ടെഹ്റാൻ: താൽക്കാലിക വെടിനിർത്തലും സമാധാന ചർച്ചകളും പുരോഗമിക്കുന്നതിനിടെ ഇറാനെതിരെ അമേരിക്ക പുതിയ സൈനിക ആക്രമണം നടത്തിയതോടെ ആഗോള വിപണിയിൽ എണ്...
ടെഹ്റാൻ: താൽക്കാലിക വെടിനിർത്തലും സമാധാന ചർച്ചകളും പുരോഗമിക്കുന്നതിനിടെ ഇറാനെതിരെ അമേരിക്ക പുതിയ സൈനിക ആക്രമണം നടത്തിയതോടെ ആഗോള വിപണിയിൽ എണ്ണവില വീണ്ടും കുതിച്ചുയർന്നു. ഇറാനിലെ പ്രധാന തുറമുഖ നഗരമായ ബന്ദർ അബ്ബാസിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയാണ് യുഎസ് സെൻട്രൽ കമാൻഡ് ശക്തമായ വ്യോമാക്രമണം നടത്തിയത്. ഹോർമുസ് കടലിടുക്കിന് ഭീഷണിയുയർത്തിയ നാല് ഇറാനിയൻ ഡ്രോണുകൾ വെടിവെച്ചിട്ടതായും യുഎസ് സൈന്യം വ്യക്തമാക്കി.
ആക്രമണ വാർത്ത പുറത്തുവന്നതോടെ രാജ്യാന്തര വിപണിയിൽ ബ്രെൻ്റ് ക്രൂഡ് വില 3.75 ശതമാനം വർദ്ധിച്ച് ബാരലിന് 97.83 ഡോളറിലെത്തി. യുഎസ് വിപണിയിലെ ഡബ്ല്യു.ടി.ഐ ക്രൂഡ് ഓയിൽ വില 4 ശതമാനം ഉയർന്ന് ബാരലിന് 92.22 ഡോളറിലുമെത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ ലക്ഷ്യത്തിലെത്തുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞ ദിവസങ്ങളിൽ എണ്ണവില 5 ശതമാനത്തിലധികം ഇടിഞ്ഞ് ബാരലിന് 100 ഡോളറിന് താഴേക്ക് വന്നിരുന്നു. എന്നാൽ പുതിയ സൈനിക നടപടിയോടെ വിപണിയിൽ വീണ്ടും ആശങ്ക പടരുകയായിരുന്നു.
ലോകത്തിലെ ആകെ എണ്ണ-പ്രകൃതി വാതക വിതരണത്തിൻ്റെ അഞ്ചിലൊന്നും കടന്നുപോകുന്ന തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം കഴിഞ്ഞ മൂന്ന് മാസമായി തുടരുന്ന സംഘർഷം കാരണം ഏതാണ്ട് പൂർണ്ണമായി തടസ്സപ്പെട്ടിരിക്കുകയാണ്. യുഎസ് ആക്രമണത്തിന് തിരിച്ചടിയായി ഇറാൻ്റെ റെവല്യൂഷണറി ഗാർഡ് ഒരു യുഎസ് വ്യോമതാവളം ലക്ഷ്യമിട്ടതായും റിപ്പോർട്ടുകളുണ്ട്.
എണ്ണവില ഉയരുന്നത് ആഗോളതലത്തിൽ പണപ്പെരുപ്പം വർദ്ധിപ്പിക്കുമെന്നും ഇന്ത്യ, ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ ഇത് ദോഷകരമായി ബാധിക്കുമെന്നും ഇൻ്റർനാഷണൽ എനർജി ഏജൻസി മുന്നറിയിപ്പ് നൽകി. ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി തുറക്കുന്ന തരത്തിൽ ഒരു ശാശ്വത സമാധാന കരാർ ഉണ്ടാകുന്നതുവരെ വിപണിയിലെ ഈ അസ്ഥിരത തുടരുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തൽ.
Key Words : Iran war, oil price

COMMENTS