തിരുവനന്തപുരം : കേരള രാഷ്ട്രീയത്തിൽ ഭരണമാറ്റമുറപ്പിച്ചതിന് പിന്നാലെ, പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുമോ എന്ന ചർച്ചകൾക്ക് വഴിമരുന്നിട്ട് മുഖ്...
തിരുവനന്തപുരം : കേരള രാഷ്ട്രീയത്തിൽ ഭരണമാറ്റമുറപ്പിച്ചതിന് പിന്നാലെ, പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുമോ എന്ന ചർച്ചകൾക്ക് വഴിമരുന്നിട്ട് മുഖ്യമന്ത്രിയുടെ ഔദ്യോഗിക മീഡിയ ഗ്രൂപ്പിന്റെ പേരുമാറ്റം. ‘ഓപ്പോസിഷൻ മീഡിയ’ എന്നാണ് ഗ്രൂപ്പിന്റെ പുതിയ പേര്. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം. മനോജാണ് പേരിൽ മാറ്റം വരുത്തിയത്.
ഗ്രൂപ്പിന്റെ ഡിസ്പ്ലേ പിക്ചറിൽ മുഖ്യമന്ത്രിയുടെ ചിത്രം തന്നെയാണ് ഇപ്പോഴുമുള്ളത്. എന്നാൽ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ട ശേഷം ഈ സ്ഥാനം ഏറ്റെടുക്കുമോ എന്ന് വ്യക്തമല്ല. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം പിണറായി വിജയൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. പിണറായി താത്പര്യക്കുറവ് അറിയിച്ചാൽ മാത്രമേ മറ്റൊരാളെ പരിഗണിക്കൂ.
പിണറായി ഇല്ലെങ്കിൽ കെ എൻ ബാലഗോപാലിനെ ആവും പ്രതിപക്ഷ നേതാവായി പരിഗണിക്കുക. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷമാണ് ഇക്കാര്യത്തിൽ ഔദ്യോഗിക തീരുമാനം ഉണ്ടാവുക. തോൽവിയുടെ ഞെട്ടലിലാണ് സിപിഎം നേതാക്കൾ എന്നതിനാൽ കാര്യമായ കൂടിയാലോചനകൾ നടന്നിട്ടില്ല. സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും ധനകാര്യ മന്ത്രിയുമായിരുന്ന കെ എൻ ബാലഗോപാലിനെ പരിഗണിക്കുമോ അതോ ആദ്യത്തെ ഒന്നോ രണ്ടോ വർഷം പിണറായി തന്നെ ആ സ്ഥാനം ഏറ്റെടുത്ത ശേഷം ഒഴിയുമോ എന്നാണ് ഇനി അറിയാനുള്ളത്.
ഭരണപക്ഷ നിലയിൽ വൻ സംഖ്യ അപ്പുറത്തുള്ളപ്പോൾ പ്രതിപക്ഷത്തെ നയിക്കേണ്ടത് കരുത്തനായ നേതാവാണെന്ന ചർച്ചക്കൊടുവിൽ പിണറായി തന്നെ പ്രതിപക്ഷ നേതാവാകാൻ സാധ്യതയുണ്ട്.
Key Words : Pinarayi Vijayan


COMMENTS