Study: Overuse of Omeprazole Tablets for Heartburn Can Lead to Serious Conditions like Kidney Disease, Cancer, and Dementia
ഒമേപ്രസോള്‍ ഗുളിക 1990-കളില്‍ വിപണിയില്‍ എത്തിയപ്പോള്‍ അത് ഒരു അത്ഭുതം പോലെയാണ് യൂറോപ്പില്‍ സ്വീകരിക്കപ്പെട്ടത്. നെഞ്ചെരിച്ചിലിന്റെയും അസിഡിറ്റിയുടെയും ദുരിതങ്ങളില്‍ നിന്ന് വളരെ കുറഞ്ഞ പാര്‍ശ്വഫലങ്ങളോടെ രക്ഷനേടാന്‍ സഹായിക്കുന്ന വിലകുറഞ്ഞ ഒരു ഗുളിക എന്നാണ് എല്ലാവരും കരുതിയത്.
അതുകൊണ്ടുതന്നെ, യുകെയില്‍ ഏറ്റവും കൂടുതല്‍ നിര്‍ദ്ദേശിക്കപ്പെടുന്ന മരുന്നുകളിലൊന്നായി ഒമേപ്രസോള്‍ വേഗത്തില്‍ മാറി. ഇന്ന്, ഏകദേശം ഒരു കോടി ആളുകള്‍ ഈ മരുന്നോ അല്ലെങ്കില്‍ ഇതിന് സമാനമായ ലാന്‍സോപ്രസോള്‍ പോലുള്ള മരുന്നുകളോ പതിവായി കഴിക്കുന്നുണ്ട്. ഇത് കാരണം എന്‍.എച്ച്.എസിന് പ്രതിവര്‍ഷം ഏകദേശം 300 മില്യണ്‍ പൗണ്ട് ചെലവ് വരുന്നു.
എന്നാല്‍, ഈ ഗുളികകള്‍ ചുരുങ്ങിയ കാലത്തെ ഉപയോഗത്തിനായി ഉദ്ദേശിച്ചുള്ളതാണെങ്കിലും, വര്‍ഷങ്ങളോളമോ പതിറ്റാണ്ടുകളോളമോ ആളുകള്‍ ഇത് തുടര്‍ച്ചയായി കഴിക്കുന്നത് ഗുരുതര പ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് പുതിയ കണ്ടെത്തല്‍. യുകെയില്‍ പ്രതിവര്‍ഷം 75 ദശലക്ഷത്തോളം പ്രിസ്‌ക്രിപ്ഷനുകളാണ് ഇതിനായി എഴുതപ്പെടുന്നത്.
പ്രോട്ടോണ്‍-പമ്പ് ഇന്‍ഹിബിറ്ററുകള്‍ എന്നറിയപ്പെടുന്ന ഈ മരുന്നുകള്‍ അമിതമായി നിര്‍ദ്ദേശിക്കപ്പെടുന്നുണ്ടെന്നും, ഇവ അസിഡിറ്റിയുടെ യഥാര്‍ത്ഥ കാരണത്തെയല്ല ചികിത്സിക്കുന്നതെന്നും വിദഗ്ദ്ധര്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കുന്നു. ഇവയുടെ ദീര്‍ഘകാല ഉപയോഗം ദഹനവ്യവസ്ഥയെ തകിടം മറിക്കുകയും വയറ്റിലെ അണുബാധകള്‍ക്ക് കാരണമാവുകയും ചെയ്യുമെന്നതിന് തെളിവുകളുണ്ട്.
