തിരുവനന്തപുരം : വൈദ്യുതി മന്ത്രി സണ്ണി ജോസഫിൻ്റെ സഹോദരീ ഭർത്താവും കോൺഗ്രസ് നേതാവുമായ ബെന്നി തോമസിനെ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയ...
തിരുവനന്തപുരം : വൈദ്യുതി മന്ത്രി സണ്ണി ജോസഫിൻ്റെ സഹോദരീ ഭർത്താവും കോൺഗ്രസ് നേതാവുമായ ബെന്നി തോമസിനെ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ച വിഷയം സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. എൽഡിഎഫ് ഭരണകാലത്ത് ബന്ധുനിയമനത്തിനെതിരെ ആഞ്ഞടിച്ച യുഡിഎഫ്, തങ്ങൾ അധികാരത്തിൽ വന്നപ്പോൾ പറഞ്ഞതെല്ലാം മറന്നുവെന്നാണ് പ്രതിപക്ഷം വിമർശിച്ചത്.
അടിയന്തിര പ്രമേയ നോട്ടീസ് നൽകിയ വി ജോയ് ആണ് വിവാദം സഭയില്‍ ഉന്നയിച്ചത്. എന്നാൽ ബന്ധു നിയമനത്തിൽ സണ്ണി ജോസഫ് പ്രതികരിച്ചില്ല. ജീവനക്കാരെ കൂട്ടത്തോടെ സ്ഥലം മാറ്റുന്നുവെന്ന അടിയന്തിര പ്രമേയ നോട്ടീസിനിടെയായിരുന്നു ബന്ധുനിയമനം പ്രതിപക്ഷം ഉയർത്തിയത്. പ്രതികാരത്തോടെ ജീവനക്കാരെ സ്ഥലം മാറ്റുന്നുവെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചപ്പോൾ എല്ലാം സ്വാഭാവിക മാറ്റമെന്നായിരുന്നു സണ്ണി ജോസഫിൻ്റെ വിശദീകരണം. ഡി കെ ശിവകുമാറിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പോയതിനാൽ പാർലമെൻ്ററി കാര്യമന്ത്രിയാണ് ഇതിന് മറുപടി നൽകിയത്.
ഭരണാനുകൂല സംഘനകളുടെ അപേക്ഷയിൽ ജീവനക്കാരെ തെരഞ്ഞ് പിടിച്ചുമാറ്റുന്നു, രോഗികളെയും വിടുന്നില്ല. വിരമിക്കാൻ നാളുകൾ മാത്രമുള്ളവരെയും ദൂരേക്ക് മാറ്റുന്നു, സോഷ്യൽ മീഡിയ പോസ്റ്റിൻ്റെ പേരിൽ വരെ നടപടി തുടങ്ങിയ വിമര്ശനങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ചത്. ഇടത് കാലത്ത് കോൺഗ്രസ് സംഘടനയിൽപ്പെട്ടവരുടെ സ്ഥലംമാറ്റ പട്ടിക എടുത്തായിരുന്നു സണ്ണി ജോസഫിൻ്റെ മറുപടി. ഇടത് നയമാകില്ല യുഡിഎഫിനെന്നും സണ്ണി ജോസഫ് വിശദീകരിച്ചു. പ്രശ്നം സഭനിർത്തി ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.
Key Words : Sunny Joseph, Private Secretary Appointment

COMMENTS