കൊൽക്കത്ത: ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് (പിഎ) ചന്ദ്രനാഥ് രാഥിനെ കൊലപ്പെടുത്തിയ കേസിലെ മൂന്ന് വാടകക്കൊലയാളിക...
കൊൽക്കത്ത: ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് (പിഎ) ചന്ദ്രനാഥ് രാഥിനെ കൊലപ്പെടുത്തിയ കേസിലെ മൂന്ന് വാടകക്കൊലയാളികളെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ശേഷം രക്ഷപെടാൻ ശ്രമിച്ച പ്രതികൾ ടോൾ പ്ലാസയിൽ നടത്തിയ യുപിഐ (UPI) ഇടപാടാണ് അന്വേഷണത്തിൽ നിർണ്ണായകമായത്.മെയ് 6-ന് രാത്രി പത്ത് മണിയോടെ നോർത്ത് 24 പർഗാനാസിലെ മധ്യഗ്രാമിൽ വെച്ചാണ് ചന്ദ്രനാഥ് രാഥ് വെടിയേറ്റ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ അക്രമികൾ ഇദ്ദേഹത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഉത്തർപ്രദേശിലേക്ക് കടന്ന പ്രതികളെ സിസിടിവി ദൃശ്യങ്ങളുടെയും ഡിജിറ്റൽ ഇടപാടുകളുടെയും സഹായത്തോടെയാണ് ബംഗാൾ പോലീസ് പിടികൂടിയത്.
പ്രതികൾ സഞ്ചരിച്ചിരുന്ന കാർ ബാലിയിലെ ടോൾ പ്ലാസ കടന്നുപോയപ്പോൾ ടോൾ തുക യുപിഐ വഴി അടച്ചിരുന്നു. ഈ ട്രാൻസാക്ഷൻ ഐഡി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം പ്രതികളുടെ മൊബൈൽ നമ്പറിലേക്കും തുടർന്ന് താമസസ്ഥലത്തേക്കും പോലീസിനെ എത്തിച്ചു. ഉത്തർപ്രദേശ്, ബീഹാർ സ്വദേശികളായ വിശാൽ ശ്രീവാസ്തവ, രാജ് സിംഗ്, മയങ്ക് മിശ്ര എന്നിവരാണ് പിടിയിലായത്. ഇതിൽ വിശാൽ ശ്രീവാസ്തവ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കൂടിയായ ചന്ദ്രനാഥ് രാഥിൻ്റെ കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് സുവേന്ദു അധികാരി ആരോപിച്ചു. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Key Words : Suvendu Adhikari, Murder, Arrest

COMMENTS