തുടര്‍ച്ചയായി പി.പി.ഐ മരുന്നുകള്‍ കഴിക്കുന്നത് വൃക്കരോഗം, മാനസികാരോഗ്യ പ്രശ്‌നങ്ങള്‍, അസ്ഥിക്ഷയം, കാന്‍സര്‍, പാര്‍ക്കിന്‍സണ്‍സ്, ഡിമെന്‍ഷ്യ (മറവിരോഗം) എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
ജീവിതശൈലി മാറ്റങ്ങള്‍ പ്രധാനമാണ്
ഡോക്ടര്‍മാര്‍ രോഗികള്‍ക്ക് സ്വയമേവ മരുന്ന് കുറിച്ച് നല്‍കുന്നതിന് പകരം, അവരുടെ ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും മാറ്റം വരുത്താന്‍ ആവശ്യപ്പെടണമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. പല കേസുകളിലും ജീവിതശൈലിയിലെ മാറ്റങ്ങള്‍ കൊണ്ട് തന്നെ നെഞ്ചെരിച്ചില്‍ പൂര്‍ണ്ണമായി മാറ്റാന്‍ സാധിക്കും.
ഈ മരുന്നുകള്‍ കാരണം ഉണ്ടാകുന്ന വയറുവീക്കം, അമിതമായ ഏമ്പക്കം, വയറിളക്കം, തുടര്‍ച്ചയായ ഗ്യാസ്‌ട്രോഎന്‍ട്രൈറ്റിസ് (വയറിളക്ക രോഗങ്ങള്‍) തുടങ്ങിയ ലക്ഷണങ്ങളെക്കുറിച്ച് രോഗികള്‍ ബോധവാന്മാരായിരിക്കണമെന്നും വിദഗ്ദ്ധര്‍ പറയുന്നു.
'ഇതൊരു വലിയ പ്രശ്‌നമാണ്' - പ്രൊഫസര്‍ ആന്റണി ഹോബ്‌സണ്‍ (ക്ലിനിക്കല്‍ ഗ്യാസ്‌ട്രോഇന്റസ്‌റ്റൈനല്‍ സയന്റിസ്റ്റ്)
35 വര്‍ഷമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രൊഫസര്‍ ഹോബ്‌സണ്‍ പറയുന്നു: 'ദശലക്ഷക്കണക്കിന് ആളുകള്‍ തങ്ങളുടെ പ്രശ്‌നം പരിഹരിക്കാന്‍ സഹായിക്കാത്തതും എന്നാല്‍ ഗുരുതരമായ ദോഷം വരുത്തിവെച്ചേക്കാവുന്നതുമായ ഗുളികകള്‍ ആവശ്യമില്ലാതെ കഴിക്കുന്നുണ്ട്. ശരിയായി ഉപയോഗിച്ചാല്‍ ഈ മരുന്നുകള്‍ മികച്ചതാണ്. എന്നാല്‍ രോഗം മാറിയ ശേഷവും വര്‍ഷങ്ങളോളം ഇത് തുടരുന്നത് 'അലസമായ ചികില്‍സാരീതി' ആണ്.'
എന്തുകൊണ്ടാണ് അസിഡിറ്റി ഉണ്ടാകുന്നത്?
ബ്രിട്ടനിലെ അഞ്ചില്‍ ഒരാള്‍ക്ക് അസിഡിറ്റി പ്രശ്‌നമുണ്ട്. വയറ്റിലെ ആസിഡ് അന്നനാളത്തിലേക്കും തൊണ്ടയിലേക്കും തിരിച്ചൊഴുകി നെഞ്ചെരിച്ചിലും വേദനയും ഉണ്ടാക്കുന്ന അവസ്ഥയാണിത്. ഇത് ചികിത്സിക്കാതെ വിട്ടാല്‍ അന്നനാളത്തില്‍ വ്രണങ്ങളും കാന്‍സര്‍ സാധ്യതയും ഉണ്ടായേക്കാം.
കൊഴുപ്പുള്ള ഭക്ഷണങ്ങള്‍, മദ്യം, കഫീന്‍ (ചായ, കാപ്പി) എന്നിവയുടെ അമിത ഉപയോഗം. പുകവലി, അമിതവണ്ണം, മാനസിക സമ്മര്‍ദ്ദം, ഗര്‍ഭകാലം എന്നിവയൊക്കെ അസിഡിറ്റിക്കു കാരണമാണ്.
