തിരുവനന്തപുരം : കോണ്‍ഗ്രസിലെ മുഖ്യമന്ത്രി നിർണായക ചർച്ച നാളെ ഡൽഹിയിൽ നടക്കും. വി ഡി സതീശനും, രമേശ് ചെന്നിത്തലയും, സണ്ണി തോമസും ഇന്ന് വൈകിട്ട...
തിരുവനന്തപുരം : കോണ്‍ഗ്രസിലെ മുഖ്യമന്ത്രി നിർണായക ചർച്ച നാളെ ഡൽഹിയിൽ നടക്കും. വി ഡി സതീശനും, രമേശ് ചെന്നിത്തലയും, സണ്ണി തോമസും ഇന്ന് വൈകിട്ടോടെ തലസ്ഥാനത്ത് എത്തും. വേണുഗോപാൽ ഡൽഹിയിൽ തന്നെ ഉണ്ട്.
കേരളത്തിലെ നിരീക്ഷകർ തയ്യാറാക്കിയ റിപ്പോർട്ട് എ ഐ സി സി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടില്‍ വി ഡി സതീശന് അനുകൂലമായ ജനവികാരത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. എന്നാല്‍ എം എല്‍ എമാരുടെ പിന്തുണ കെ സി വേണുഗോപാലിനൊപ്പമാണ്.
ഈ വിവരം രാഹുല്‍ ഗാന്ധിയെ അനൗദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. ഹൈക്കമാൻഡിലെ മുതിർന്ന നേതാക്കളില്‍ പലരും കെ സി വേണുഗോപാല്‍ സ്വയം പിൻവാങ്ങണമെന്ന സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നാണ് അറിയുന്നത്. നേതാക്കളുടെ സമ്മർദ്ദത്തിന് കെ സി വേണുഗോപാല്‍ വഴങ്ങുകയാണെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം വി ഡി സതീശന് നല്‍കേണ്ടിവരും.
കഴിഞ്ഞ ദിവസം നിരീക്ഷക സംഘം ഘടകക്ഷികളുമായി നടത്തിയ ചർച്ചയിലും വി ഡി സതീശനായിരുന്നു പിന്തുണ കൂടുതല്‍. ഹൈക്കമാൻഡിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാല്‍ വിഡി സതീശനിലേക്ക് തന്നെ മുഖ്യമന്ത്രി പദമെത്തും.
എന്നാല്‍ കെ സി വേണുഗോപാല്‍ സ്വയം പിൻമാറുകയാണെങ്കില്‍ അദ്ദേഹം ആരെ നിർദ്ദേശിക്കുമെന്ന കാര്യത്തിലും വ്യക്തതയില്ല. ഇനി രമേശ് ചെന്നിത്തലയുടെ പേര് കെ സി നിർദ്ദേശിച്ചാല്‍ മുഖ്യമന്ത്രി ചർച്ച വീണ്ടും നീണ്ടേക്കും. മുസ്ലിം ലീഗും കേരള കോണ്‍ഗ്രസ് അടക്കമുള്ള ഘടകകക്ഷികളുടെ പിന്തുണ സതീശനാണ്. മറ്റ് ഘടകകക്ഷികള്‍ക്ക് സതീശൻ അല്ലെങ്കില്‍ ചെന്നിത്തല എന്നാണ് അഭിപ്രായം. സിറ്റിംഗ് എം എല്‍ എ മുഖ്യമന്ത്രിയാവണമെന്ന് കേരള കോണ്‍ഗ്രസ്.
Key Words : Kerala CM Post, KC Venugopal, VD Satheesan

COMMENTS