2026-ലെ ഫിഫ ലോകകപ്പിനുള്ള ഖത്തർ ദേശീയ ഫുട്ബോൾ ടീമിന്റെ 26 അംഗ അന്തിമ സ്ക്വാഡിൽ മലയാളിയും . കണ്ണൂർ തലശ്ശേരി സ്വദേശിയായ മലയാളി താരം തഹ്സിൻ മുഹ...
2026-ലെ ഫിഫ ലോകകപ്പിനുള്ള ഖത്തർ ദേശീയ ഫുട്ബോൾ ടീമിന്റെ 26 അംഗ അന്തിമ സ്ക്വാഡിൽ മലയാളിയും . കണ്ണൂർ തലശ്ശേരി സ്വദേശിയായ മലയാളി താരം തഹ്സിൻ മുഹമ്മദ് ജംഷീദ് ആണ് ടീമിൽ ഇടംപിടിച്ചത്. ഒരു മലയാളി ഇതാദ്യമായാണ് ഫിഫ ലോകകപ്പിനുള്ള ഒരു ദേശീയ ടീമിൽ ഇടംപിടിക്കുന്നത്. ഇന്ത്യയുടെ ലോകകപ്പ് യോഗ്യത ഇപ്പോഴും വിദൂര സ്വപ്നമായി തുടരുമ്പോൾ, തഹ്സിൻ അന്തിമ ഇലവനിൽക്കൂടി ഉൾപ്പെട്ടാൽ ലോകകപ്പ് ചരിത്രത്തിൽ അതൊരു സുവർണ അധ്യായമാകും. മുന്നേറ്റ നിരയിൽ ആവും അദ്ദേഹം കളിക്കുക
ഖത്തർ സ്റ്റാർസ് ലീഗിലെ പ്രമുഖ ക്ലബ്ബായ അല്‍ ദുഹൈലിന്റെ (Al-Duhail) താരമായ തഹ്സിൻ, ഈ പ്രശസ്തമായ ലീഗില്‍ കളിക്കുന്ന ആദ്യ ഇന്ത്യൻ വംശജൻ കൂടിയാണ്. ചെറുപ്രായത്തില്‍ തന്നെ ഖത്തറിലെ വിവിധ യൂത്ത് അക്കാദമികളുടെ ഭാഗമായിരുന്ന താരം, ദേശീയ തലത്തില്‍ ഖത്തറിന്റെ അണ്ടർ-16, അണ്ടർ-17, അണ്ടർ-19 ടീമുകള്‍ക്കായി മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്. മൈതാനത്ത് ഇടതുവിങ്ങറായി (Left Winger) കളിക്കുന്ന തഹ്സിൻ, വേഗതയേറിയ നീക്കങ്ങളിലൂടെ എതിർ പ്രതിരോധ നിരയെ കബളിപ്പിച്ച് ഗോളടിക്കുന്നതിലും സഹതാരങ്ങള്‍ക്ക് ഗോളവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും അതീവ മിടുക്കനാണ്.
ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അഫ്ഗാനിസ്ഥാനെതിരെയുള്ള മത്സരത്തിലൂടെയായിരുന്നു തഹ്സിന്റെ അന്താരാഷ്ട്ര സീനിയർ ടീം അരങ്ങേറ്റം. പിന്നീട് ഇന്ത്യക്കെതിരായ മത്സരത്തിനുള്ള സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയെങ്കിലും കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല. എന്നാല്‍ യോഗ്യതാ റൗണ്ടിലെ നിർണായകമായ അവസാന രണ്ട് മത്സരങ്ങളില്‍ തഹ്സിൻ ഖത്തറിനായി ബൂട്ടണിഞ്ഞു.
ഖത്തറില്‍ ചീഫ് അക്കൗണ്ടന്റായി ജോലി ചെയ്യുന്ന തലശ്ശേരി സ്വദേശി ഹിബാസില്‍ ജംഷീദിന്റെയും വളപട്ടണം സ്വദേശി ഷൈമയുടെയും രണ്ടാമത്തെ മകനാണ് തഹ്സിൻ മുഹമ്മദ്. ഖത്തറില്‍ തന്നെ ജനിച്ചു വളർന്ന തഹ്സിൻ കഠിനാധ്വാനത്തിലൂടെയാണ് ദേശീയ ടീമിലേക്ക് വഴിതുറന്നത്. ജൂണ്‍ 11 മുതല്‍ അമേരിക്ക, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലായി സംയുക്തമായി നടക്കുന്ന ഫിഫ ലോകകപ്പില്‍ ഗ്രൂപ്പ് ബിയിലാണ് ഖത്തർ മത്സരിക്കുന്നത്. ഇത്തവണ ലോകകപ്പ് പുല്‍മൈതാനത്ത് ഒരു മലയാളി താരം വിസ്മയം തീർക്കുന്നത് കാണാനുള്ള ആവേശത്തിലാണ് ആഗോള മലയാളി ഫുട്ബോള്‍ ആരാധകർ.
Key Words : FIFA 2026 World Cup, Qatar National Football Team

COMMENTS