ദീര്‍ഘകാല ഉപയോഗത്തിന്റെ ദോഷങ്ങള്‍
പി.പി.ഐ മരുന്നുകള്‍ വയറ്റിലെ ആസിഡിന്റെ ഉത്പാദനം 80 ശതമാനത്തോളം കുറയ്ക്കുന്നു. ആസിഡ് കുറയുമ്പോള്‍ ശരീരത്തിന് വിറ്റാമിന്‍ ബി12, കാല്‍സ്യം, മഗ്‌നീഷ്യം എന്നിവ ഭക്ഷണത്തില്‍ നിന്ന് ആഗിരണം ചെയ്യാന്‍ കഴിയില്ല. ഇത് നാഡീവ്യൂഹത്തെ ബാധിക്കുകയും മറവിരോഗത്തിന് കാരണമാവുകയും ചെയ്യാം.
കൂടാതെ, വയറ്റിലെ ആസിഡ് കുറയുന്നത് ദോഷകരമായ ബാക്ടീരിയകളെ നശിപ്പിക്കുന്നതിനെ തടസ്സപ്പെടുത്തുന്നു. ഇത് കാരണം ദീര്‍ഘകാലമായി ഈ മരുന്ന് കഴിക്കുന്നവര്‍ക്ക് വയറിളക്കവും മറ്റ് അണുബാധകളും വരാനുള്ള സാധ്യത അഞ്ചു മങ്ങ് കൂടുതലാണ്.
രോഗികള്‍ എന്തുചെയ്യണം?
നിങ്ങള്‍ ദീര്‍ഘകാലമായി ഇത്തരം ഗുളികകള്‍ കഴിക്കുന്ന ആളാണെങ്കില്‍, ഡോക്ടറെ കണ്ട് സംസാരിക്കുക. എന്നാല്‍ ഈ മരുന്ന് പെട്ടെന്ന് കഴിക്കുന്നത് നിര്‍ത്തരുത്. പെട്ടെന്ന് നിര്‍ത്തിയാല്‍ വയറ്റില്‍ ആസിഡ് കൂടുതല്‍ ഉത്പാദിപ്പിക്കപ്പെടുകയും നെഞ്ചെരിച്ചില്‍ കഠിനമാവുകയും ചെയ്യും. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ആഴ്ചകള്‍ കൊണ്ട് അളവ് കുറച്ചുകൊണ്ടുവന്ന് വേണം നിര്‍ത്താന്‍.
കമ്പനി ഡയറക്ടറായ ജെറമി അസ്‌ഫോര്‍ (48) തുടര്‍ച്ചയായി 16 വര്‍ഷം ഒമേപ്രസോള്‍ കഴിച്ചതിനെ തുടര്‍ന്ന് ക്രോണിക് കിഡ്‌നി ഡിസീസ് ബാധിച്ചു. 2008-ല്‍ കഠിനമായ അസിഡിറ്റി കാരണമാണ് അദ്ദേഹം ഈ മരുന്ന് കഴിക്കാന്‍ തുടങ്ങിയത്. ഡോക്ടര്‍മാര്‍ പിന്നീട് പ്രിസ്‌ക്രിപ്ഷന്‍ പുതുക്കി നല്‍കിക്കൊണ്ടേയിരുന്നു.
2024-ല്‍ നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് വൃക്കരോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് മാസങ്ങള്‍ കൊണ്ട് അദ്ദേഹം ഒമേപ്രസോള്‍ കഴിക്കുന്നത് പൂര്‍ണ്ണമായി നിര്‍ത്തി. രണ്ട് വര്‍ഷത്തിന് ശേഷം അദ്ദേഹത്തിന്റെ വൃക്കകളുടെ ആരോഗ്യം മെച്ചപ്പെട്ടു. ഇപ്പോള്‍ ഭക്ഷണക്രമീകരണത്തിലൂടെയും ധ്യാനത്തിലൂടെയും വൈകിട്ട് 6.30-ന് ശേഷം ഭക്ഷണം കഴിക്കാതിരുന്നും അദ്ദേഹം തന്റെ അസിഡിറ്റി നിയന്ത്രിക്കുന്നു.
-കടപ്പാട് ഡെയ്‌ലി മെയില്‍



COMMENTS