ചെന്നൈ: സിനിമയിലെ തന്റെ ട്രേഡ്‌മാർക്ക് ശൈലിയായ 'കുട്ടി സ്റ്റോറി' നിയമസഭയിലും പയറ്റി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്. സഭാ സ്പീക്കറായി ജ...
ചെന്നൈ: സിനിമയിലെ തന്റെ ട്രേഡ്‌മാർക്ക് ശൈലിയായ 'കുട്ടി സ്റ്റോറി' നിയമസഭയിലും പയറ്റി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്. സഭാ സ്പീക്കറായി ജെ.സി.ഡി പ്രഭാകറെ തിരഞ്ഞെടുത്തതിന് പിന്നാലെ മുഖ്യമന്ത്രി നടത്തിയ കന്നി പ്രസംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും രാഷ്ട്രീയ വൃത്തങ്ങളിലും ചർച്ചയാകുന്നത്.
ബ്രിട്ടീഷ് പാർലമെന്ററി ചരിത്രത്തിലെ രസകരവും എന്നാൽ ഗൗരവമേറിയതുമായ ഒരു കഥയാണ് വിജയ് സഭയിൽ പങ്കുവെച്ചത്. പണ്ട് ബ്രിട്ടനിൽ സ്പീക്കർ പദവി എന്നത് അത്ര സുഖകരമായ ഒന്നായിരുന്നില്ലെന്ന് വിജയ് ഓർമ്മിപ്പിച്ചു. സഭയുടെ തീരുമാനങ്ങൾ രാജാവിനെ അറിയിക്കേണ്ടത് സ്പീക്കറുടെ ചുമതലയായിരുന്നു. തീരുമാനങ്ങൾ രാജാവിന് ഇഷ്ടപ്പെട്ടില്ലെങ്കിൽ സ്പീക്കറുടെ തല കൊയ്യുന്നതായിരുന്നു അന്നത്തെ രീതി.ജീവഭയം കാരണം തിരഞ്ഞെടുക്കപ്പെടുന്നവർ സ്പീക്കർ കസേരയിൽ ഇരിക്കാൻ മടിക്കുകയും ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്യുമായിരുന്നു. ഇത്തരത്തിൽ ഓടിപ്പോകുന്ന സ്പീക്കറെ ഭരണപക്ഷ-പ്രതിപക്ഷ നേതാക്കൾ ചേർന്ന് ബലമായി പിടിച്ചുകൊണ്ടുവന്ന് കസേരയിൽ ഇരുത്തുന്ന ഒരു പാരമ്പര്യം അവിടെ നിലനിന്നിരുന്നു. ഈ ചരിത്ര പശ്ചാത്തലമാണ് ഇന്നും പുതിയ സ്പീക്കറെ ഭരണ-പ്രതിപക്ഷ നേതാക്കൾ ചേർന്ന് ഇരിപ്പിടത്തിലേക്ക് ആനയിക്കുന്ന ചടങ്ങിന് പിന്നിലെന്നും വിജയ് തന്റെ പ്രസംഗത്തിൽ വ്യക്തമാക്കി.
പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനും മുതിർന്ന നേതാവ് ചെങ്കോട്ടയനും ചേർന്നാണ് പുതിയ സ്പീക്കറെ ഇരിപ്പിടത്തിലേക്ക് ആനയിച്ചത്. തന്റെ രാഷ്ട്രീയ എതിരാളികളെ സാക്ഷിയാക്കി, രാഷ്ട്രീയത്തിന് അതീതമായ പാർലമെന്ററി മര്യാദകളെക്കുറിച്ചും കീഴ്വഴക്കങ്ങളെക്കുറിച്ചും വിജയ് സംസാരിച്ചത് ശ്രദ്ധേയമായി.മുഖ്യമന്ത്രിയായ ശേഷം സ്കൂളുകൾക്കും ആരാധനാലയങ്ങൾക്കും സമീപമുള്ള 717 മദ്യഷാപ്പുകൾ നിർത്തലാക്കാൻ ഉത്തരവിട്ട വിജയ്‌യുടെ ആദ്യ ഭരണപരമായ നീക്കവും വലിയ കൈയടി നേടിയിരുന്നു. ഇതിന് പിന്നാലെയാണ് സഭയിലെ പ്രസംഗത്തിലൂടെ അദ്ദേഹം വീണ്ടും ജനശ്രദ്ധ പിടിച്ചുപറ്റുന്നത്.
Key Words : Vijay, TVK

COMMENTS