ന്യൂഡൽഹി: ചോദ്യപ്പേപ്പർ ചോർച്ചയും പരീക്ഷാ തട്ടിപ്പുകളും തടയുന്നതിന്റെ ഭാഗമായി ടെലഗ്രാം ആപ്പിന് താൽക്കാലിക വിലക്കേർപ്പെടുത്തിയ കേന്ദ്ര സർക്കാ...
ന്യൂഡൽഹി: ചോദ്യപ്പേപ്പർ ചോർച്ചയും പരീക്ഷാ തട്ടിപ്പുകളും തടയുന്നതിന്റെ ഭാഗമായി ടെലഗ്രാം ആപ്പിന് താൽക്കാലിക വിലക്കേർപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടി ഡൽഹി ഹൈക്കോടതി ശരിവച്ചു. കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ ഉത്തരവിനെതിരെ ടെലഗ്രാം കമ്പനി സമർപ്പിച്ച ഹർജി ജസ്റ്റിസ് തേജസ് കരിയയുടെ സിംഗിൾ ബെഞ്ച് തള്ളുകയായിരുന്നു. രാജ്യസുരക്ഷയും പരീക്ഷകളുടെ സുതാര്യതയും മുൻനിർത്തി എടുത്ത തീരുമാനം നിയമപരമാണെന്ന് കോടതി നിരീക്ഷിച്ചു.
വരാനിരിക്കുന്ന നീറ്റ് പുനഃപരീക്ഷ പ്രമാണിച്ച് ഏർപ്പെടുത്തിയ താൽക്കാലിക നിരോധനം ജൂൺ 22 വരെ തുടരും.മെസ്സേജ് എഡിറ്റിങ് തടഞ്ഞു: വ്യാജ തെളിവുകൾ നിർമിക്കുന്നത് തടയാൻ ആപ്പിലെ 'മെസ്സേജ് എഡിറ്റിങ്' ഫീച്ചറിനുള്ള വിലക്ക് ജൂൺ 30 വരെ നീളും.
ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ എന്നിവയിൽ നിന്ന് ആപ്പ് താൽക്കാലികമായി നീക്കം ചെയ്തിട്ടുണ്ട്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് ഐടി ആക്ടിലെ സെക്ഷൻ 69A പ്രകാരമാണ് കേന്ദ്രം നടപടിയെടുത്തത്. പരീക്ഷാ അട്ടിമറികൾ തടയാൻ സർക്കാർ സ്വീകരിച്ച ഏറ്റവും കുറഞ്ഞ നിയന്ത്രണ നടപടിയാണിതെന്നും ഇത് ഭരണഘടനാ വിരുദ്ധമല്ലെന്നും കോടതി വ്യക്തമാക്കി. ടെലഗ്രാം ഗ്രൂപ്പുകൾ വഴി സംഘടിതമായി ചോദ്യപ്പേപ്പർ വിതരണം ചെയ്യുന്നുണ്ടെന്നും, ഉപയോക്താക്കളുടെ വിവരങ്ങൾ മറച്ചുവെക്കാനുള്ള സൗകര്യം കാരണം ആപ്പ് ഒരു 'ഡാർക്ക് വെബ്ബ്' പോലെയാണ് പ്രവർത്തിക്കുന്നതെന്നും കേന്ദ്ര സർക്കാർ വാദിച്ചു.
എന്നാൽ, നിയമവിരുദ്ധമായ തൊള്ളായിരത്തിലധികം ലിങ്കുകൾ തങ്ങൾ നീക്കം ചെയ്തിട്ടുണ്ടെന്നും, നിരോധനം ഇന്ത്യയിലെ 150 ദശലക്ഷത്തിലധികം വരുന്ന സാധാരണ ഉപയോക്താക്കളെ ബാധിക്കുമെന്നുമായിരുന്നു ടെലഗ്രാമിന്റെ വാദം. എന്നാൽ ഈ വാദങ്ങൾ കോടതി അംഗീകരിച്ചില്ല.
Key Words : Telegram ban, Delhi High Court , NEET Exam

COMMENTS