുരം ജനറൽ ആശുപത്രിയെ 100 എം ബി ബി എസ് സീറ്റുകളുള്ള മെഡിക്കൽ കോളേജായി ഉയർത്തുന്നതിനുള്ള അടിസ്ഥാനസൗകര്യങ്ങളും ജീവനക്കാരും സജ്ജമാണ്. പുതിയ മെഡിക്കൽ കോളേജിനുള്ള 150 കോടി കേന്ദ്രസഹായം ഉടൻ അനുവദിക്കണമെന്നും മന്ത്രി കെ മുരളീധരൻ ആവശ്യപ്പെട്ടു. കേരളത്തിന്റെ ആവശ്യം ഗൗരവത്തോടെ കാണുന്നുവെന്നും രാജ്യത്ത് ഉടനീളം 10,000 മെഡിക്കൽ സീറ്റുകൾ സജ്ജമാക്കാൻ 15,000 കോടിരൂപ കേന്ദ്രസർക്കാർ വകയിരുത്തിയിട്ടുണ്ടെന്നും കേരളത്തിന്റെ ആവശ്യം ഇതിൽ ഉൾപ്പെടുത്തി അനുമതി ലഭ്യമാക്കുമെന്നും ജെ പി നദ്ദ ഉറപ്പ് നൽകി.
കേരളത്തിൽ എയിംസിനായി 10 സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും സാദ്ധ്യതാപഠനം ഉടൻ പൂർത്തിയാക്കി സ്ഥലം തീരുമാനിച്ച്, എയിംസിന് അനുമതി ലഭ്യമാക്കണമെന്നും മന്ത്രി കെ മുരളീധരൻ ആവശ്യപ്പെട്ടു. കേരളത്തിന്റെ ആവശ്യം ന്യായമാണെന്നും അത് അംഗീകരിക്കുന്നുവെന്നും കേന്ദ്ര മന്ത്രി ജെ പി നദ്ദ പറഞ്ഞു. നടപടികൾ പൂർത്തിയാക്കി സമയബന്ധിതമായി എംയിസ് അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിവിധ ആശുപത്രികളിലെ പദ്ധതികൾക്കായി കേന്ദ്രസഹായവും മന്ത്രി തേടി.
Key Words : Minister K Muraleedharan , Union Minister JP Nadda, Medical College

COMMENTS