തിരുവനന്തപുരം : വി ഡി സതീശൻ സർക്കാരിനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. യുഡിഎഫ് സർക്കാരിന് സംഘപരിവാർ വിധേയത്വമെന്നും ...
തിരുവനന്തപുരം : വി ഡി സതീശൻ സർക്കാരിനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. യുഡിഎഫ് സർക്കാരിന് സംഘപരിവാർ വിധേയത്വമെന്നും വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ നിന്ന് സർക്കാർ പിന്നോട്ട് പോയെന്നുമാണ് വിമർശനം. പകർച്ചവ്യാധി, വന്യജീവി ആക്രമണം ഉൾപ്പെടെ ചൂണ്ടിക്കാട്ടിയും യുഡിഎഫ് സർക്കാരിനെ പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തുന്നു. സിപിഐഎം, സിപിഐ മുഖപത്രങ്ങളായ ദേശാഭിമാനിയിലും ജനയുഗത്തിലും എഴുതിയ ലേഖനത്തിലാണ് പ്രതിപക്ഷനേതാവിന്റെ വിമർശനം.
ധവളപത്രം എൽഡിഎഫ് സർക്കാരിന്റെ നയങ്ങളുടെ അടിവേരിളക്കുന്ന രേഖയായി. നെഹ്‌റുവിയൻ സോഷ്യലിസ്റ്റ് നയങ്ങളിൽ നിന്ന് വി ഡി സതീശൻ വ്യതിചലിച്ചുവെന്നും പിണറായി വിജയന്റെ വിമർശനം.യുഡിഎഫ് മുന്നോട്ടുവെക്കുന്ന പുതുയുഗം നാളിതുവരെ കേരളം കാത്തുസൂക്ഷിച്ച മതനിരപേക്ഷ ജനാധിപത്യ പാരമ്പര്യത്തിന് തുരങ്കം വയ്ക്കാനുള്ള മുദ്രവാക്യം മാത്രമാണെന്ന സൂചനയാണ് കഴിഞ്ഞുപോയ ഒരു മാസം വെളിവാക്കുന്നതെന്ന് പിണറായി വിജയൻ പറഞ്ഞു.
കേന്ദ്ര നയത്തിനെതിരെ ഒരക്ഷരം പോലും ഉരിയാടുന്നില്ല. സംസ്ഥാനത്തിന്റെ തന്ത്രപ്രധാനമായ ഇടങ്ങളെല്ലാം സ്വകാര്യ മേഖലയ്ക്ക് നൽകാനുള്ള അണിയറ പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന് അദേഹം ആരോപിച്ചു. സർക്കാരിന്റെ സത്യപ്രതിജ്ഞ വരെ സംഘപരിവാറിന് വഴങ്ങിക്കൊടുത്തു. ആർഎസ്എസ് പരിപാടിയിൽ മൂന്നു വിസിമാർ പങ്കെടുത്തതിൽ മുഖ്യമന്ത്രിക്ക് മൗനം. ഗവർണറുമായി ഏറ്റുമുട്ടലിന് ഇല്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി പറയുന്നു. പി എം ശ്രീ വിഷയത്തിലും യുഡിഎഫ് സർക്കാർ നയങ്ങളിൽ നിന്ന് വ്യതിചലിച്ചു. യുഡിഎഫ് വാഗ്ദാനങ്ങൾ വോട്ട് തേടാനുള്ള തന്ത്രമെന്ന് പിണറായി വിജയൻ വിമർശിച്ചു.
Key Words : VD Satheesan, Pinarayi Vijayan, RSS

COMMENTS