ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ലക്ഷ്യമിട്ടുള്ള വെടിനിർത്തൽ ധാരണകൾ ഇസ്രയേലും അമേരിക്കയും ലംഘിച്ചതായി ആരോപിച്ച് ഇറാൻ നിർണായക ...
ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ലക്ഷ്യമിട്ടുള്ള വെടിനിർത്തൽ ധാരണകൾ ഇസ്രയേലും അമേരിക്കയും ലംഘിച്ചതായി ആരോപിച്ച് ഇറാൻ നിർണായക നീക്കത്തിലേക്ക്. ആഗോള ഇന്ധന വിപണിയുടെ ജീവനാഡിയായ ഹോർമുസ് കടലിടുക്ക് (Strait of Hormuz) ഇറാൻ സൈന്യം ഔദ്യോഗികമായി അടച്ചു. വെള്ളിയാഴ്ച നിലവിൽ വന്ന സമാധാനക്കരാറിന് പിന്നാലെ, തെക്കൻ ലെബനനിൽ ഇസ്രയേൽ നടത്തിയ വൻ വ്യോമാക്രമണങ്ങളാണ് ഇറാനെ പ്രകോപിപ്പിച്ചത്.
ലെബനൻ അടക്കമുള്ള മേഖലകളിൽ സൈനിക നടപടികൾ പൂർണ്ണമായി അവസാനിപ്പിക്കണമെന്നായിരുന്നു കരാറിലെ പ്രധാന വ്യവസ്ഥ. എന്നാൽ ഇത് കാറ്റിൽപ്പറത്തി ഇസ്രയേൽ നടത്തിയ ഡ്രോൺ-വ്യോമാക്രമണങ്ങളിൽ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു. കരാർ ഒപ്പിട്ട് ദിവസങ്ങൾക്കകം ഇസ്രയേലും യു.എസും നടത്തിയത് വ്യക്തമായ വിശ്വാസവഞ്ചനയാണെന്ന് ഇറാന്റെ സംയുക്ത സൈനിക കമാൻഡായ ഖതം അൽ-അൻബിയ പ്രസ്താവനയിൽ കുറ്റപ്പെടുത്തി. കപ്പൽ ഗതാഗതം തടഞ്ഞത് ആദ്യ പടി മാത്രമാണെന്നും പ്രകോപനം തുടർന്നാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ഇറാൻ സൈന്യം മുന്നറിയിപ്പ് നൽകി.
അതേസമയം, ഹോർമുസ് കടലിടുക്കിൽ കപ്പൽ സഞ്ചാരം തടസ്സപ്പെട്ടതിന് നിലവിൽ തെളിവുകളൊന്നുമില്ലെന്ന് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസും യു.എസ് സെൻട്രൽ കമാൻഡും (CENTCOM) പ്രതികരിച്ചു. നിലവിലെ കടുത്ത പ്രതിസന്ധിക്കിടയിലും സമാധാന കരാറിന്റെ അടുത്ത ഘട്ട ചർച്ചകൾക്കായി ഇറാൻ പ്രതിനിധികൾ സ്വിറ്റ്സർലൻഡിലേക്ക് തിരിച്ചുട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.ആഗോളതലത്തിൽ വിതരണം ചെയ്യുന്ന അസംസ്‌കൃത എണ്ണയുടെ 20 ശതമാനത്തോളം കടന്നുപോകുന്ന തന്ത്രപ്രധാനമായ പാതയായതിനാൽ ഹോർമുസ് കടലിടുക്കിലെ ഇറാന്റെ ഈ നീക്കം അന്താരാഷ്ട്ര വിപണിയിലും സുരക്ഷാ രംഗത്തും വലിയ ആശങ്കകൾക്ക് കാരണമായിട്ടുണ്ട്. എണ്ണവില കുതിച്ചുയരാൻ ഇത് ഇടയാക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
Key Words : Israel, Ceasefire, Iran, Strait of Hormuz

COMMENTS