തിരുവനന്തപുരം: കേരള സിവിൽ സർവീസിലെ അസാധാരണമായ ഉദ്യോഗസ്ഥപ്പോരിന്റെ തുടർച്ചയായി, സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെതിരെ വീണ്ടും രൂക്ഷമായ...
തിരുവനന്തപുരം: കേരള സിവിൽ സർവീസിലെ അസാധാരണമായ ഉദ്യോഗസ്ഥപ്പോരിന്റെ തുടർച്ചയായി, സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെതിരെ വീണ്ടും രൂക്ഷമായ ആരോപണങ്ങളുമായി എൻ. പ്രശാന്ത് ഐ.എ.എസ്. ചീഫ് സെക്രട്ടറി സർവീസിൽ നിന്ന് വിരമിക്കുന്ന ഇന്ന് (2026 ജൂൺ 30) തന്നെയാണ്, അദ്ദേഹത്തിന്റെ ചിത്രം സഹിതം ഫേസ്ബുക്കിൽ പ്രശാന്ത് വിവാദക്കുറിപ്പ് പങ്കുവെച്ചത്.
താൻ തന്നെയാണ് എല്ലാത്തിന്റെയും അധിപൻ എന്ന് അഹങ്കരിക്കുന്ന ആളാണ് ജയതിലക് എന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രശാന്ത് ആരോപിച്ചു. അധികാരത്തിന്റെ ശീതളഛായയിൽ മതിമറന്ന് ജീവിക്കുന്നവർ ഈ കസേരകൾ താൽക്കാലികമാണെന്ന സത്യം ഓർക്കാറില്ലെന്നും അദ്ദേഹം കുറിച്ചു. "ചിലർ അന്തസ്സോടെ പടിയിറങ്ങും, മറ്റുചിലരുടെ പടിയിറക്കത്തെ സമൂഹം വലിയൊരു ആശ്വാസത്തോടെയാണ് നോക്കിക്കാണുക" എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റിലെ പ്രധാന പരാമർശം.
മുൻപും ജയതിലകിനെതിരെ സോഷ്യൽ മീഡിയയിലൂടെ പ്രശാന്ത് പരസ്യവിമർശനം നടത്തിയിരുന്നു. ജയതിലകിനെതിരെ "മാനസികരോഗി" എന്ന് വിളിച്ചതുൾപ്പെടെയുള്ള സോഷ്യൽ മീഡിയ പരാമർശങ്ങളുടെ പേരിൽ എൻ. പ്രശാന്തിനെ സർക്കാർ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.
കൂടാതെ, ജയതിലകിന് അവിഹിത സ്വത്തുണ്ടെന്നും ചട്ടങ്ങൾ ലംഘിച്ചെന്നും കാണിച്ച് പ്രശാന്ത് മുഖ്യമന്ത്രിക്ക് ഔദ്യോഗികമായി പരാതി നൽകുകയും ചെയ്തിരുന്നു. സസ്പെൻഷൻ നടപടികൾക്ക് ശേഷം അടുത്തിടെയാണ് എൻ. പ്രശാന്ത് തിരികെ സർവീസിൽ പ്രവേശിച്ചത്.
ഇരുവരും തമ്മിലുള്ള ഭിന്നത സിവിൽ സർവീസ് വൃത്തങ്ങളിൽ വലിയ ചർച്ചയായി നിലനിൽക്കുന്നതിനിടയിലാണ്, ചീഫ് സെക്രട്ടറിയുടെ ഔദ്യോഗിക പടിയിറക്കത്തിന്റെ ദിവസം തന്നെ എൻ. പ്രശാന്ത് ഉന്നയിച്ച പുതിയ വിമർശനം വീണ്ടും വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്.
Key Words : N. Prashanth IAS ,Chief Secretary A. Jayathilak

COMMENTS