വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന വാണിജ്യ കപ്പലുകളെ സൈനിക അകമ്പടിയോടെ മോചിപ്പിക്കാനായി അമേരിക്ക ആരംഭിച്ച 'ഓപ്പറേഷൻ പ്ര...
വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന വാണിജ്യ കപ്പലുകളെ സൈനിക അകമ്പടിയോടെ മോചിപ്പിക്കാനായി അമേരിക്ക ആരംഭിച്ച 'ഓപ്പറേഷൻ പ്രോജക്ട് ഫ്രീഡം' താൽക്കാലികമായി നിർത്തിവയ്ക്കുന്നതായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു.
ഇറാനുമായുള്ള നയതന്ത്ര ചർച്ചകളിൽ വൻ പുരോഗതി ഉണ്ടായ സാഹചര്യത്തിലാണ് ഈ തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇറാനുമായി ഒരു അന്തിമ കരാറിൽ എത്തുന്നതിന് സാധ്യമായ പുരോഗതി ഉണ്ടായതായും, പാകിസ്ഥാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ അഭ്യർത്ഥന മാനിച്ചാണ് സൈനിക നടപടി നിർത്തിവയ്ക്കുന്നതെന്നും ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു.
ഹോർമുസ് കടലിടുക്ക് അടച്ചതിനെത്തുടർന്ന് അവിടെ കുടുങ്ങിയ കപ്പലുകളിലെ ഏകദേശം 20,000-ത്തോളം ജീവനക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് ഈ ദൗത്യം ആരംഭിച്ചത്. ഇതിൽ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള നിരവധി നാവികരും ഉൾപ്പെടുന്നു. കപ്പലുകൾക്ക് അകമ്പടി നൽകുന്ന ദൗത്യം നിർത്തിയെങ്കിലും ഇറാൻ തുറമുഖങ്ങൾക്കെതിരെയുള്ള നാവിക ഉപരോധം ശക്തമായി തുടരുമെന്ന് ട്രംപ് ആവർത്തിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ മേഖലയിൽ യുഎസ്-ഇറാൻ സൈനികർ തമ്മിൽ നേരിയ ഏറ്റുമുട്ടലുകൾ നടന്നിരുന്നു. അമേരിക്ക ആറ് ഇറാനിയൻ ബോട്ടുകൾ തകർത്തതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ചർച്ചകളിലൂടെ സമാധാനം പുനഃസ്ഥാപിക്കാനാണ് ഇപ്പോൾ മുൻഗണന നൽകുന്നത്.
Key Words : Donald Trump, Strait of Hormuz, Operation Project Freedom

COMMENTS