സൈബർ കുറ്റാന്വേഷണവുമായി ബന്ധപ്പെട്ട് ബാങ്ക് അക്കൗണ്ടുകൾക്ക് ഏർപ്പെടുത്തിയ ഹോൾഡ്/ഫ്രീസ് സംബന്ധിച്ച പരാതികൾ പരിഹരിക്കാൻ പുതിയ GRM സംവിധാനം. നാ...
സൈബർ കുറ്റാന്വേഷണവുമായി ബന്ധപ്പെട്ട് ബാങ്ക് അക്കൗണ്ടുകൾക്ക് ഏർപ്പെടുത്തിയ ഹോൾഡ്/ഫ്രീസ് സംബന്ധിച്ച പരാതികൾ പരിഹരിക്കാൻ പുതിയ GRM സംവിധാനം. നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് (NCRP) ൽ ലഭിക്കുന്ന ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് പരാതികളിലെ അന്വേഷണങ്ങളുടെ ഭാഗമായി തട്ടിപ്പിലൂടെ കൈമാറപ്പെട്ട പണത്തിന്റെ ഒഴുക്ക് കണ്ടെത്തുന്നതിലൂടെ സംശയാസ്പദമായി പണം കൈമാറ്റം ചെയ്തിരിക്കുന്ന ബാങ്ക് അക്കൗണ്ടുകളിൽ ഹോൾഡ്, ഫ്രീസ് എന്നിവ ഏർപ്പെടുത്തുകയും ചില സാഹചര്യങ്ങളിൽ ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങൾ താൽക്കാലികമായി നിയന്ത്രിക്കുകയും ചെയ്യാറുണ്ട്.
ചില സന്ദർഭങ്ങളിൽ സൈബർ തട്ടിപ്പുമായി നേരിട്ട് ബന്ധമില്ലാത്ത വ്യക്തികളുടെ അക്കൗണ്ടിലേയ്ക്ക് സൈബർ തട്ടിപ്പ് നടത്തിയവർ പണം അയക്കുന്നതുമൂലം നിരപരാധികളായ അക്കൗണ്ട് ഉടമകളുടെ അക്കൗണ്ടുകളും പണമിടപാടുകളുടെ ലെയർ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിന്റെ ഭാഗമായി ഹോൾഡ്/ഫ്രീസ് ചെയ്യപ്പെടാൻ സാധ്യതയുണ്ട്.
ഈ സാഹചര്യങ്ങളിൽ ബാധിക്കപ്പെടുന്ന അക്കൗണ്ട് ഉടമകളുടെ പരാതികൾ പരിഗണിക്കുന്നതിനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ (I4C), NCRP-CFCFRMS സംവിധാനത്തിന് കീഴിൽ Grievance Redressal Mechanism (GRM) എന്ന പുതിയ പരാതി പരിഹാര സംവിധാനം ആരംഭിച്ചത്. ബാങ്ക് അക്കൗണ്ട് തെറ്റായി ഫ്രീസ് ചെയ്തതാണെന്നോ ശമ്പള/വ്യാപാര ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന അക്കൗണ്ടുകൾ ബാധിക്കപ്പെട്ടിട്ടുണ്ടെന്നോ ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങൾ പുന:സ്ഥാപിക്കണമെന്നോ ഉള്ള പരാതികൾ അക്കൗണ്ട് ഉടമകൾക്ക് അവരുടെ ബാങ്ക് ശാഖ മുഖേന സമർപ്പിക്കാം.
ബാങ്ക് പ്രാഥമിക പരിശോധന നടത്തിയതിന് ശേഷം പരാതി GRM പോർട്ടലിൽ അപ്‌ലോഡ് ചെയ്യും. തുടർന്ന് ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥൻ പരാതിയും അനുബന്ധ രേഖകളും പണമിടപാട് വിവരങ്ങളും പരിശോധിച്ച് നിശ്ചിത സമയപരിധിക്കുള്ളിൽ നടപടി സ്വീകരിക്കും.
സൈബർ തട്ടിപ്പിന്റെ ഇരകളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനോടൊപ്പം നിരപരാധികളായ അക്കൗണ്ട് ഉടമകൾക്ക് നീതിപൂർവ്വമായ പരിഗണന ഉറപ്പാക്കുക എന്നതാണ് ഈ സംവിധാനത്തിന്റെ ലക്ഷ്യം. ഇത്തരം പ്രശ്നങ്ങൾ നേരിടുന്ന പൊതുജനങ്ങൾ നേരിട്ട് പോലീസ് സ്റ്റേഷനിൽ സമീപിക്കാതെ ബന്ധപ്പെട്ട ബാങ്ക് ശാഖയുമായി ബന്ധപ്പെട്ട് GRM സംവിധാനത്തിന്റെ സഹായം തേടാം.
GRM Link: https://ncrp-grievanceredressal.mha.gov.in/
Key Words : Bank Account, Frozen Account, GRM System

COMMENTS