കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാസഞ്ചർ ടെർമിനലിന് (ടി 1) നേരെ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരൻ കൊല്...
കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാസഞ്ചർ ടെർമിനലിന് (ടി 1) നേരെ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു. ആക്രമണത്തിൽ വിമാനത്താവളത്തിലെ ജീവനക്കാരുൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്.ബുധനാഴ്ചയോടെയാണ് വിമാനത്താവളത്തെ ഞെട്ടിച്ചുകൊണ്ട് ഇറാന്റെ സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോണുകൾ ടെർമിനൽ കെട്ടിടത്തിലേക്ക് പതിച്ചത്. ആക്രമണത്തിൽ ടെർമിനൽ 1 കെട്ടിടത്തിന് കനത്ത നാശനഷ്ടം സംഭവിച്ചു. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. വിമാനങ്ങൾ മറ്റ് സമീപരാജ്യങ്ങളിലെ വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടു.
കൊല്ലപ്പെട്ട ഇന്ത്യൻ പൗരന്റെ മരണം കുവൈത്തിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ചയാളുടെ കുടുംബത്തെ അനുശോചനം അറിയിച്ച എംബസി, ആവശ്യമായ എല്ലാ സഹായങ്ങളും നൽകാൻ കുവൈത്ത് അധികൃതരുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്ന് വ്യക്തമാക്കി. പരിക്കേറ്റ ഇന്ത്യക്കാരുടെ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും അടിയന്തര സഹായങ്ങൾ ഉറപ്പാക്കിയിട്ടുണ്ടെന്നും നയതന്ത്ര ഉദ്യോഗസ്ഥർ അറിയിച്ചു.മേഖലയിൽ അമേരിക്കയും ഇറാനും തമ്മിൽ നിലനിൽക്കുന്ന കടുത്ത സൈനിക സംഘർഷങ്ങളുടെ തുടർച്ചയായാണ് ഈ ആക്രമണമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. സംഭവത്തെ തുടർന്ന് കുവൈത്തിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

COMMENTS