ന്യൂജഴ്സി : സൂപ്പർ താരം നെയ്മാറെ ഫുട്ബോൾ ചരിത്രത്തിലെ ആദ്യത്തെ ‘വർക്ക് ഫ്രം ഹോം’ (ഹോം ഓഫീസ്) ദേശീയ താരം എന്ന് വിളിച്ച് പരിഹസിച്ച് ബ്രസീൽ പ്ര...
ന്യൂജഴ്സി : സൂപ്പർ താരം നെയ്മാറെ ഫുട്ബോൾ ചരിത്രത്തിലെ ആദ്യത്തെ ‘വർക്ക് ഫ്രം ഹോം’ (ഹോം ഓഫീസ്) ദേശീയ താരം എന്ന് വിളിച്ച് പരിഹസിച്ച് ബ്രസീൽ പ്രസിഡന്റ് ലുല ഡാ സിൽവ. 2026 ഫിഫ ലോകകപ്പ് മത്സരങ്ങൾ നടക്കുമ്പോഴും പരിക്കേറ്റ് കളത്തിന് പുറത്തിരിക്കുന്ന താരത്തെയാണ് ലുല പരസ്യമായി ട്രോളിയത്. ബെലോ ഹൊറിസോണ്ടെയിൽ നടന്ന ഒരു പൊതുപരിപാടിക്കിടെയായിരുന്നു സംഭവം.
പരിപാടിക്കിടെ സദസ്സിലുണ്ടായിരുന്ന ഒരു കുട്ടിയോട് ബ്രസീൽ ടീമിലെ നിലവിലെ ഏറ്റവും മികച്ച താരം ആരാണെന്ന് പ്രസിഡന്റ് ചോദിച്ചു. കുട്ടി 'നെയ്മർ' എന്ന് മറുപടി നൽകിയതോടെയാണ് ലുല പരിഹാസവുമായി രംഗത്തെത്തിയത്. "നെയ്മർ ഇപ്പോൾ കളിക്കുന്നതേയില്ലല്ലോ സുഹൃത്തേ, അവൻ ലോകത്തിലെ ആദ്യത്തെ ഹോം ഓഫീസ് കളിക്കാരനാണ്" എന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള ലുലയുടെ മറുപടി.
ഇന്റർനെറ്റിൽ കണ്ട ഒരു തമാശയാണിതെന്ന് വ്യക്തമാക്കിയ ലുല, കളിക്കാർക്ക് ഇങ്ങനെ പരിക്കേൽക്കുകയാണെങ്കിൽ ഭാവിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് 11 പെലെമാരെ സൃഷ്ടിച്ച് ബ്രസീൽ ടീം ഉണ്ടാക്കേണ്ടി വരുമെന്നും കൂട്ടിച്ചേർത്തു.കാഫ് മസിലിനേറ്റ പരിക്ക് കാരണം നിലവിലെ ലോകകപ്പിലെ ബ്രസീലിന്റെ ആദ്യ രണ്ട് മത്സരങ്ങളിലും നെയ്മാറിന് കളിക്കാൻ കഴിഞ്ഞിരുന്നില്ല.
ടീം മത്സരങ്ങൾക്കായി യാത്ര ചെയ്യുമ്പോൾ താരം ന്യൂജേഴ്‌സിയിലെ ബ്രസീലിന്റെ പരിശീലന ക്യാമ്പിൽ റീഹാബിലിറ്റേഷനിലാണ്.കഴിഞ്ഞ ബ്രസീൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ലുല ഡാ സിൽവയുടെ രാഷ്ട്രീയ എതിരാളിയായ മുൻ പ്രസിഡന്റ് ജെയർ ബോൾസനാരോയെ നെയ്മർ പരസ്യമായി പിന്തുണച്ചിരുന്നു. അതുകൊണ്ടുതന്നെ പ്രസിഡന്റിന്റെ ഈ പരാമർശം നിലവിൽ വലിയ രാഷ്ട്രീയ-ഫുട്ബോൾ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. അതേസമയം സ്കോട്ട്‌ലൻഡിനെതിരായ അടുത്ത നിർണായക മത്സരത്തിൽ നെയ്മർ ടീമിലേക്ക് തിരിച്ചെത്തിയേക്കുമെന്ന് കോച്ച് കാർലോ ആഞ്ചലോട്ടി വ്യക്തമാക്കിയിട്ടുണ്ട്.
Key Words : Neymar, Brazilian President

COMMENTS