കൊച്ചി : യഥാർഥ ഉടമകയുടെ അനുമതിയില്ലാതെ ഫോൺ നമ്പർ സിനിമയിൽ പ്രദർശിപ്പിച്ച സംഭവത്തിൽ ചിത്രത്തിന്റെ നിർമാതാക്കൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ ...
കൊച്ചി : യഥാർഥ ഉടമകയുടെ അനുമതിയില്ലാതെ ഫോൺ നമ്പർ സിനിമയിൽ പ്രദർശിപ്പിച്ച സംഭവത്തിൽ ചിത്രത്തിന്റെ നിർമാതാക്കൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ കോടതി നിർദേശം നൽകി. ‘ഓഫിസർ ഓൺ ഡ്യൂട്ടി’ എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് നടപടി.
വ്യക്തിവിവര ദുരുപയോഗവുമായി ബന്ധപ്പെട്ട കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്യാനാണ് സിറ്റി പൊലീസിനോട് എറണാകുളം സിജെഎം കോടതി നിർദേശിച്ചത്. ചിത്രത്തിന്റെ നിർമാതാവ് മാർട്ടിൻ പ്രക്കാട്ടിനും സഹ നിർമാതാക്കൾക്കുമെതിരെയാണ് നടപടി സ്വീകരിക്കേണ്ടതെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.
സിനിമ പ്രദർശിപ്പിച്ച ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സും വാട്ട്സ്ആപ്പും മെറ്റയും കേസിലെ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ചിത്രത്തിലെ ഒരു രംഗത്തിൽ യഥാർഥ ഫോൺ നമ്പർ പ്രദർശിപ്പിച്ചതിനെ തുടർന്ന് നമ്പറിന്റെ ഉടമയായ കണ്ണൂർ സ്വദേശിക്ക് നിരന്തരമായി കോളുകളും ഭീഷണി സന്ദേശങ്ങളും ലഭിച്ചിരുന്നതായി പരാതിയിൽ പറയുന്നു.
ഇതോടെ സ്വകാര്യ ജീവിതവും തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങളും പ്രതികൂലമായി ബാധിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം കോടതിയെ സമീപിച്ചത്. സിനിമയിൽ ഉപയോഗിച്ച ഫോൺ നമ്പറിന് പകരം ഡമ്മി നമ്പറോ സാങ്കൽപ്പിക നമ്പറോ ഉപയോഗിക്കാമായിരുന്നുവെന്നും, തന്റെ അനുമതിയില്ലാതെ വ്യക്തിഗത വിവരങ്ങൾ ഉപയോഗിച്ചത് നിയമലംഘനമാണെന്നും പരാതിക്കാരൻ കോടതിയെ അറിയിച്ചു.
ഇത്തരത്തിലുള്ള നടപടികൾ ഐടി നിയമത്തിന്റെ പരിധിയിൽ കുറ്റകരമാണെന്നും അദ്ദേഹം വാദിച്ചു. സിനിമയുടെ അണിയറ പ്രവർത്തകരുടെ അശ്രദ്ധ മൂലമാണ് തനിക്ക് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നതെന്നും പരാതിയിൽ വ്യക്തമാക്കുന്നു. പരാതിയുടെ അടിസ്ഥാനത്തിലാണ് ബന്ധപ്പെട്ടവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ കോടതി പൊലീസിന് നിർദേശം നൽകിയിരിക്കുന്നത്.
Key Words : Kunchacko Boban, Officer On Duty Movie, Case

COMMENTS