വാഷിംഗ്ടൺ: മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവെച്ച വെടിനിർത്തൽ കരാറിനോടുള്ള ഇറാൻ്റെ പ്രതികരണം പ്രസിഡൻ്റ് ഡോണൾഡ് ട്ര...
വാഷിംഗ്ടൺ: മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവെച്ച വെടിനിർത്തൽ കരാറിനോടുള്ള ഇറാൻ്റെ പ്രതികരണം പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് തള്ളി. പാകിസ്താൻ വഴി ഇറാൻ കൈമാറിയ മറുപടി "തികച്ചും അസ്വീകാര്യം" ആണെന്ന് ട്രംപ് വ്യക്തമാക്കി. ലെബനൻ ഉൾപ്പെടെയുള്ള മേഖലകളിൽ യുദ്ധം പൂർണ്ണമായി അവസാനിപ്പിക്കണമെന്ന ആവശ്യമാണ് ഇറാൻ മുന്നോട്ടുവെച്ചത്. എന്നാൽ, കൂടുതൽ വിശദാംശങ്ങൾ നൽകാൻ ട്രംപ് തയ്യാറായിട്ടില്ല.
മേഖലാ സുരക്ഷയും സുരക്ഷിതമായ കടൽ ഗതാഗതവും ഏതൊരു കരാറിലും ഉറപ്പാക്കണമെന്ന് ഇറാൻ ആഗ്രഹിക്കുന്നതായി ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. യുദ്ധം അവസാനിപ്പിക്കുക, ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുക, ഇറാൻ്റെ ആണവ പരിപാടി പിന്നോട്ടടിക്കുക തുടങ്ങിയ നിർദ്ദേശങ്ങളാണ് അമേരിക്കൻ അമേരിക്ക മുന്നോട്ടുവെച്ച നിർദേശത്തിലുണ്ടായിരുന്നത്. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി ഇറാൻ വാഷിംഗ്ടണുമായി "കളിക്കുകയാണെന്ന്" ട്രംപ് നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. "അവർക്ക് ഇനി ചിരിക്കാൻ കഴിയില്ല" എന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.
അതേസമയം, സംഘർഷം വർധിക്കുമ്പോഴും വാഷിംഗ്ടൺ ഇപ്പോഴും നയതന്ത്രപരമായ നീക്കങ്ങൾ തുടരുകയാണെന്ന് ഐക്യരാഷ്ട്രസഭയിലെ യുഎസ് അംബാസഡർ മൈക്ക് വാൾട്സ് പറഞ്ഞു. "സൈനിക നടപടികളിലേക്ക് മടങ്ങുന്നതിന് മുമ്പ് നയതന്ത്രത്തിന് നൽകാവുന്ന എല്ലാ സാധ്യതകളും ട്രംപ് നൽകുന്നുണ്ട്," വാൾട്സ് എബിസിയോട് പറഞ്ഞു. അതിനിടെ, ഇറാൻ്റെ പുതിയ പരമോന്നത നേതാവ് മോജ്താബ ഖമേനി മുതിർന്ന സൈനിക ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ശത്രുക്കൾക്കെതിരായ ശക്തമായ പോരാട്ടവും സൈനിക നടപടികളും തുടരുന്നതിനായി അദ്ദേഹം പുതിയ നിർദ്ദേശങ്ങൾ നൽകിയതായും ഇറാൻ്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതിനിടെ, ഗൾഫ് മേഖലയിലെ സമുദ്രാതിർത്തിയിലും വ്യോമാതിർത്തിയിലും നടന്ന പുതിയ ഡ്രോൺ ആക്രമണങ്ങൾ നിലവിലെ വെടിനിർത്തൽ ചർച്ചകളെ കൂടുതൽ സങ്കീർണ്ണമാക്കി. ഖത്തറിന് സമീപം കപ്പലിന് നേരെ ആക്രമണമുണ്ടായപ്പോൾ, യുഎഇയും കുവൈത്തും തങ്ങളുടെ വ്യോമാതിർത്തിയിൽ ഡ്രോണുകൾ അതിക്രമിച്ചു കയറിയതായി റിപ്പോർട്ട് ചെയ്തു. രണ്ട് ഡ്രോണുകൾ വെടിവെച്ചിട്ട യുഎഇ ഇതിന് പിന്നിൽ ഇറാനാണെന്ന് ആരോപിച്ചു.
ഇറാന്റെ പക്കലുള്ള 440 കിലോഗ്രാം ഉയർന്ന ശേഷിയുള്ള യുറേനിയം ശേഖരം ചർച്ചകളിലെ വലിയ തടസ്സമായി തുടരുന്നു. 60 ശതമാനം ശുദ്ധീകരിച്ച ഈ യുറേനിയം രാജ്യത്തിന് പുറത്തേക്ക് മാറ്റാതെ യുദ്ധം അവസാനിക്കില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. ഇറാനിൽ നേരിട്ട് സൈനിക ഇടപെടൽ നടത്താൻ ട്രംപ് താൽപ്പര്യം പ്രകടിപ്പിച്ചതായും നെതന്യാഹു വെളിപ്പെടുത്തി. എന്നാൽ ഈ യുറേനിയം ശേഖരം റഷ്യയിലേക്ക് മാറ്റാനുള്ള വ്ളാഡിമിർ പുടിന്റെ നിർദ്ദേശം ഇപ്പോഴും പരിഗണനയിലാണ്.
തങ്ങളുടെ യുറേനിയം ശേഖരണ കേന്ദ്രങ്ങൾ സംരക്ഷിക്കാൻ സൈന്യം സജ്ജമാണെന്ന് ഇറാൻ അറിയിച്ചു. കൂടാതെ, ഹോർമുസ് കടലിടുക്കിൽ ഫ്രാൻസും ബ്രിട്ടനും ചേർന്ന് നടത്തുന്ന സുരക്ഷാ നീക്കങ്ങൾക്കെതിരെയും ഇറാൻ കർശന മുന്നറിയിപ്പ് നൽകി. രാജ്യാന്തര നിയമങ്ങൾ ലംഘിക്കുന്ന ഇത്തരം നീക്കങ്ങളോട് സൈനികമായി പ്രതികരിക്കുമെന്നാണ് ഇറാൻ്റെ നിലപാട്.
Key Words : Donald Trump, Iran, US-proposed Ceasefire deal

COMMENTS